Ramadan | വിശുദ്ധ റമദാനിലെ അവസാന വെള്ളിയുടെ പുണ്യം നുകർന്ന് വിശ്വാസികള്‍; പുണ്യമാസത്തിന് വികാര നിർഭരമായി വിടചൊല്ലി ഖത്വീബുമാർ
* ജുമുഅ നിസ്‌കാരത്തിന് ശേഷം ഖത്വീബുമാര്‍ ഉത്ബോധനം നടത്തി
* 'ലൈലതുല്‍ ഖദ്‌റിന്' ഏറ്റവും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിൽ
കാസർകോട്: (KasargodVartha) വിശുദ്ധ റമദാനിലെ അവസാന വെള്ളിയുടെ പുണ്യം നുകർന്ന് വിശ്വാസികള്‍ മസ്ജിദുകളിലേക്ക് ഒഴുകിയെത്തി. ജുമുഅ നിസ്കാരത്തിന് എത്തിയ വിശ്വാസികളെ സാക്ഷിനിര്‍ത്തി ഖുത്ബയിൽ ഖത്വീബുമാർ വികാര നിർഭരമായി റമദാന് ഔപചാരിക വിട ചൊല്ലി. പല മസ്‌ജിദുകളിലും വിശ്വാസികളുടെ ബാഹുല്യം കാരണം അകത്തളങ്ങൾ നിറഞ്ഞുകവിഞ്ഞു.
മിക്കവരും നേരത്തെ തന്നെ പള്ളികളിലെത്തി ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും മറ്റും സമയം ചിലവഴിച്ചു. മാസങ്ങളിൽ ശ്രേഷ്ഠമായത് റമദാനും, ദിവസങ്ങളിൽ ശ്രേഷ്ഠം വെള്ളിയാഴ്ചയുമാണെന്നാണ് ഇസ്ലാമിക വിശ്വാസം. ജുമുഅ നിസ്‌കാരത്തിന് ശേഷം ഖത്വീബുമാര്‍ പ്രഭാഷണങ്ങളില്‍ റമദാന്‍ കടന്നുപോകുന്നതിന് വേദന പങ്കിട്ടു. വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മചൈതന്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം ഖത്വീബുമാര്‍ ഓർമിപ്പിച്ചു. റമദാന്‍റെ അവസാനത്തില്‍ നല്‍കേണ്ട ഫിത്‌റ് സകാതിന്‍റെ പ്രസക്തിയും നിബന്ധനകളും അവർ വിശദീകരിച്ചു.
അടുത്തവർഷങ്ങളിലും റമദാൻ നോമ്പിൽ പങ്കാളിയാക്കാൻ കഴിയണേ എന്ന പ്രാർഥനയോടെ ഈ വർഷത്തെ
പുണ്യമാസം വിടപറയുന്നതിന്റെ വേദനയിലാണ് ഏവരും മസ്ജിദുകളില്‍ നിന്ന് മടങ്ങിയത്. സ്ത്രീകള്‍ വീടുകളില്‍ ഖുര്‍ആന്‍ പാരായണം നടത്തിയും പ്രാര്‍ഥനകളാലും കഴിച്ചുകൂട്ടി. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള 'ലൈലതുല്‍ ഖദ്‌റിന്' ഏറ്റവും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത് എന്നതിനാല്‍ ഇനിയുള്ള ഓരോ നിമിഷവും വിശ്വാസികള്‍ക്ക് വിലപ്പെട്ടതാണ്. റമദാൻ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ മസ്‌ജിദുകളിലും മറ്റും പ്രത്യേക പ്രാര്‍ഥന സംഗമങ്ങളും നടക്കും.