ശിവപ്രീതിക്കായി അനുഷ്ഠിക്കാം ശിവരാത്രി വ്രതം
തിരുവനന്തപുരം: (www.kasargodvartha.com 28.02.2022) ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. പിതൃക്കള്‍ക്ക് ബലിയര്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്. വ്രതമനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.
ശിവരാത്രിയുടെ തലേ ദിവസം വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം ഉച്ചഭക്ഷണം കഴിഞ്ഞാല്‍പ്പിന്നെ അരിയാഹാരം കഴിക്കരുത്. ശിവരാത്രി ദിവസം ഉപവാസമെടുത്തോ ഒരിക്കലെടുത്തോ വ്രതമനുഷ്ഠിക്കാവുന്നതാണ്. വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ അല്ലാതെ മറ്റൊന്നും കഴിക്കരുത്. അതുപറ്റാത്തവര് ഒരിക്കലെടുക്കുക.
ഒരിക്കലെടുക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നേദ്യച്ചോര്‍ ഉച്ചയ്ക്ക് അല്പം മാത്രം ഭക്ഷിക്കണം. ശിവരാത്രി വ്രതത്തില്‍ വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. ക്ഷേത്ര ദര്‍ശനത്തിന് സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്ര നാമം, അഷ്ടോത്തരശതനാമ സ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.
വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാവുന്നതാണ്. പൂര്‍ണ ഉപവാസം നോല്‍ക്കുന്നവര്‍ അതുവരെ ജലപാനം പാടുള്ളതല്ല. ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ശരീരവും മനസും ശുദ്ധമാക്കി പഞ്ചാക്ഷരീ മന്ത്രമായ ഓം നമഃ ശിവായ ജപിച്ച് വ്രതം നോല്‍ക്കാവുന്നതാണ്. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദേശിച്ചത് ഭഗവാന് തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Mahashivratri, Religion, Temple, Rituals of Shivratri vrutham.