നാടും നഗരവും വിഷുവിനെ വരവേൽക്കാനൊരുങ്ങി; വിപണിക്ക് ആശ്വാസം, പടക്കങ്ങൾക്ക് വിലക്കുറവ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2021) സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സ്നേഹത്തിൻ്റെയും പൊൻകണിയൊരുക്കി വിഷുവിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. കോവിഡിന് ശേഷം ഇത് രണ്ടാമത്തെ വിഷുവാണ് വന്നണയുന്നത്. എന്നാൽ ഇത്തവണ കോവിഡ് നിയമം പാലിച്ച് ചെറിയ രീതിയിലെങ്കിലും വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെങ്ങുമുള്ള മലാളികൾ.
വിഷുക്കണിക്കും സദ്യക്കും വിഷുക്കോടിക്കും വേണ്ടതെല്ലാം വാങ്ങാൻ ആളുകൾ വിപണിയിലേക്ക് ഒഴുകിയെത്തിയത് നിശ്ചലമായ വിപണിക്ക് ഉണർവേകി. പച്ചക്കറി വിൽപന കേന്ദ്രങ്ങൾ, വസ്ത്രവ്യാപാര ശാലകൾ, പടക്കകടകൾ, പൂവിപണി എന്നിവയെയെല്ലാം സക്രിയമാക്കി. പല വ്യാപാരസ്ഥാപനങ്ങളും വിഷുവിനോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് ജനങ്ങളെ ആകർഷിക്കുന്നു.
വിഷുവിന് കൈനീട്ടം നൽകാൻ നാണയങ്ങളും പുത്തൻ നോട്ടുകളും പലരും മുൻകൂട്ടി ബാങ്കുകളിൽനിന്ന് ശേഖരിച്ചു. പ്രത്യേക വിഷു ചന്തകളും പ്രവർത്തനം തുടങ്ങിയിരുന്നു. കോവിഡ് രണ്ടാം തരംഗം കാരണം അതിജാഗ്രതയോടെ തന്നെയാണ് വിഷു ആഘോഷിക്കാൻ ഒരുക്കം പൂർത്തിയാക്കുന്നത്. പഴം-പച്ചക്കറി വിപണിയിൽ വിഷുവിനൊപ്പം റമദാൻ കൂടിയെത്തിയതോടെ ഉണർവ് ദൃശ്യമായിട്ടുണ്ട്. വിഷു പുലരിയിലെ കണി വിഭവങ്ങൾ വിപണിയിൽ നിറഞ്ഞു.
പച്ചക്കറിവിൽപന കേന്ദ്രങ്ങളിലെല്ലാം നാടൻ കണിവെള്ളരികൾ ഇടം പിടിച്ചിട്ടുണ്ട്. കണി മനോഹരമാക്കാൻ പഴങ്ങളുടെ വിപണിയും സജീവമായി. വിഷുവും റമദാനും ഒരുമിച്ച് വന്നതിനാൽ വിപണിയിൽ അൽപം വില കൂട്ടുതലുണ്ടെന്ന് ജനം പറയുന്നു. റമദാൻ കഴിയുന്നത് വരെ പഴ വിപണിയിൽ വിലക്കുറവിന് സാധ്യതയില്ല. എന്നാൽ തളർന്ന വിപണിയിൽ മുൻ വർഷങ്ങളെ പോലെ പൊള്ളുന്ന വിലയില്ലെന്ന് വ്യാപാരികൾ പറയുന്നു. നാടൻ വെള്ളരിക്ക് 30 മുതൽ 40 രൂപ വരെയാണ് വില. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പച്ചക്കറിക്ക് കാര്യമായ വില വർധന ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. നേന്ത്രക്കായ്ക്ക് 40 മുതൽ 45 രൂപ വരെയാണ് കിലോക്ക് വില. ഞാണിപ്പൂവന് കിലോക്ക് 45 മുതൽ 50 രൂപ വരെയും വിലയുണ്ട്. ഇത് കൂടാൻ സാധ്യതയുണ്ട് .
വിഷു കോടിക്കായി വസ്ത്രവിപണിയും സജീവമായിരുന്നു. തെരുവ് കച്ചവടക്കാരും അവരുടേതായ വിൽപനയ്ക്ക് ശ്രമിക്കുന്നുണ്ട്. വിഷു ലക്ഷ്യമാക്കി പുതിയ നിരവധി കളക്ഷനുകൾ എത്തിയിരുന്നു. പടക്ക വിപണിയും ഒരാഴ്ചയായി ഉഷാറിലാണ്. കൊറോണയുടെ പേരിട്ട പടക്കം മുതൽ കോവിഡ് കാലത്ത് പ്രചാരം നേടിയ ഡ്രോണും പടക്ക വിപണിയിലുണ്ട്. തീകൊടുത്താൽ വായുവിൽ പൊങ്ങി ഡ്രോൺ കണക്കെ ചുറ്റിക്കറങ്ങുന്ന പടക്കത്തിന് ആവശ്യക്കാരേറെയുണ്ട്. കമ്പിത്തിരി, പൂത്തിരി, നിലചക്രം തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. തമിഴ്നാട്ടിൽ നിന്നാണ് ഭൂരിഭാഗം പടക്കവും എത്തുന്നത്. മുൻ കാലങ്ങളെക്കാൾ പടക്കങ്ങൾക്ക് വില കുറവാണെന്ന് പാക്ക വ്യാപാരികൾ പറയുന്നു.
കണിക്കാഴ്ചയിലെ ഒന്നാമനായ കൊന്നപ്പൂ വാങ്ങാനും ആളുകൾ നഗരങ്ങളിൽ ഏറെയെത്തി. മലയാളികളുടെ മനസ് കീഴടക്കാൻ കൃഷ്ണവിഗ്രഹങ്ങളുമായി വിഗ്രഹക്കച്ചവടക്കാരും സജീവമാണ്. വിവിധ വർണത്തിലും വലുപ്പത്തിലുമുള്ള പ്രതിമകളാണ് വിൽപനക്ക് ഉള്ളത്. ആടയാഭരണങ്ങളിഞ്ഞ മോടിയുള്ള കൃഷ്ണ വിഗ്രഹങ്ങൾ ആരെയും ആകർഷിക്കുന്നതാണ്.
Keywords: Kanhangad, Kasaragod, Kerala, News, Vishu, Celebration, Bank, Fruits, Vegitable, Ramadan, ladies-Dress, Vishu celebrations starts; Relief for the market, discount for firecrackers.
< !- START disable copy paste -->