city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിലക്കയറ്റം സര്‍വത്ര; നോമ്പ് കാലത്ത് കനത്ത സാമ്പത്തികബാധ്യതയില്‍ കുടുംബങ്ങള്‍

ഹാഷിര്‍ മുഹമ്മദ്

കാസര്‍കോട്: (www.kasargodvartha.com 29/05/2017)
മധ്യവേനലവധി അവസാനിക്കാറാവുകയും അധ്യയന വര്‍ഷത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയും ചെയ്യുമ്പോള്‍ കുടുംബങ്ങളില്‍ ആധിയും ആശങ്കകളും ഏറെ. മക്കളെ വിദ്യാലയത്തില്‍ പറഞ്ഞു വിടേണ്ട രക്ഷിതാക്കളെ സാമ്പത്തിക ബാധ്യതകള്‍ അലട്ടുകയാണ്. നോമ്പ് കാലമായതും ചില പ്രായോഗികബുദ്ധിമുട്ടുകള്‍ കുടുംബങ്ങള്‍ക്ക് നേരിടേണ്ടിവരുന്നു.

പാഠപുസ്തകങ്ങള്‍, യൂണിഫോം, പുസ്തക സഞ്ചി, കുട, തുടങ്ങിയവക്കെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. നോട്ടു പുസ്തകങ്ങള്‍ക്കാണെങ്കിലും പല കടകളിലും പല തരത്തിലുള്ള വിലയാണ്. സ്‌കൂള്‍ വിപണി മുന്നില്‍ കണ്ട് വ്യാപാരികള്‍ എല്ലാം മുന്‍കൂട്ടി സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും വിലയിലെ കുതിച്ചുചാട്ടത്തില്‍ മാറ്റമില്ല.

വിലക്കയറ്റം സര്‍വത്ര; നോമ്പ് കാലത്ത് കനത്ത സാമ്പത്തികബാധ്യതയില്‍ കുടുംബങ്ങള്‍

നേരത്തെ പഠിച്ചു പോയ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ സൗജന്യമായി സാധാരണക്കാരായ രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി വാങ്ങാറുണ്ടെങ്കിലും അതൊക്കെ ഇപ്പോള്‍ പഴഞ്ചന്‍ സമ്പ്രദായമാണ്. ഒപ്പം പാഠപുസ്തകങ്ങള്‍ മാറ്റുമോ എന്ന ആശങ്ക കൂടിയുള്ളതിനാല്‍ പഴയ പാഠപുസ്തകങ്ങള്‍ക്കായി രക്ഷിതാക്കള്‍ കാത്തു നില്‍ക്കാറുമില്ല. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒന്ന് കൂടി വില കൂടും എന്നതിനാല്‍ നോട്ടുബുക്കുകളും, യൂണിഫോമുമെല്ലാം നേരത്തെ തന്നെ രക്ഷിതാക്കള്‍ വാങ്ങുന്നു.

ഇതിനിടയിലാണ് നോമ്പ് കാലം കൂടി വന്നിരിക്കുന്നത്. പഴവര്‍ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിപണിയില്‍ തീ വിലയാണ്. മത്സ്യമാണെങ്കില്‍ കിട്ടാനേ ഇല്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങളാണ് മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കുള്ളത്. അയക്കൂറ, ചെമ്മീന്‍ എന്നിവക്ക് 600, 500 എന്നിങ്ങനെയാണ് വില. പുഴ മീനാണെങ്കിലും വിലയില്‍ മാറ്റമില്ല. അത് കൊണ്ട് തന്നെ വിശ്വാസികള്‍ക്ക് റംസാനും ഏറെ ദുഷ്‌കരമായിട്ടുണ്ട്.

സ്‌കൂള്‍ യൂണിഫോമിന് പിന്നാലെ പെരുന്നാള്‍ ഉടുപ്പുകള്‍ കൂടി വാങ്ങേണ്ടതുണ്ടെന്ന ആശങ്കയുമുണ്ട് രക്ഷിതാക്കള്‍ക്ക്. കാസര്‍കോട്ടെ ഫാഷന്‍ വസ്ത്ര രീതികളില്‍ കണ്ണും നട്ട് വ്യാപാരികള്‍ വിവിധ മോഡലുകളിലെ ഡ്രെസ്സുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. അതാകട്ടെ താങ്ങാനാവാത്ത വിലയും. കുട്ടികള്‍ക്കാകട്ടെ പുതിയ ഫാഷന്‍ ഡ്രെസ്സുകളോടാണ് കമ്പവും.

അതിനിടെ കാലവര്‍ഷം കനിയാത്തത് സ്‌കൂളുകള്‍ തുറക്കുന്നകാര്യത്തിലും അനിശ്ചിതത്വത്തിന് കാരണമാണ്. ജൂണ്‍ അഞ്ചിന് സ്‌കൂള്‍ തുറക്കാന്‍ ഈ സാഹചര്യത്തിലാവില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സൂചന നല്‍കുന്നുണ്ട്. സ്‌കൂളുകളില്‍ ശുദ്ധജല ക്ഷാമമാണ് ഇതിനു കാരണമായി പറയുന്നത്. അത് പോലെ റംസാന്‍ കാലത്തെ ശുദ്ധജല ക്ഷാമം വിശ്വാസികള്‍ക്കും ഏറെ ദുരിതമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ഒന്നിനും തികയുന്നില്ലെന്നാണ് പരാതി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Ramadan, Family, Parents, School, Drinking Water, Complaint, Textbooks, Uniform, Book, Bag, Umbrella, Dress, Price rise; Families on heavy burden.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia