Success Story | വേറിട്ട മനുഷ്യരുടെ വേറിട്ട ജീവിതം: റഹ് മത്ത്, ജീവിതത്തിൽ തോറ്റുപോയി എന്ന് വിലപിക്കാതെ മുന്നേറിയ വനിതാ രത്‌നം
Mar 17, 2024, 22:06 IST
/ കൂക്കാനം റഹ്‌മാൻ
(KasargodVartha) ജീവിതത്തിൽ തോറ്റു പോയി എന്ന് വിലപിക്കാതെ പിടിച്ചുനിന്ന മുന്നേറിയ ഒരു വനിതാ രത്നത്തിന്റെ കഥയാണിത്. ബാല്യ കൗമാര കാലത്ത് ഏറ്റവും നന്നായി ജീവിച്ചു വന്ന ഒരു പെൺകുട്ടി. പട്ടിണിയും പരിവട്ടവും എന്താണെന്ന് അറിയാതെ കുടുംബാംഗങ്ങളുടെ തണലിൽ സന്തോഷപൂർവം ജീവിച്ചുവന്നു. സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരന്റെ ജീവിത സഖിയായി അവൾ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു. ആദ്യനാളുകൾ ഏറ്റവും സന്തോഷകരമായി ജീവിച്ചുവന്നു. ചീത്ത കൂട്ടുകെട്ടുകളിൽ പെട്ടു പോകാൻ അധികനാൾ വേണ്ടി വന്നില്ല അവന്.
പോറ്റിവളർത്തിയ ഉമ്മയെയും ജ്യേഷ്ഠന്മാരെയും അവഗണിച്ചുകൊണ്ട് അവൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നു. ഒരുപാട് തൊഴിൽ മേഖലയിൽ അവൻ തിളങ്ങി നിന്നെങ്കിലും ക്രമേണ അതൊക്കെ ഉപേക്ഷിക്കേണ്ട നിലയിലേക്ക് വന്നു. അവൾക്ക് പരമ സുഖമാണെന്നാണ് അവളുടെ വീട്ടുകാർ കരുതിയത്. സത്യം അതിൽ നിന്ന് ഏറെ അകലെയായിരുന്നു. സ്വന്തം ഭർത്താവ് എന്ത് ദ്രോഹം ചെയ്താലും അതൊക്കെ പരിഗണിക്കാതെ അദ്ദേഹത്തെ ഏറ്റവും നന്നായി പരിപാലിക്കാനും സ്നേഹിക്കാനും അവൾ തയ്യാറായി. അവൾ പട്ടിണി കിടന്നാലും അവനെ വയറു നിറക്കാൻ അവൾ പെടാപാടുപെട്ടു.
വർഷം ഒന്ന് രണ്ട് കഴിഞ്ഞപ്പോൾ അവൾ ഒരു പെൺകുട്ടിയുടെ അമ്മയായി. ആ കുട്ടിയെ സംരക്ഷിക്കുവാൻ പോലും വിഷമിച്ചു. ബന്ധു വീടുകളിലും മറ്റും പോയി ചില്ലറ സഹായങ്ങൾ ചെയ്തുകൊടുത്തു. അവിടുന്ന് ലഭിക്കുന്ന സഹായം കൊണ്ട് കുഞ്ഞിനേയും അവനെയും വളർത്തേണ്ട അവസ്ഥ പോലും സംജാതമായി . ക്രമേണ ക്രമേണ സ്വന്തം വീട്ടുകാരും ബന്ധുജനങ്ങളും അവളെ സഹായിക്കാത്ത അവസ്ഥ വന്നു. പിടിച്ചുനിൽക്കാൻ സ്വയം തയ്യൽ പഠിക്കാൻ അവൾ തയ്യാറായി. ഒരു തയ്യൽ ഷോപ്പ് ആരംഭിച്ചു ജീവിതായോധനത്തിനുള്ള വഴി കണ്ടെത്തി. സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് അവൾ തെളിയിച്ചു കൊടുത്തു. മകളെ പഠിപ്പിച്ചു.
സ്വന്തം വീട്ടുകാരും ബന്ധുജനങ്ങളും അവളെ ഒറ്റപ്പെടുത്തി. നിൽക്കക്കള്ളിയില്ലാതെ എന്തുചെയ്യണമെന്നറിയാതെ അവൾ അല്പസമയം പതറിപ്പോയി. ശാരീരികമായും മാനസികമായും തളർന്നുപോയി. എങ്കിലും ജീവിതം ഹോമിക്കില്ല എന്നവൾ ഉറച്ച തീരുമാനത്തിലെത്തി. യഥാർഥത്തിൽ അവൾ രോഗിയായിരുന്നില്ല. ഇല്ലാത്ത രോഗം ചാർത്തി കൊടുത്ത് അവളെ മാനസികമായി വീണ്ടും തളർത്തി. നല്ല വാക്സാമർത്ഥ്യമുണ്ടവൾക്ക്. തയ്യൽ ജോലിയിൽ പ്രാവീണ്യം നേടിക്കഴിഞ്ഞു. എവോൺ ലൈബ്രറിയുടെ സമീപത്തായിരുന്നു റഹ്മത്തിന്റെ തയ്യൽ ഷോപ്പ്. ലൈബ്രറിയിലെ നിത്യ സന്ദർശകിയായി അവൾ.
വായന ഹരമായി മാറിയ കാലം. വായിച്ചു തള്ളിയ പുസ്തകങ്ങൾ നിരവധി. വായന ശ്രദ്ധാപൂർവമാണ്. അതിന്റെ ഉള്ളടക്കം ഹൃദിസ്ഥമാക്കും. അത് തന്റെ ജീവിതാനുഭവവുമായി തട്ടിച്ചു നോക്കും. മനസ്സിൽ ഉരുണ്ടു കൂടിയ വേദനകൾക്കുളള മരുന്നായി മാറി പുസ്തകങ്ങൾ. വായനയിലൂടെയാണ് പുറം ലോകമറിയാനുള്ള അവസരം ലഭ്യമായത്. റഹ്മത്തിന്റെ ക്ലബ്ബും ലൈബ്രറിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വനിതാ വേദിയുടെ കൺവീനർ സ്ഥാനത്തേക്ക് അവളെ തെരഞ്ഞെടുത്തു.
പൊതുരംഗത്ത് പ്രവർത്തിക്കാനുളള താൽപര്യം വർദ്ധിച്ചു വന്നു. തൃക്കരിപ്പൂർ ഗവ: പോളിടെക്നിക്, പയ്യന്നൂർ വനിതാ പോളിടെക്ക്നിക് എന്നിവിടങ്ങളെ കമ്യൂണിറ്റി പോളിടെക്ക്നിക്ക് സ്കീമിൽ നടത്തുന്ന തയ്യൽ പരിപാടികളുടെ ഇൻസ്ട്രക്ടറായും അവൾ സേവനം ചെയ്തു. അതിലൂടെ ജീവിതമാർഗo കണ്ടെത്തിയ നിരവധി പെൺകുട്ടികൾ ആദരവോടെയാണ് റഹ്മത്തിനെ കാണുന്നത്. ഷാർജയിൽ ജോലി ചെയ്യുന്ന ഒരു ബന്ധുവുണ്ട് അവൾക്ക്. അദ്ദേഹത്തെ സമീപിച്ചു. പാസ്പോർട്ട് മുമ്പേ ശരിയാക്കി വെച്ചിരുന്നു. ആ നല്ല മനുഷ്യൻ അവൾക്ക് വിസ ശരിയാക്കിക്കൊടുത്തു. എല്ലാവരുടേയും അനുവാദം വാങ്ങി അവൾ അക്കരെ കടന്നു. പലരും ഒളിയമ്പുകൾ തൊടുക്കാൻ തുടങ്ങി. 'അവിടെ ചെന്നാൽ അവൾക്ക് ജോലിയൊന്നും കിട്ടാൻ സാധ്യതയില്ല', 'പോയ പോലെ തിരിച്ചു വരും', അല്ലെങ്കിൽ 'ഏതെങ്കിലും ട്രാപ്പിൽ പെട്ട് ജീവിതം തുലക്കും', എന്നൊക്കെയായിരുന്നു ആളുകളുടെ വിലയിരുത്തൽ.
ഗൾഫിൽ എത്തിയ ഉടനെ ഒരു തയ്യൽക്കടയിൽ ടൈലർ ആയി ജോലി ലഭിച്ചു. രണ്ടുമൂന്ന് മാസം കൊണ്ട് തന്നെ എങ്ങിനെയാണ് തയ്യിൽ കട നടത്തേണ്ടതെന്ന ധാരണ അവൾക്കുണ്ടായി. പ്രസ്തുത കടയിലെ അനുഭവം വെച്ച് ഒരു ചെറിയ തയ്യൽ കട അവൾ ആരംഭിച്ചു. ദിവസങ്ങൾക്കകം തന്നെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് അംഗീകാരം ലഭിച്ചു തുടങ്ങി. തയ്യൽ പണി ധാരാളം ലഭിച്ചപ്പോൾ രണ്ടുമൂന്ന് തൊഴിലാളികളെ വെച്ച് പ്രവർത്തനം തുടങ്ങി. കേവലം അഞ്ചാറു മാസം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും കട അല്പം കൂടി വിപുലീകരിക്കുകയും ചെയ്തു. രാവും പകലും ഊണും ഉറക്കവും ഒഴിഞ്ഞ് അവൾ അധ്വാനിച്ചു. അതിന്റെ ഫലം ഉണ്ടായി തുടങ്ങി. എല്ലാവരും അത്ഭുതപ്പെട്ടു. ഇവൾ മോശക്കാരി അല്ലല്ലോ. രണ്ടുവർഷം കഴിഞ്ഞപ്പോൾ റഹ്മത്ത് ഗൾഫുകാരിയായി നാട്ടിലേക്ക് എത്തി.
അവളെ കാണാനും സ്വീകരിക്കാനും ക്ഷേമാന്വേഷണം നടത്താനും ബന്ധു ജനങ്ങളും അയൽക്കാരും എത്തിത്തുടങ്ങി. അവളെ കുറിച്ച് അപവാദം പ്രചരിപ്പിച്ച ആളുകളൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വന്നവരെയെല്ലാം അവൾ സ്നേഹത്തോടെ സ്വീകരിച്ചു. അവൾ മധുര പ്രതികാരം വീട്ടുകയായിരുന്നു. എല്ലാവർക്കും തനിക്കാവുന്ന വിധം ചെറിയ ചെറിയ സമ്മാനങ്ങൾ കൈമാറി. അവളുടെ മനസ്സു പറഞ്ഞു 'ഒന്നുമില്ലാത്ത എന്നെ അവർ തിരസ്കരിച്ചു. എന്തെങ്കിലും കയ്യിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അവരെല്ലാം എന്നെ സ്വീകരിച്ചു', ഇതാണ് ലോകത്ത് നമ്മൾ കണ്ടുവരുന്ന സത്യം. ഒരു മാസത്തെ ലീവ് കഴിഞ്ഞ് അവൾ ഗൾഫിലേക്ക് വീണ്ടും തിരിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും അവൾ വേറൊരു കടയും കൂടി തുടങ്ങി. സാമർത്ഥ്യത്തോടെയും തന്റേടത്തോടെയും അവൾ മുന്നോട്ടു പോയപ്പോൾ ഗൾഫിലെ കച്ചവടക്കാരും അവളെ സഹായിക്കാനായി മുന്നോട്ടു വന്നു. അവിടത്തെ വ്യാപാരികളുടെ സംഘടനയിൽ അവൾ അംഗമായി. സാമ്പത്തികമായി നല്ലൊരു ശേഷി അവൾ കൈവരിച്ചു.
അവൾ ഈ സ്ഥിതിയിൽ എത്തിയപ്പോഴാണ് പഴയ ദുഃഖങ്ങൾ പലതും ഞാനുമായി പങ്കിട്ടത്. കാലത്ത് മുതൽ വൈകിട്ട് വരെ ഒന്നും കഴിക്കാതെ പട്ടിണി കിടന്ന കാര്യം. വസ്ത്രം അലക്കാൻ സോപ്പില്ലാതെ വെറും കല്ലിനിട്ടു ഉരച്ച് വസ്ത്രം അലക്കിയ കഥ, പട്ടിണിയും വിഷമവുമാണ് എന്ന് അറിഞ്ഞിട്ടും ഒരു ഗ്ലാസ് വെള്ളം വേണോ എന്ന് പോലും ചോദിക്കാത്ത ബന്ധു ജനം. 'ഇവരൊക്കെ എന്നെ തേടി ഇപ്പോൾ വരുന്നുണ്ട്. എന്റെ സഹായം സ്വീകരിക്കുന്നുണ്ട്. അതുതന്നെ മതി എന്റെ ജീവിതത്തിന് സന്തോഷം ഉണ്ടാവാൻ. ഇന്നും ഞാൻ കഠിനമായി അധ്വാനിക്കുന്നുണ്ട്. നല്ല ഭക്ഷണം കഴിക്കുമ്പോഴും എസി റൂമിൽ കിടന്നുറങ്ങുമ്പോഴും ഞാനെന്റെ പഴയ അനുഭവം ഓർക്കാറുണ്ട്. ഒപ്പം നടന്നവരെയും നല്ല വാക്കെങ്കിലും പറഞ്ഞ അല്പം ചിലരെയും മനസ്സിൽ എന്നും പൂജിക്കാറുണ്ട്. ആരോടും എനിക്ക് വിരോധമില്ല. പട്ടിണി കിടക്കുമ്പോഴും എനിക്ക് സ്നേഹിക്കാനേ അറിയൂ. ഇന്നും രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും താങ്ങായി നിൽക്കാൻ എനിക്ക് സന്തോഷമേയുള്ളൂ.
എന്റെ ഉയർച്ചയിൽ ഞാൻ അഹങ്കരിക്കുന്നില്ല. ഇരുപതോളം തൊഴിലാളികൾക്ക് ജീവിതമാർഗം കൊടുക്കാൻ എനിക്ക് കഴിയുന്നുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്നുവന്ന ഞാൻ ഇപ്പോൾ എത്തിനിൽക്കുന്ന ഉയർച്ചയിൽ ലളിതമായ ജീവിതമാണ് ഇന്നും ഞാൻ നയിക്കുന്നത്. എല്ലാവർക്കും നന്മ വരട്ടെ എന്ന പ്രാർത്ഥനയേ എനിക്കുളള്ളു. കഷ്ടപ്പാടുകളിൽ നിരാശപ്പെടാതെ സ്വയം വഴി കണ്ടെത്തി മുന്നേറാനുള്ള വഴി എല്ലാവർക്കും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെപ്പോലെ വേദന അനുഭവിക്കുന്ന സഹോദരിമാരോട് എനിക്ക് ഇതേ പറയാനുള്ളൂ'.
ഇന്ന് റഹ്മ ലത്തീഫ് അബുദാബിയിൽ അറിയപ്പെടുന്ന ബിസിനസ് ലേഡി യാണ്. ജോയ് ആലുക്കാസ് ഇക്കഴിഞ്ഞ വന്നിതാദിനത്തിൽ മികച്ച ബിസിനസ് ലേഡി എന്ന നിലയിൽ റഹ് മ ലത്തീഫിനെ ആദരിക്കുകയുണ്ടായി. അബുദാബിയിലെ 'അലോഹ' എന്ന സന്നദ്ധ സംഘടനയും അവളെ അനുമോദിച്ചു.
ഇതിനു പുറമേ അബുദാബി സർക്കാർ രൂപം കൊടുത്ത കമ്യൂണിറ്റി പോലീസിലും റഹ്‌മ ലത്തീഫ് അംഗമാണ്. നിരവധി പൊതു പരിപാടികളിൽ കമ്യൂണിറ്റി പോലീസ് എന്ന നിലയിൽ സഹകരിച്ചു കൊണ്ടിരിക്കയാണ്.