Eid Ul Fitr | ഈദുൽ ഫിത്വറിനെ വരവേൽക്കാൻ തനതായ രുചികളുമായി നാടൊരുങ്ങി; കാസർകോട്ടെ 'പെരുന്നാൾ അപ്പങ്ങൾ' വിപണിയിലെത്തി
* 200 രൂപ മുതൽ 400 രൂപ വരെ ഈടാക്കുന്നു
കാസർകോട്: (KasargodVartha) ഈദുൽ ഫിത്വറിനെ വരവേൽക്കാൻ തനതായ രുചികളുമായി നാടൊരുങ്ങി. പെരുന്നാൾ ദിനം രുചി വൈവിധ്യങ്ങളുടെ ആഘോഷം കൂടിയാണ്. വർധിച്ചുവരുന്ന അവശ്യസാധനങ്ങളുടെ വിലവർധനവ് കാസർകോട്ടെ പെരുന്നാൾ അപ്പങ്ങളുടെ വിലയിലും വിപണിയിൽ കണ്ടുതുടങ്ങി. പെരുന്നാളിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ പെരുന്നാൾ പലഹാരങ്ങൾ അടുക്കളകളിൽ നിന്ന് ബേകറികളിൽ എത്തിത്തുടങ്ങി.
നേരത്തെ വീട്ടുകാർ വീട്ടിൽ വച്ച് തന്നെ ഉണ്ടാക്കിയിരുന്ന പെരുന്നാൾ പലഹാരങ്ങളാണ് കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് ഇപ്പോൾ ബേകറികളിലും മറ്റും വിൽപനയ്‌ക്കെത്തിയിട്ടുള്ളത്. ചൂട് അസഹ്യമായതിനാൽ തിളക്കുന്ന എണ്ണയുടെ മുന്നിൽ പെരുന്നാൾ അപ്പങ്ങൾ ഉണ്ടാക്കാൻ സ്ത്രീകൾ പിൻവലിഞ്ഞതോടെയാണ് പലഹാരങ്ങൾക്ക് ഇപ്പോൾ വീട്ടുകാർ ബേകറികളെ ആശ്രയിക്കുന്നത്. വിവിധ തരത്തിലുള്ള പലഹാരങ്ങൾക്ക് ബേകറികളിൽ 200 രൂപ മുതൽ 400 രൂപ വരെ ഈടാക്കുന്നു.
സൊറോട്ട, പൊരിയപ്പം, കടല കാച്ചിയത്, ഈത്തപ്പഴം, പൊരി, ചട്ടിപ്പത്തിൽ ഇങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നതാണ് കാസർകോടിന്റെ പെരുന്നാൾ രുചികൾ. പെരുന്നാൾ ആശംസകൾ നേരാനും, സന്തോഷം പങ്കുവയ്ക്കാനും കുടുംബാംഗങ്ങളെയും, സന്ദർശകരെയും വീടുകളിൽ വരവേൽക്കുന്നത് ഇത്തരത്തിലുള്ള പെരുന്നാൾ അപ്പങ്ങൾ കൊണ്ടാണ്. ഇതിനായി വീടുകളുടെ തീൻമേശയിൽ പത്തോളം അപ്പങ്ങൾ നിരത്തി വെക്കും, ഒപ്പം വ്യത്യസ്തങ്ങളായ ജൂസുകളും.