Ramadan | റമദാന്‍ 27-ാം രാവിനെ ധന്യമാക്കി വിശ്വാസികൾ; പ്രാർഥനയിലലിഞ്ഞ് രാത്രിയെ പകലാക്കി മാറ്റി; നിറഞ്ഞുകവിഞ്ഞ് മസ്ജിദുകൾ
* ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയാണ് ലൈലതുല്‍ ഖദ്‌ർ
കാസർകോട്: (KasargodVartha) ഏറെ പവിത്രമായി കണക്കാക്കുന്ന ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ച് ഇസ്ലാം മത വിശ്വാസികൾ റമദാൻ 27-ാം രാവ് ശ്രഷ്ഠ കർമങ്ങൾ കൊണ്ട് ധന്യമാക്കി. വിമലീകരിക്കപ്പെട്ട മനസും ശരീരവുമായി ഇരുപത്തിയേഴാം രാവിന്‍റെ പുണ്യം തേടി വിശ്വാസികൾ ഉറക്കമൊഴിച്ച് പുലരുവോളം ദീര്‍ഘനേരം നിസ്‌കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും മറ്റും മസ്‌ജിദുകളിലും വീടുകളിലും കഴിച്ചുകൂട്ടി. വിശ്വാസികളെ കൊണ്ട് മസ്ജിദുകൾ നിറഞ്ഞൊഴുകി. സ്ത്രീകൾ അവരുടെ വീടുകളിലും പ്രത്യേക ആരാധനകളിൽ മുഴുകി.
ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രിയാണ് ലൈലതുല്‍ ഖദ്‌ർ. വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടതും ഈ രാവിലാണ്. ഈ രാത്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഖുർആനിലും ഹദീസുകളിലും നിരവധി പരാമർശങ്ങൾ ഉണ്ട്. ലൈലതുൽ ഖദറിൽ വരും വർഷത്തെ സംഭവങ്ങൾ നിർണയിക്കപ്പെടുന്നുവെന്നും പണ്ഡിതാഭിപ്രയമുണ്ട്. പുണ്യങ്ങളേറെ നിറഞ്ഞ ഈ രാവിൽ ജിബ്‌രീലിന്റെ നേതൃത്വത്തില്‍ ധാരാളം മാലാഖമാർ ഭൂമിയിലിറങ്ങി മനുഷൃരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കുമെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.
ലൈലതുൽ ഖദറിന്റെ കൃത്യമായ തിയതി നിശ്ചിതമല്ല. റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളിലാണ് ഇതിനെ പ്രതീക്ഷിക്കേണ്ടതെന്നാണ് ഹദീസുകള്‍ സൂചിപ്പിക്കുന്നത്. റമദാൻ 27ന്റെ രാവാണ് ലൈലതുല്‍ ഖദ്ര്‍ ആകാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്ന് നിരവധി പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ റമദാൻ 27ന് ലൈലതുല്‍ ഖദ്ര്‍ വരുമെന്ന പ്രതീക്ഷയില്‍ പ്രത്യേക പരിഗണന നൽകുന്നു. പ്രാർഥനകൾക്കും അതിവേഗം ഉത്തരമുണ്ടാവുമെന്ന് പ്രവാചകൻ വ്യക്തമാക്കിയ ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ച് വിശ്വാസികൾ തങ്ങളുടെ സങ്കടങ്ങൾ സൃഷ്ടാവിന് മുന്നിൽ ഇറക്കിവെച്ചു. ആരാധനകളര്‍പ്പിച്ച് രാത്രിയെ അവര്‍ പകലാക്കി മാറ്റി. മഴയ്ക്കും, ഫലസ്തീൻ ജനതയ്ക്കും പ്രത്യേക പ്രാർഥനകളും പള്ളികളിൽ നടത്തി.
തളങ്കര മാലിക് ദീനാർ മസ്‌ജിദ് അടക്കമുള്ള പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി പേർ ഒഴുകിയെത്തി. എല്ലായിടത്തും മസ്‌ജിദുകളിൽ രാത്രി ആരാധനക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പലയിടത്തും മത സംഘടനകള്‍, ക്ലബുകള്‍, കൂട്ടായ്മകള്‍ എന്നിവരുടെ നേതൃത്വത്തിൽ സത്കാരങ്ങളും ഒരുക്കിയാണ് വിശ്വാസികളെ വരവേറ്റത്. തായലങ്ങാടിയില്‍ വർഷങ്ങളായി ശാഖ യൂത് ലീഗിന്റെയും യഫാ തായലങ്ങാടിയുടെയും ആഭിമുഖ്യത്തിൽ റമദാൻ 27-ാം രാവിൽ ഒരുക്കി വരുന്ന ചായ സൽക്കാരം ഇത്തവണയും മുടങ്ങിയില്ല. തളങ്കരയിൽ ഡിഫൻസ് ബാങ്കോട് മധുരവിതരണം നടത്തി.