city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ramadan | പ്രവാസകാലത്തെ നോമ്പോര്‍മ

പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 28)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) കുവൈറ്റിലും, ഷാര്‍ജയിലുമായി ഇരുപത് വര്‍ഷത്തോളം പ്രവാസിയായിരുന്ന കാലത്തിനിടയില്‍ നോമ്പുകള്‍ പലതും കഴിഞ്ഞു പോയിട്ടുണ്ട്. അവയില്‍ ചിലതൊക്കെ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നുമുണ്ട്. എങ്കിലും ഷാര്‍ജ അല്‍ ബുഹൈറയിലായിരുന്ന കാലത്തെ നോമ്പുകാലം എന്റെ മനസ്സില്‍ ഇന്നും ഒളിമങ്ങാതെ കിടക്കുന്നു. ഒരു വൈകുന്നേരം ജോലിത്തിരക്കെല്ലാം കഴിഞ്ഞു ഒരു മൂലയിരുന്ന് എന്തോ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ കാലൊച്ച കേട്ട് നോക്കിയപ്പോള്‍ ഞങ്ങളുടെ കമ്പനിയിലെ ഇലക്ട്രീഷ്യന്‍ ശശിയേട്ടന്‍ കയ്യില്‍ ഒരു പായസത്തിന്റെ ഗ്ലാസുമായി പുഞ്ചിരിയോടെ നില്‍ക്കുന്നു. എന്തു പറ്റി, എന്താണ് വിശേഷം ശശിയേട്ട? എന്ന എന്റെ ചോദ്യത്തിന്ന് അതിശയത്തോടെ തുറിച്ചു നോക്കിക്കൊണ്ടാണ് ആരാഞ്ഞത്, അറിയില്ലേ..? ഇന്ന് ബറാഅത്തല്ലേ ബായി?
             
Ramadan | പ്രവാസകാലത്തെ നോമ്പോര്‍മ

റംസാന്‍ മാസപിറവിയേയും നോമ്പിനേയും വിളിച്ചറിയിച്ചു കൊണ്ടുള്ളതാണ് ബറാഅത്ത് ദിനം (ശഹ്ബാന്‍ 15). അന്ന് പലരും നോമ്പനുഷ്ടിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയും മധുര പാനീയങ്ങള്‍ വിതരണം ചെയ്തുമാണ് കൊണ്ടാടുള്ളത്. ഞങ്ങളുടെ കമ്പനിയില്‍ ഈയൊരു ചടങ്ങും നോമ്പുതുറ സാധന സാമഗ്രികളെല്ലാം (എണ്ണപലഹാരങ്ങള്‍) താല്പര്യപൂര്‍വ്വം തയ്യാറാക്കിക്കൊണ്ടിരുന്ന പഴങ്ങാടിക്കാരന്‍ മുട്ടം മജീദ് എന്ന ആളായിരുന്നു. രുചികരമായ ഭക്ഷണം തയ്യാറാക്കി വര്‍ഷങ്ങളോളം ഞങ്ങളെ തീറ്റിച്ചുകൊണ്ടിരുന്ന മജീദ് ജോലിയില്‍ നിന്നും ഒഴിവായി വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയിട്ട് ഏതാനും മാസങ്ങളായി.

ഇപ്രാവശ്യത്തെ നോമ്പുകാലത്തെ ഭക്ഷണം എന്തു ചെയ്യുമെന്ന് ഞങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അതിനൊരു വിരാമമിട്ടു കൊണ്ട് ആ ദൗത്യം ശശിയേട്ടന്‍ സ്വയം ഏറ്റെടുത്തത്. പാലക്കാട് മലമ്പുഴക്കാരനായ ഇദ്ദേഹം ഇരുപത്തഞ്ച് വര്‍ഷത്തോളമായി യുഎഇയുടെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്തുവരികയാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റംസാന്‍ നാളില്‍ നോമ്പനുഷ്ടിക്കുന്നവരുടെ കൂട്ടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ശശിയേട്ടനും നോമ്പെടുക്കാന്‍ താല്പര്യം തോന്നിയത്. തുടര്‍ന്നങ്ങോട്ട് എല്ലാ വര്‍ഷവും മുടങ്ങാതെ വ്രതമനുഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. ഒന്നു രണ്ടു തവണ നോമ്പുകാലത്ത് അവധിക്ക് നാട്ടില്‍ പോയിരുന്നു. അപ്പോഴും അദ്ദേഹം നോമ്പ് ഒഴിവാക്കാന്‍ കൂട്ടാക്കിയില്ല. വീട്ടില്‍ വെച്ചും അദ്ദേഹം നോമ്പു നോറ്റു .
           
Ramadan | പ്രവാസകാലത്തെ നോമ്പോര്‍മ

നോമ്പനുഷ്ടിക്കുന്നവരോടുമുള്ള അദ്ദേഹത്തിന്റെ പ്രത്യക താല്പര്യം തന്നെയാണ് ബറാഅത്ത് ദിനത്തെ ഓര്‍മ്മ വെച്ച് മധുരം വിതരണം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. റംസാന്‍ പിറ കണ്ട അറിവ് കിട്ടിയതിനെ തുടര്‍ന്ന് ഓരോ ദിവസത്തെ നോമ്പുതുറയുടെയും അത്താഴത്തിന്റെയും എല്ലാ ഭക്ഷണങ്ങളിലും ശശിയേട്ടന്റെ കൈപ്പുണ്യം തെളിഞ്ഞു നിന്നിരുന്നു. പ്രവാസത്തോട് വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒരു പാട് കഴിഞ്ഞു പോയെങ്കിലും റംസാന്‍ വരുമ്പോഴൊക്കെ മജീദും, ശശിയേട്ടനും എന്റെ മനസ്സില്‍ അറിയാതെ കടന്നു വരും .

Keywords:  Article, Ramadan, Gulf, Kuwait, Sharjah, Fast, Job, Ramadan memories of expatriate life.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia