city-gold-ad-for-blogger

നാടെങ്ങും പ്രവാചകാനുരാഗത്തിന്റെ മാധുര്യത്തിൽ; പുണ്യ റബീഉൽ അവ്വലിനെ വരവേറ്റ് വിശ്വാസികൾ; കടന്നുവരുന്നത് 1500-ാം ജന്മദിനം

A group of people participating in a Nabidinam procession.
Representational Image generated by Gemini

● കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പുതിയ നിർദേശങ്ങൾ നൽകി.
● നബിദിനാഘോഷങ്ങളിൽ ധൂർത്തും പ്ലാസ്റ്റിക്കും ഒഴിവാക്കണം.
● ഗതാഗത തടസ്സമുണ്ടാക്കാതെ ആഘോഷങ്ങൾ നടത്താൻ നിർദേശം.
● വിവിധ രാജ്യങ്ങളിൽ നബിദിനം വ്യത്യസ്ത ദിവസങ്ങളിലാണ്.

കാസർകോട്: (KasargodVartha) പുണ്യ റബീഉൽ അവ്വൽ മാസത്തിന് തുടക്കമായി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനം കൊണ്ട് അനുഗ്രഹീതമായ ഈ മാസം ഇസ്ലാം മത വിശ്വാസികൾക്ക് ആത്മീയമായ ഉണർവും ആഹ്ലാദവുമാണ് നൽകുന്നത്. കേരളത്തിൽ തിങ്കളാഴ്ചയാണ് റബീഉൽ അവ്വൽ ഒന്ന്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ അധ്യായമാണ് റബീഉൽ അവ്വൽ മാസം.

പ്രപഞ്ചത്തിന് കാരുണ്യമായി അവതരിച്ച തിരുദൂതരുടെ ഓർമ്മകൾ മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് നാടും നഗരവും പ്രവാചക പ്രകീർത്തനങ്ങളിൽ മുഴുകുകയാണ്. ഇത്തവണ പ്രവാചകരുടെ 1500-ാമത് ജന്മദിനമാണ് എന്ന പ്രത്യേകത ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകുന്നു. ഗൾഫ് രാജ്യങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബർ നാലിനായിരിക്കും, എന്നാൽ ഒമാനിൽ നബിദിനം സെപ്റ്റംബർ അഞ്ചിനാണ്.

റബീഉൽ അവ്വൽ മാസത്തിൽ പള്ളികളും മദ്റസകളും ദർസുകളും  വീടുകളും സ്ഥാപനങ്ങളുമെല്ലാം ദീപാലങ്കൃതമായി. നബിദിനം ആഘോഷിക്കാൻ വിവിധ മഹല്ല് ജമാഅത്തുകളും യുവജന സംഘടനകളും വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മൗലിദ് പാരായണങ്ങളും മദ്ഹ് സദസ്സുകളും പ്രഭാഷണങ്ങളും ഇതോടനുബന്ധിച്ച് അരങ്ങേറും. 

നബിദിന പരിപാടികൾ പ്രവാചകരുടെ ജീവിത സന്ദേശങ്ങൾ സമൂഹത്തിന് പകർന്നുനൽകാനുള്ള അവസരം കൂടിയാണ്. റബീഉൽ അവ്വൽ 12 ന് വിശ്വാസികൾ പൂർണമായും പ്രവാചക പ്രകീർത്തനങ്ങളിൽ മുഴുകും. നാടെങ്ങും വർണാഭമായ നബിദിന റാലികൾ സംഘടിപ്പിക്കും. ദഫ്, സ്കൗട്ട്, ബാന്റ് സംഘങ്ങൾ അണിനിരക്കുന്ന റാലികൾ വിശ്വാസികൾക്ക് ആവേശമുണർത്തും. മധുര വിതരണവും അന്നദാന വിതരണവും ഇതോടൊപ്പം നടക്കും. 

നബിദിനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന കലാമത്സരങ്ങളിൽ വിദ്യാർഥികൾ മാറ്റുരയ്ക്കും.

നബിദിനം: പ്രവാചക ചര്യകൾക്ക് പ്രാധാന്യം നൽകണമെന്ന് സംയുക്ത മുസ്‌ലിം ജമാഅത്ത്

കാസർകോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രവാചക ചര്യകളിൽ നിന്നും ദർശനങ്ങളിൽ നിന്നും വ്യതിചലിക്കാതെ ആഘോഷിക്കാൻ ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. 

നബിയുടെ ജീവിതം മനസ്സിലാക്കാനും ലോകത്തിന് വെളിച്ചം നൽകിയ അദ്ദേഹത്തിന്റെ നന്മകൾ കൂടുതൽ അറിയാനും ഉതകുന്ന തരത്തിലായിരിക്കണം നബിദിനാഘോഷങ്ങൾ സംഘടിപ്പിക്കേണ്ടതെന്ന് കമ്മിറ്റി നിർദ്ദേശിച്ചു.

പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കിയും അനാവശ്യമായ ധൂർത്ത്, പരിസര മലിനീകരണം, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ ഒഴിവാക്കിയും വേണം പരിപാടികൾ സംഘടിപ്പിക്കാൻ. 

പൊതുജനങ്ങൾക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകാതെയും സമാധാനത്തിന് ഭംഗം വരാതെയും പരിപാടികൾ നടത്താൻ ബന്ധപ്പെട്ട കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം ഉണർത്തി.

ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മുഹമ്മദ് കുഞ്ഞി ചായിന്റടി, അഹമ്മദ് മഖ്‌സൂദ് ഫോർട്ട് റോഡ്, എം.എ.എച്ച്. മഹ്‌മൂദ്, മുഹിനുദ്ദീൻ കെ.കെ. പുറം, ഹമീദ് മിഹ്‌റാജ്, ഹനീഫ് നെല്ലിക്കുന്ന്, ടി.കെ. മഹ്‌മൂദ് ഹാജി, സിദ്ദീഖ് നദ്‌വി ചേരൂർ, അഷ്‌റഫ് പള്ളിക്കണ്ടം, യു. സഹദ് ഹാജി, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി മാഹിൻ കേളോട്ട് നന്ദി പറഞ്ഞു.

 

റബീഉൽ അവ്വൽ മാസത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

 

Article Summary: The holy month of Rabi' al-Awwal has begun in Kerala.

#RabiulAwwal #NabiDin #ProphetMuhammad #Islam #KeralaMuslims #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia