Festival | 19 സംവത്സരങ്ങൾക്ക് ശേഷം പുതുക്കൈ മുച്ചിലോട്ട് വീണ്ടുമൊരു പെരുങ്കളിയാട്ടം; ക്ഷേത്രം കോയ്മക്ക് പണക്കിഴി നൽകി കളിയാട്ടം ഏൽപ്പിച്ചു
● ഭക്തിസന്ദ്രമായ അന്തരീക്ഷത്തിൽ ചടങ്ങ്.
● 108 മുച്ചിലോട്ടുകാവുകളിൽനിന്ന് സാന്നിധ്യമറിയിച്ചു.
● ഫെബ്രുവരി 11 വരെയാണ് പെരുങ്കളിയാട്ടം.
സുധീഷ് പുങ്ങംചാൽ
നീലേശ്വരം: (KasargodVartha) 19 സംവത്സരങ്ങൾക്ക് ശേഷം പുതുക്കൈ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന് മുന്നോടിയായുള്ള കളിയാട്ടം എൽപിക്കൽ ചടങ്ങും പണക്കിഴി ഏൽപിക്കൽ ചടങ്ങും ഭക്തിസാന്ദ്രമായി. അടിയന്തരം നടത്തി ദേവീദേവൻമാർ അരങ്ങിലെത്തിയ ശേഷം ഭുവനിമാതാവ് ക്ഷേത്രം കോയ്മയ്ക്ക് പണക്കിഴി കൈമാറി കളിയാട്ടം ഭംഗിയായി നടത്തിത്തീർക്കാനുള്ള ചുമത ഏല്പിക്കുന്ന ചടങ്ങാണ് തിങ്കളാഴ്ച നടന്നത്.
മുച്ചിലോട്ട്, ഭഗവതി, കണ്ണങ്കാട്ട് ഭഗവതി, പുലിയൂർകാളി, പുലിയൂർകണ്ണൻ, വിഷ്ണുമൂർത്തി ദൈവങ്ങൾ അരങ്ങിലെത്തി. ഭക്തിസന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ കരിവെള്ളൂർ, തൃക്കരിപ്പൂർ തുടങ്ങി 108 മുച്ചിലോട്ടുകാവുകളിൽനിന്ന് സാന്നിധ്യമറിയിച്ചു. മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലെയും മറ്റ് ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനികരുടെ സാന്നിധ്യത്തിൽ മൂലഭണ്ഡാരത്തിലെ എണ്ണിത്തിട്ടപ്പെടുത്താത്ത സംഖ്യയാണ് ഭുവനി മാതാവ് ക്ഷേത്രം കോയ്മ പാട്ടത്തിൽ അപ്പുക്കുട്ടൻ നായർക്ക് കൈമാറിയത്.
കളിയാട്ടം അവസാനിക്കുന്നതുവരെ ഈ പണക്കിഴി ക്ഷേത്രക്കോയ്മയുടെ തറവാട്ടിൽ കരുതൽ ധനമായി സൂക്ഷിക്കും. കളിയാട്ടത്തിന് ശേഷം തമ്പുരാട്ടിക്ക് തിരിച്ചേൽപിക്കും. 19 വർഷത്തെ ഇടവേളക്കുശേഷം ഫെബ്രുവരി 11 വരെയാണ് പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടക്കുന്നത്.
#Perumkaliyattam, #KeralaFestivals, #HinduFestival, #KeralaCulture, #Kasaragod