Uroos | പൊയ്യത്ത്ബയൽ മഖാം ഉറൂസ് 17ന് തുടങ്ങും; ആദ്യ ദിനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംബന്ധിക്കും

● ഉറൂസ് ജനുവരി 17ന് തുടങ്ങി ഫെബ്രുവരി 2 വരെ നീണ്ടുനിൽക്കും.
● മതപ്രഭാഷണങ്ങൾ, മഹല്ല് സംഗമം, ജലാലിയ റാത്തിബ് എന്നിവ ഉണ്ടായിരിക്കും.
● ഫെബ്രുവരി 2ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
കാസർകോട്: (KasargodVartha) മഞ്ചേശ്വരം വോർക്കാടി പൊയ്യത്ത്ബയൽ മണവാട്ടി ബീവി മഖാം ഉറൂസും മതപ്രഭാഷണവും ജനുവരി 17 മുതൽ ഫെബ്രുവരി രണ്ട് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ദിവസങ്ങളിലായി മതപ്രഭാഷണങ്ങൾ, മഹല്ല് സംഗമം, ജലാലിയ റാത്തിബ്, സലാത്ത് വാർഷികം എന്നിവയും ഉണ്ടായിരിക്കും.
ജനുവരി 17ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജമാഅത്ത് പ്രസിഡൻ്റ് സയ്യിദ് അത്താവുല്ല തങ്ങൾ പതാക ഉയർത്തുന്നതോടെ ഉറൂസിന് തുടക്കമാകും. അന്നു രാത്രി നടക്കുന്ന മതപ്രഭാഷണ പരിപാടി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. അഹമ്മദ് ജലാലുദ്ദീൻ തങ്ങൾ പൊസോട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
ജനുവരി 19ന് വൈകീട്ട് നടക്കുന്ന മഹല്ല് സംഗമം മൂസ മദനി ഉദ്ഘാടനം ചെയ്യും. ജനുവരി 21ന് ജലാലിയ റാത്തീബും, 25ന് സലാത്ത് വാർഷികവും നടക്കും. 16 ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് സമാപനം കുറിച്ച് ഫെബ്രുവരി ഒന്നിന് നടക്കുന്ന സംഗമം സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി ഉദ്ഘാടനം ചെയ്യും. മഷ്ഹൂദ് സഖാഫി ഗൂഡല്ലൂർ മുഖ്യ പ്രഭാഷണം നടത്തും.
ഉറൂസിന്റെ അവസാന ദിവസമായ ഫെബ്രുവരി രണ്ടിന് അന്നദാനം നൽകുന്നതോടെ ഉറൂസ് സമാപിക്കും. വാർത്താ സമ്മേളനത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് ഡിഎംകെ മുഹമ്മദ്, ഖത്തീബ് അബ്ദുൽ ജബ്ബാർ സഖാഫി, ജനറൽ സെക്രട്ടറി എൻ ജമാലുദ്ദീൻ, ടി എ സിദ്ദീഖ് ഹാജി, പി കെ ഹനീഫ എന്നിവർ പങ്കെടുത്തു.
#PoyyathbailUroos #ManavattiBeeviMakham #Kasaragod #Kerala #ReligiousEvent #Festival