city-gold-ad-for-blogger

പിലിക്കോടിന്‌ ശനിയാഴ്ച കുന്നുമ്മത്തെയ്യം; വീത്കുന്നിൽ വിഷ്ണുമൂർത്തിയുടെ മേലേരി ചാടൽ

Kunnumma Theyyam at Veethukunnu in Pilicode on Saturday
Photo: Nikesh Kodavalam

● കൊട്ടുമ്പുറം ക്ഷേത്രത്തിൽ നിന്നും കത്തിയെരിയുന്ന നെരിപ്പോടിലേക്ക്‌ അഗ്നിപ്രവേശം നടത്തിയാണ്‌ വിഷ്ണുമൂർത്തി എത്തുക.
● ജൈന സംസ്കൃതിയുടെ തിരുശേഷിപ്പായിട്ടാണ്‌ വീത്കുന്നിലെ കാവൽക്കാരെ പരിഗണിക്കുന്നത്‌.
● ആറോളം കാവൽക്കാരാണ്‌ വീത്കുന്ന്‌ ക്ഷേത്രത്തിന്റെ അധികാരപരിധിയിലുള്ളത്‌.
● മണിയാണി, തീയ്യ സമുദായത്തിൽപ്പെട്ടവർക്കാണ്‌ കാവൽക്കാരാകുവാനുള്ള അവകാശം.
● നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും മേലത്ത്‌ അച്ഛനാണ്‌ കാവൽക്കാർക്ക്‌ മുദ്ര നൽകുന്നത്‌.

ചന്ദ്രൻ മുട്ടത്ത്

(KasargodVartha) പുരാവൃത്തപ്പൂമണക്കുന്ന വീത്കുന്നിൽ വിഷ്ണുമൂർത്തി ഉറഞ്ഞാടുന്ന കുന്നുമ്മത്തെയ്യം ശനിയാഴ്ച നടക്കും. കൊട്ടുമ്പുറം ക്ഷേത്രത്തിൽ നിന്നും പുരപോലെ ഉയരത്തിൽ കൂട്ടിയ കത്തിയെരിയുന്ന നെരിപ്പോടിലേക്ക്‌ അഗ്നിപ്രവേശം നടത്തിയെത്തുന്ന വിഷ്ണുമൂർത്തിയുടെ വരവ്‌ ഒരു നാടിൻ്റെ വർഷാരംഭം തുടങ്ങുന്ന സന്തോഷ തിമർപ്പിൻ്റെ ഉൽസവം കൂടിയാണ്‌. പുലർച്ചെയാണ്‌ വിഷ്ണുമൂർത്തിയുടെ മേലേരി ചാടൽ ചടങ്ങ്‌.

പടിഞ്ഞാറൻ കാറ്റിൻ്റെ താളത്തിൽ മനക്കണ്ണ് തുറന്നാൽ പരദേവതയായ സാക്ഷാൽ വിഷ്ണുമൂർത്തി വാളുറയിച്ച്‌ കുന്നിൻപടികൾ കയറി നമുക്ക് മുന്നിലേക്ക്‌ ഭക്തി വിതറി വരുന്നതും കാണാമെന്ന്‌ ഭക്തർ വിശ്വസിക്കുന്നു. വീത്കുന്നിലെ തിരുനടയിൽ അൽപനേരം കണ്ണടച്ചു പ്രാർഥിച്ചു നിന്നാൽ തെയ്യത്തിൻ്റെ നേർത്ത കാൽചിലമ്പൊലി കേൾക്കാം. നാടിൻ്റെ ഐശ്വര്യവും സമൃദ്ധിയും കാക്കുന്ന ഈ പരദേവതയെ കാണാൻ ഒരിക്കലെങ്കിലും വീത്കുന്നു കയറിയെത്താത്തവർ നാട്ടിൽ വിരളമായിരിക്കും.

ദുരിതത്തിന്‌ പരിഹാരം; ചരിത്രമുറങ്ങുന്ന വീത്കുന്ന്‌

കനൽക്കണ്ണുരുട്ടി ശത്രുനിഗ്രഹവും ശിഷ്ടപരിപാലനവും നടത്തി ഭക്തരെ പരിപാലിക്കുന്ന പരദേവതയുറയുന്ന അപൂർവ ദേവസങ്കേതമാണ്‌ പിലിക്കോട്ടെ വീത്കുന്ന്‌. തെയ്യത്തിനു മുന്നിൽ തൊഴുത്‌ നിന്ന്‌ ഉള്ളുനീറുന്ന സങ്കടങ്ങൾ ഇറക്കിവയ്ക്കാൻ വെള്ളിയിൽ തീർത്ത വിവിധ അടയാള രൂപങ്ങൾ സമർപ്പിക്കുന്നവർക്കെല്ലാം തെയ്യം സ്വർണ്ണവർണ്ണ പ്രസാദം നെറുകയിൽ ചാർത്തി പരിഹാരം കാണും. ഉടുക്കുന്ന തുകലിനും കുടിക്കുന്ന കഞ്ഞിക്കും പഞ്ഞം വരാതെ ഇല്ലാത്തവൻ്റെ സങ്കടങ്ങൾ കേട്ട്‌ ഗുണപ്പാട്‌ വരുത്തുന്നതാണ്‌ വിഷ്ണുമൂർത്തി കുടികൊള്ളുന്ന ഈ ആരൂഢം.

പുരാതന - നവീന - ശിലായുധത്തിലെയും ലോഹയുഗത്തിലെയും മനുഷ്യവാസ കേന്ദ്രമായ ഇവിടം നിരവധി ചരിത്രമുറങ്ങുന്ന ഭൂമികയാണ്‌. കുന്നിൻ്റെ കിഴക്കേ ചെരിവിലുള്ള മുനിയറകളും ചെങ്കൽ ഗുഹകളും ഖനനം ചെയ്താൽ ഇനിയും വരമൊഴിയാകാത്ത ഒരുപാട്‌ ചരിത്ര തെളിവുകൾ കണ്ടെത്താൻ സാധിക്കും.

Kunnumma Theyyam at Veethukunnu in Pilicode on Saturday

കാവൽക്കാർ: നാട്ടാചാരത്തിന്റെ തിരുശേഷിപ്പ്‌

ജൈന സംസ്കൃതിയുടെ തിരുശേഷിപ്പായിട്ടാണ്‌ പിലിക്കോട്‌ വീത്കുന്നിലെ കാവൽക്കാരെ (Kavalakaar - ക്ഷേത്ര സംരക്ഷണത്തിനും കൃഷി പരിപാലനത്തിനുമായി നിയോഗിക്കപ്പെടുന്നവർ) പരിഗണിക്കുന്നത്‌. തലയിൽ കമുകിൻപാള കൊണ്ടുള്ള തൊപ്പിയും, അരയിൽ അഞ്ചാംനമ്പർ മുണ്ടുമുടുത്തും നാടുകാക്കാൻ ഊരുചുറ്റുന്ന കാവൽക്കാർ ഒരു ഗ്രാമത്തെ മുഴുവൻ ദൈവവഴിയിലേക്ക്‌ നയിക്കുന്നു. പഴയ രാജപ്രൗഢിയുടെ പെരുമയിൽ ശത്രുസംരക്ഷണം നടത്തിയാണ്‌ ഇവർ നാടുചുറ്റുന്നത്‌. ഗ്രാമ്യവിശുദ്ധിയുടെ നന്മ ഇപ്പോഴും പുലരുന്ന പിലിക്കോട്‌ ഗ്രാമത്തിലാണ്‌ കാവൽ ഒരു നാട്ടാചാരമായി അനുവർത്തിച്ചുവരുന്നത്‌.

പിലിക്കോട്‌, കൊടക്കാട്‌, മാണിയാട്ട്‌ എന്നീ മൂന്ന്‌ ഗ്രാമങ്ങൾ ചേർന്നതാണ്‌ പിലിക്കോട്‌ പഞ്ചായത്ത്‌. ഇവിടെ ക്ഷേത്രസംസ്കാരവും അതുമായി ബന്ധപ്പെട്ട വേറിട്ട കൃഷിരീതിയും ഒരു പ്രത്യേകതയാണ്‌. കാർഷിക സംസ്കൃതിയുടെ പഴയ ചരിത്രത്താളിൽ ഓരോ കാവിനും ഓരോ കാവൽക്കാരുണ്ടായതായി പറയുന്നു. കൃഷി ക്ഷയിച്ചതോടെ പലയിടത്തും കാവലാളുകളും ഇല്ലാതായി.

pilicode kunnamma theyyam vishnumoorthi agnipravesham

രയരമംഗലം ക്ഷേത്രത്തിന്റെ പരിധിയിൽപ്പെട്ട വയലേലകളിലെ കൃഷി സംരക്ഷണ ചുമതല പൈതൃകമായി കാവൽക്കാരുടെ അവകാശമാണ്‌. പിലിക്കോട്‌ രയരമംഗലം ക്ഷേത്രത്തിൻ്റെ അധികാരപരിധിയിൽ വരുന്ന വീത്കുന്ന്‌ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ആറോളം കാവൽക്കാരുണ്ട്‌.

നിയമനവും വ്രതാനുഷ്ഠാനവും

വേങ്ങക്കോട്ട്‌ ഭഗവതി ക്ഷേത്രം, കരക്കക്കാവ്‌ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്രേശൻമാരും കമ്മിറ്റി ഭാരവാഹികളുമാണ്‌ ഓരോ വർഷവും കാവൽക്കാരെ നിശ്ചയിച്ച്‌ നിയമിക്കുന്നത്‌. മണിയാണി, തീയ്യ സമുദായത്തിൽപ്പെട്ടവർക്കാണ്‌ കാവൽക്കാരാകുവാനുള്ള അവകാശാധികാരം. വിഷുസംക്രമമായ മേടം ഒന്നിനാണ്‌ പുതിയ കാവൽക്കാരെ തീർച്ചപ്പെടുത്തുന്നത്‌.

കഠിനവും കർക്കശവുമായ വ്രതവും ചിട്ടവട്ടങ്ങളും ആചാരാനുഷ്ഠാനങ്ങളും കാവൽക്കാർ പാലിക്കേണ്ടതുണ്ട്‌. കിഴക്ക്‌ വെള്ള കീറുമ്പോൾ ഉണർന്നെണീറ്റ്‌ കുളിയും ജപവും കഴിഞ്ഞ്‌ വയലേലകളിലിറങ്ങണം. അലഞ്ഞുതിരിയുന്ന കന്നുകാലികളെ തളയ്ക്കാൻ ആറു മാസക്കാലം തോളിൽ കറ്റക്കയർകെട്ട്‌ തൂക്കിയിടും. അഞ്ച്‌ മാസക്കാലം ചുമലിൽ തോർത്തും കൈയിൽ വെള്ളി കെട്ടിയ ആചാര വടിയും തലയിൽ പാളത്തൊപ്പിയും ധരിക്കും.

അധികാര കൈമാറ്റം

നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്നും മേടം ഒന്നിന്‌ വിഷുദിനത്തിൽ മേലത്ത്‌ അച്ഛനാണ്‌ കാവൽക്കാർക്ക്‌ വടിയും കയറും അടങ്ങിയ മുദ്ര നൽകുന്നത്‌. കാവലാളുകളിൽ യാദവവംശത്തിൽപ്പെട്ട ആൾക്കാണ്‌ മേലധികാരം. മുദ്ര കൈമാറുമ്പോൾ മേലത്ത്‌ അച്ഛൻ ഇപ്രകാരം പറയും: ‘പള്ളിക്കര ഭഗവതിയെയും പരദേവതയെയും മുദ്ര എടുത്തുതന്ന എന്നെയും പറയിപ്പിക്കാതെ നടന്നുകൊള്ളണം.’

അധികാര കൈമാറ്റം നടന്നുകഴിഞ്ഞാൽ നാടിന്റെ കാർഷിക സമ്പത്ത്‌ പരിപാലിച്ച്‌ അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്ന ഉത്തരവാദിത്വം കാവൽക്കാർ ഏറ്റെടുക്കും. ഈ അധികാര ചിഹ്നങ്ങൾ കുഞ്ഞിപ്പുളിക്കാൽ വിഷ്ണു മൂർത്തിക്ഷേത്ര ഒറ്റക്കോല മഹോത്സവദിനത്തിൽ തിരിച്ചേൽപ്പിക്കണം.

പുരാവൃത്ത കഥകൾ

കൊട്ടുമ്പുറത്ത്‌ കെട്ടിയാടുന്ന വിഷ്ണുമൂർത്തിക്കോലം മേലേരി ചാടിയതിനു ശേഷം വീതുകുന്ന്‌ വിഷ്ണുമൂർത്തി ക്ഷേത്രത്തിലും എത്തും. പഴയ നാട്ടുരാജാവായ അല്ലോഹലൻ്റെ (ഹാലാഹലൻ) താവളഭൂമിയായിരുന്നത്രേ വീതുകുന്ന്‌. ഹലന്റെ ദുഷ്പ്രവൃത്തികളിൽ പൊറുതിമുട്ടിയ ജനങ്ങളുടെ പ്രാർഥന കേട്ട്‌ സംഹാരരൂപിണിയായ രയരമംഗലത്തമ്മയുടെ തൃക്കണ്ണിൽ നിന്നും ഉഗ്രരൂപിണിയായ ഭഗവതി പിറന്നു. ഈ ഭഗവതിയാണ്‌ അല്ലോഹലനെ തലയറുത്ത്‌ വീഴ്ത്തിയതെന്നും ഇന്നും പൂരം കുളി ആറാട്ടിനായി അമ്മയുടെ തിടമ്പെഴുന്നള്ളുമ്പോൾ യാത്ര അസുരന്റെ നെഞ്ചിലൂടെയാണ്‌ എന്നും ഐതിഹ്യമുണ്ട്‌.

ശ്രീകൃഷ്ണാവതാരകാലം മുതൽ കാവൽക്കാരുടെ ഈ പ്രത്യേക ആചാരം തുടങ്ങിയിരിക്കാമെന്ന്‌ കരുതുന്ന മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്‌. കോസലരാജാവായ കാരൂശൻ്റെ കരുത്തരായ ആറ്‌ കൂറ്റൻ കാളകളെ തളച്ച ആറുവീരൻമാരെ ഭഗവാൻ കൃഷ്ണൻ്റെ മായാവിലാസത്താൽ സൃഷ്ടിച്ചുവെന്നും ഇവർ രാജകുമാരിയെ വിവാഹം ചെയ്‌തെന്നുമാണ്‌ ഈ കഥ.

പിലിക്കോടിന്റെ ഈ ഗ്രാമീണ വിശുദ്ധിയെക്കുറിച്ചും കാവൽക്കാരുടെ ആചാരത്തെക്കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Pilicode Veethukunnu Vishnumoorthi Theyyam on Saturday featuring Agnipravesham ritual.

#Pilicode #Theyyam #Vishnumoorthi #Agnipravesham #Kasaragod #KeralaCulture

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia