പെരുങ്കളിയാട്ടത്തിന് ജൈവ പച്ചക്കറി ഒരുക്കുന്നതിനായി വാഴക്കന്ന് വിതരണം; കൃഷി ഉത്സവമാക്കാന്‍ നാടൊരുങ്ങുന്നു
Feb 10, 2020, 16:33 IST
ആദൂര്‍: (www.kasargodvartha.com 10.02.2020) പെരുങ്കളിയാട്ടത്തിന് ജൈവ പച്ചക്കറി ഒരുക്കുന്നതിനായി വാഴക്കന്ന് വിതരണം ചെയ്തു. കൃഷി ഉത്സവമാക്കാന്‍ നാടൊരുങ്ങുകയാണ്. 2021 ജനുവരി 19 മുതല്‍ 24 വരെ നടക്കുന്ന ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായാണ് വാഴക്കന്ന് വിതരണം നടത്തിയത്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മഹോത്സവത്തിനാവശ്യമായ അരിയും പച്ചക്കറികറികളും ജൈവീകമായി ജനകീയ കൂട്ടായ്മയിലൂടെ ഉത്പാതിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.
ക്ഷേത്ര ഭണ്ഡാരപുരയില്‍ വച്ച് നടന്ന ചടങ്ങില്‍ ക്ഷേത്രസ്ഥാനികരുടെയും നാട്ടുകാരുടെയും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ആകെ 3000 ഓളം വാഴക്കന്നാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 1500 വാഴക്കന്നുകളാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. നെല്ല് കൃഷി വിത്ത് മഴക്കാലത്തിനു മുമ്പ് ജനങ്ങള്‍ക്ക് നല്‍കും. മഞ്ഞള്‍ പ്രസാദം നല്‍കുന്നതിനായി മഞ്ഞള്‍ കൃഷിയും ജനകീയ കൂട്ടായ്മയില്‍ നടത്തും. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയ റൈ വാഴക്കന്ന് വിതരണം ഉദ്ഘാടനം ചെയ്തു. പെരുങ്കളിയാട്ട മഹാത്സവ സമിതി ചെയര്‍മാന്‍ ബിപിന്‍ദാസ് റൈ അധ്യക്ഷത വഹിച്ചു. കാറഡുക്ക കൃഷിഭവനിലെ കൃഷി ഓഫീസര്‍ ഹുസൈന്‍ മുഖ്യാഥിതിയായിരുന്നു.
ചടങ്ങില്‍ കാറഡുക്ക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജനനി, പഞ്ചായത്ത് അംഗങ്ങളായ തസ്‌നി, രേണുകാദേവി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അനില്‍കുമാര്‍ മാസ്റ്റര്‍ സ്വാഗതവും പ്രകാശ് മാസ്റ്റര്‍ കുണ്ടാര്‍ നന്ദിയും പറഞ്ഞു. പെരുങ്കളിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2001 അംഗ സംഘാടക സമിതിയും 1001 അംഗ മാതൃസമിതിയുമാണ് ഇതിനായി പ്രവര്‍ത്തിച്ചുവരുന്നത്.
Keywords: Adoor, News, Kerala, Kasaragod, Religion, Mahothsavam, Vegitable, Inauguration, Temple, Perumkaliyatta maholsavam, Perumkaliyatta maholsavam on 2021 January 19 to 24