Analysis | ഓണം: മിത്തും ചരിത്രവും; കുടവയറും കൊമ്പൻ മീശയുമായി ഊരുചുറ്റുന്ന കോമാളിയല്ല മഹാബലി
* സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണത്തിൻ്റെ അകപ്പൊരുൾ.
ചന്ദ്രൻ മുട്ടത്ത്
(KasargodVartha) പൊന്നിൻചിങ്ങം പിറന്നു. മുറ്റത്തും പറമ്പിലും പൂക്കളുടെ വർണ്ണ വിസ്മയം. വയലേലകളിൽ കൊയ്ത്തിനായി സമൃദ്ധി നിറച്ച് കതിർക്കുലകൾ തലയുയർത്തി നിൽക്കുന്ന മനോഹരമായ കാഴ്ച്ച . ഓണത്തിനും പുത്തരിക്കും പത്തരിയുണ്ണാനുള്ള വിളവെടുപ്പിനായുള്ള തുടക്കം. വീടും പരിസരവും വൃത്തിയും വെടിപ്പുമാക്കി ഓണത്തെ വരവേൽക്കാനൊരുങ്ങി. ചാണകം മെഴുകിയ മുറ്റത്ത് പൂക്കളിട്ട് പടിഞ്ഞാറ്റക്കകത്ത് വാൽക്കിണ്ടിയിൽ ചിങ്ങ വെള്ളം വെച്ച് മഹാവിഷ്ണുവിനെയും മഹാബലിയെയും എതിരേൽക്കാൻ നാടും വീടും തയ്യാറായി കഴിഞ്ഞു.
അത്തം മുതൽ തിരുവോണം വരെയും ഇനി മാലോകർക്കെല്ലാം ഓണാഘോഷ രാവുകൾ. ജാതി മത വേർതിരിവുകളില്ലാതെ, കറുപ്പും വെളുപ്പും നിറഭേദങ്ങളേതുമില്ലാതെ ഒരുമയുടെ പൊന്നോണം. ഓണക്കോടിയും ഓണസദ്യയും മാത്രമല്ല മലയാളികൾക്ക് ഓണാഘോഷം. സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണത്തിൻ്റെ അകപ്പൊരുൾ. എല്ലാവരും ഒന്നാണെന്നും സ്നേഹ സന്തോഷങ്ങളും, പരസ്‌പര ബഹുമാനവും പാലിക്കാൻ നാമെല്ലാം തയ്യാറാകണമെന്ന കാഴ്ച്ചപ്പാട് ഓണം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഉള്ളവനും ഇല്ലാത്തവനും രണ്ടല്ലെന്നും, പരസ്പരം കൊണ്ടും കൊടുത്തും ഒപ്പം ഉണ്ടും ഉറങ്ങിയും കഴിയണമെന്ന പഴയകാല ജീവിത പാoങ്ങൾ ഓണം മറനീക്കുന്നുണ്ട്. സത്യവും അഹിംസയും സ്നേഹ ബഹുമാനവും ജീവിതത്തിൽ കൊണ്ടു നടന്ന ഒരു അസുരരാജാവിനെ ഓർമ്മിക്കുന്ന ഒരു സുദിനം. മഹാബലി, ത്രിലോകങ്ങളിലും അറിയപ്പെട്ട കീർത്തിമാൻ. ഗുരുവായ ശുക്രാചാര്യരുടെ അരുമശിഷ്യൻ. ഗുരുവിൻ്റെ എല്ലാ വിധ സ്നേഹവും ഉപദേശവും കിട്ടിയ സൽഗുണ സമ്പന്നൻ.
കുടവയറും കൊമ്പൻ മീശയുമായി വലിയൊരു കുടയുമെടുത്ത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഊരുചുറ്റുന്ന വെറുമൊരു കോമാളിയായാണ് പലരും മഹാബലിയെ വേഷപ്രച്ഛന്നമാക്കി കാണിക്കുന്നത്.
കരുണയും മഹാ മനസ്കതയും ഭയഭക്തിയുമുള്ള തേജോമയ രൂപമായിട്ടാണ് മഹാബലിയെ പുരാണ ഗ്രന്ഥങ്ങളിൽ ചിത്രീകരിച്ചിട്ടുള്ളത്. ബലി പൂജകളും യാഗങ്ങളും സല്‍ക്കര്‍മ്മങ്ങളും നിമിത്തം അതീവ തേജസ്വിയായ ഒരു അസുര ചക്രവർത്തി. അഗ്നിപോലെ ജ്വലിക്കുന്ന രൂപ ഭംഗിയുള്ള വ്യക്തിയായിട്ടാണ് ഭാഗവതത്തില്‍ മഹാബലിയെ വര്‍ണ്ണിക്കുന്നത്.
ഇന്ദ്രിയ ശക്തി, മന:ശക്തി, ദേഹശക്തി, പ്രഭാവം, ഭക്തി എന്നിങ്ങനെയുള്ള സത്ഗുണങ്ങളുള്ള ബലിയെ ആർക്കും തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം ഗുണഗണങ്ങളൊക്കെ ഉണ്ടായിരുന്നതിനാൽ തന്നെ പരാജയപ്പെടുത്താൻ ആരുമില്ലെന്ന ഹുങ്കും, അഹങ്കാരവും മഹാബലിക്കുണ്ടായിരുന്നു. ബലിയുടെ സര്‍വ നാശത്തിനും കാരണമായേക്കാവുന്ന ഈ അഹങ്കാരത്തെ നശിപ്പിക്കനാണ് ഭഗവാൻ വാമനനായി അവതരിച്ചത്. ഭക്തന്‍റെ മഹത്വത്തെ ഉയര്‍ത്താനായി ഭഗവാന്‍ ചെറിയവനായി വന്ന് മൂന്നടി മണ്ണ് യാചിച്ചു.
വാങ്ങുന്നവനെക്കള്‍ ഉയര്‍ന്നാണ് കൊടുക്കുന്നവന്‍റെ കൈകള്‍. ദാനത്തിന്‍റെ മഹാത്മ്യത്തെക്കൂടി ഇവിടെ കാണിച്ചു തരുന്നു. കേവലം നിസ്സാരമായ മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍ ബലിയുടെ അഹങ്കാരം വീണ്ടും വർധിക്കുകയായിരുന്നു. മഹാബലിയുടെ അഹന്ത കാരണമാണ് ഭഗവാന്‍ ത്രിവിക്രമ സ്വരൂപമെടുത്ത് ബലിയെ പരീക്ഷിച്ചത്.
വാമനമൂര്‍ത്തി മൂന്നടി മണ്ണ് യാചിച്ചപ്പോള്‍ ബലിയുടെ ഗുരുവായ ശുക്രാചാര്യര്‍ പറഞ്ഞതൊന്നും ഈ ദാനം മുടക്കാനയിരുന്നില്ല. ബലിയുടെ അറിവും ഭക്തിയും സത്യസന്ധതയും എടുത്ത് കാണിക്കാനായിരുന്നു.
മഹാബലിക്ക് സുതലത്തിൽ ആധിപത്യം നല്‍കി മഹാനാക്കാനാണ് ഭഗവാൻ ശ്രമിച്ചിട്ടുള്ളത്. ഇത് കൂടാതെ സര്‍വ്വദാ ദര്‍ശനമരുളിക്കൊണ്ട് സുതലത്തിന്‍റെ കാവൽക്കാരനായി വാമനമൂര്‍ത്തി മഹാബലിയോടൊപ്പം നിൽക്കുന്നതും മഹാബലിയുടെ ഭക്തിയുടെ ശക്തിയാണ് നമ്മെ പഠിപ്പിക്കുന്നത്.
ഓണത്തെക്കുറിച്ച് ഒരു പാട് വിശ്വാസവും അന്ധവിശ്വാസങ്ങളും നമുക്കിടയിലുണ്ട്. ഓണം നമ്മുടെ ദേശീയ ഉത്സവമായി മാറിയതുമായി ബന്ധപ്പെട്ട എഴുതപ്പെട്ടതും അല്ലാത്തതുമായ മിത്തും ചരിത്രവും ഒട്ടേറെയുണ്ട്. ഇതിൽ പല കഥകളും വിശ്വസിക്കാനാകാത്ത കെട്ടുകഥകളാണെന്നതാണ് പുരാണ ഇതിഹാസങ്ങളും ചരിത്രവും നമ്മെ ഓർമ്മപ്പെടുത്തുന്നത്. പൂർവ്വസൂരികളും ചരിത്രപണ്ഡിതൻമാരും, ഫോക് ലോർ ഗവേഷകരും എഴുതിയും പറഞ്ഞും രേഖപ്പെടുത്തി വയ്ക്കുകയും ചെയ്ത ചില വസ്തുതകൾ ഈ ഘട്ടത്തിൽ ഇനിയെങ്കിലും നാം മനസ്സിലാക്കി പഠിക്കേണ്ടതായുണ്ട്.
മഹാബലി ഒരിക്കലും കേരളം ഭരിച്ച ചക്രവര്‍ത്തി ആയിരുന്നില്ലെന്നാണ് ഒരു നിഗമനം. ഭാഗവതത്തില്‍ അഷ്ടമ സ്കന്ധം പതിനെട്ടാമത്തെ അദ്ധ്യായത്തില്‍ ഇരുപത്തിഒന്നാം ശ്ലോകത്തില്‍ നര്‍മ്മദാനദിയുടെ വടക്കേ തീരത്തില്‍ ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തില്‍ ഉത്തമ യാഗമായ അശ്വമേധയാഗം നടത്തുന്ന യാഗശാലയിലേക്കാണ് വാമനമൂര്‍ത്തി എത്തുന്നത്.
'തം നര്‍മ്മദായാസ്തട ഉത്തരേ ബാലേര്‍-
യ ഋത്വിജസ്തേ ഭൃഗുകച്ഛസംജ്ഞകേ
പ്രവര്‍ത്തയന്തോ ഭൃഗവാ; ക്രതുത്തമം
വ്യചക്ഷതാരാദുദിതം യഥാ രവിം' (8:18-21)
ഈ സ്ഥലം ഗുജറാത്തിലെ നർമ്മദാ തീരമാണ്. ഇന്നത്തെ ബറൂച്ച് എന്ന സ്ഥലം. മഹാബലി കേരളം ഭരിച്ച രാജാവായിരുന്നില്ലെന്ന് മഹാഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെ വാമനാവതാരവും , മഹാബലിയുടെ സത്യസന്ധതയും വിശദീകരിക്കുന്ന ശ്ലോകങ്ങൾ വായിച്ചാൽ ഇക്കാര്യം നമുക്ക് മനസ്സിലാകും.
കേരളത്തിൽ ഓണത്തിന് വലിയ പ്രാധാന്യം ലഭിച്ചതിനു പിന്നിലും ചരിത്രപരമായ ഒട്ടേറെ തെളിവുകളുണ്ട്.
അതിൽ പ്രധാനം പെരുമാൾ രാജ ഭരണവുമായി ബന്ധപ്പെട്ടതാണ്. പെരുമാള്‍ രാജവംശത്തില്‍പ്പെട്ട ധര്‍മ്മിഷ്ടനായ ഒരു രാജാവ് കേരളം ഭരിച്ചിരുന്നതായ ചരിത്രത്തിലൂന്നിയുള്ളതാണ് നമ്മുടെ ഓണവുമായി ബന്ധപ്പെട്ട ഒരു ചരിത്ര കഥ. ജനങ്ങൾക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. ഭക്തനായിരുന്ന അദ്ദേഹത്തിൻ്റെ ഇഷ്ട ഉപാസനാമൂർത്തി വാമനനായിരുന്നു. വാമന ഭഗവാന്‍റെ ജന്മദിനമായ ചിങ്ങമാസത്തിലെ തിരുവോണം അദ്ദേഹം ഉത്സവം പോലെ കൊണ്ടാടി.
തൃക്കാക്കരയിലുള്ള വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ തിരുവോണത്തിന് പത്തുദിവസം മുന്‍പ് അത്തം മുതല്‍ ആഘോഷം തുടങ്ങി. തന്‍റെ പ്രജകള്‍ എല്ലാവരും ഈ ആഘോഷത്തില്‍ പങ്കുചേരണം എന്ന അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ജാതിമതഭേദമന്യേ ദേശീയ ഉത്സവമാക്കി എല്ലാവരും സ്വന്തം വീടുകളില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങി. പത്താം ദിവസം മണ്ണില്‍ പ്രതിമയുണ്ടാക്കി (തൃക്കാക്കരയപ്പന്‍ എന്നാണ് സങ്കല്പം) വാമനമൂര്‍ത്തിക്ക് പൂജയും നൈവേദ്യവും നല്‍കി.
എല്ലാവരും സദ്യയും പുതുവസ്ത്രങ്ങളും കളികളുമായി ഓണം ആഘോഷിച്ചു വന്നു. പിന്നീട് സാമൂതിരിമാരും കോലത്തിരിമാരും കേരളം വിഭജിച്ചു ഭരിച്ചപ്പോള്‍ ആഘോഷങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായി. മലബാര്‍ ഭാഗത്ത് തൃക്കാക്കരയപ്പനെ വച്ചുള്ള പൂജാ സമ്പ്രദായം ഇല്ലാതാകാൻ ഇതൊരു കാരണമായി. വാമനമൂര്‍ത്തിയായ സാക്ഷാൽ മഹാവിഷ്ണുവിനെയും ഭഗവാനോട് ഭക്തി കാണിച്ച മഹാബലിയെയും ആരാധിച്ച് പൂജിക്കുന്ന മഹത്തായ ആഘോഷമാണ് കേരളീയർക്ക് ഓണം.
#Onam #Kerala #Mahabali #IndianMythology #history #festival