ഏഴാമത് സയ്യിദ് ത്വഹിറുൽ അഹ്ദൽ അവാർഡ് പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക് സമ്മാനിച്ചു; മുഹിമ്മാത്ത് ഉറൂസ് പ്രൗഢസമാപ്തി
● മർക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ ഉപഹാരം സമർപ്പിച്ചു
● 68 ഹിമമികളും 8 ഹാഫിളീങ്ങളും സനദ് സ്വീകരിച്ചു.
● സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി മുഹമ്മദ് ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്തു.
● മാലിക് ദീനാർ കൾച്ചറൽ ഫോറമാണ് അവാർഡ് ഏർപ്പെടുത്തിയത്.
പുത്തിഗെ: (KasargodVartha) മാലിക് ദീനാർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഏഴാമത് സയ്യിദ് ത്വഹിറുൽ അഹ്ദൽ അവാർഡ് കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും സുന്നി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക് സമ്മാനിച്ചു. പുത്തിഗെ മുഹിമ്മാത്തിൽ സയ്യിദ് ത്വഹിർ തങ്ങൾ ഇരുപതാം ഉറൂസിനോടനുബന്ധിച്ച് നടന്ന അഹലിയ്യ ആത്മീയ സമ്മേളനത്തിൽ വെച്ചാണ് അവാർഡ് സമർപ്പണം നടന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ പ്രശസ്തി പത്രവും മർക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ ഉപഹാരവും പള്ളങ്കോട് മദനിക്ക് കൈമാറി.
സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവർ ചേർന്ന് അവാർഡ് ജേതാവിനെ ഷാളണിയിച്ചു. സുന്നി പ്രസ്ഥാനത്തിന്റെ ജില്ലാ ഘടകത്തിന്റെ മുഖമായി അറിയപ്പെടുന്ന പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, 1986 മുതൽ എസ് എസ് എഫ്, എസ് വൈ എസ് സംഘടനകളുടെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സഅദിയ്യ ക്യാബിനറ്റ് അംഗം, മുഹിമ്മാത്ത് ഉപാധ്യക്ഷൻ, മള് ഹർ സെക്രട്ടറി തുടങ്ങി നിരവധി പദവികൾ അദ്ദേഹം അലങ്കരിക്കുന്നുണ്ട്.

ഉറൂസിനോടനുബന്ധിച്ച് നടന്ന സനദ് ദാന സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കേവലം ദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ മാത്രം രാഷ്ട്ര പുരോഗതി സാധ്യമല്ലെന്നും ആത്മീയവും ധാർമ്മികവുമായ മൂല്യങ്ങൾ വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ പുതുതലമുറയെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ സുലൈമാൻ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. ഈ വർഷം 68 ഹിമമികളും 8 ഹാഫിളീങ്ങളുമാണ് മുഹിമ്മാത്തിൽ നിന്ന് സനദ് സ്വീകരിച്ചത്.

മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ സ്വാഗതവും മാലിക് ദീനാർ കൾച്ചറൽ ഫോറം ചെയർമാൻ അബ്ദുൽ ലത്തീഫ് സഅദി ഉറുമി ആമുഖ പ്രഭാഷണവും നടത്തി. വി പി എം ഫൈസി വില്യപ്പള്ളി, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, എ കെ എം അഷ്‌റഫ് എം എൽ എ, കരീം ഹാജി ചാലിയം തുടങ്ങി രാഷ്ട്രീയ-സാമൂഹിക-മത രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാർ കൾച്ചറൽ ഫോറം കഴിഞ്ഞ ഏഴ് വർഷമായി സയ്യിദ് ത്വഹിറുൽ അഹ്ദൽ തങ്ങളുടെ പേരിൽ അവാർഡ് നൽകി വരുന്നുണ്ട്. തബറുക്ക് വിതരണത്തോടെ പ്രൗഢമായ ഉറൂസ് ചടങ്ങുകൾക്ക് സമാപനമായി.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: The 7th Sayyid Thahirul Ahdal Award was presented to Pallangode Abdul Qadir Madani by Samastha President E Sulaiman Musliyar during the Muhimmath Uroos finale.
#MuhimmathUroos #ThahirulAhdalAward #PallangodeAbdulQadirMadani #KasaragodNews #SunniMovement #IslamicAwards #KeralaMuslimJamaath #MuhimmathEducationCentre






