പ്രവാചക സ്നേഹം അലയടിച്ച് നാടും നഗരവും; വർണാഭമായ റാലികളും മൗലീദ് സദസ്സുകളുമായി നാടെങ്ങും നബിദിനാഘോഷം
● വെള്ള വസ്ത്രമണിഞ്ഞ കുരുന്നുകളും ദഫ് മുട്ടും സ്കൗട്ടും റാലികളുടെ പ്രധാന ആകർഷണമായി
● കാസർകോട് നഗരത്തിൽ നെല്ലിഅക്കുന്ന് മുഹ്‌യുദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടന്നു
● വിവിധ മദ്റസകളുടെ നബിദിന റാലികളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്നു
● നബിദിന ഘോഷയാത്രകൾക്ക് വിവിധ കേന്ദ്രങ്ങളിൽ മധുരക്കിറ്റുകളും പാനീയങ്ങളും നൽകി സ്വീകരിച്ചു
കാസർകോട്: (KasargodVartha) മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ അറബി മാസം (ഹിജ്റ വർഷം) റബീഉൽ അവ്വൽ 12-ന് ഇസ്ലാം മത വിശ്വാസികൾ ലോകമെമ്പാടും നബിദിനം ഈദ് മിലാദായി ആഘോഷിച്ചുവരുന്നു. ഈ ദിവസത്തെ മീലാദുന്നബി, മീലാദ് ശരീഫ്, ഈദ് മീലാദ് എന്നൊക്കെ വിശേഷണങ്ങളാലാണ് ആഘോഷിക്കപ്പെടുന്നത്. അറേബ്യൻ ഉപദ്വീപിലെ മക്കയിൽ എഡി 570-ലാണ് കാരുണ്യത്തിൻ്റെ പ്രവാചകനായ മുഹമ്മദ് നബി ജനിക്കുന്നത്.
റബീഉൽ അവ്വൽ മാസം പിറന്നത് മുതൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമാവും. പള്ളികളും മദ്റസകളും അലങ്കരിച്ച് നബിദിന മാസത്തെ വരവേൽക്കും. നബിയുടെ പിറവി ദിനമായ റബീഉൽ അവ്വൽ 12-നാണ് രാത്രി പള്ളികൾ കേന്ദ്രീകരിച്ച് ഗ്രാൻഡ് മൗലൂദ് സദസ്സുകൾ സംഘടിപ്പിക്കുന്നത്. പുലർച്ചെ മദ്റസകൾ കേന്ദ്രീകരിച്ച് നബിദിന റാലികൾ നടക്കും. പ്രവാചക കീർത്തനങ്ങളും മദ്ഹുകളാലും ആഹ്ലാദം വിളിച്ചോതുന്നതാകും നബിദിന റാലികൾ.

പാൽക്കടൽ പോലെ കുട്ടികൾ വെള്ള പുതുവസ്ത്രമണിഞ്ഞാണ് നബിദിന റാലികളിൽ പങ്കെടുക്കുന്നത്. റാലികളിലെ ദഫ് മുട്ടും സ്കൗട്ടും ഏറെ ആകർഷകരമാണ്. നബിദിന റാലികൾ കാണാൻ നൂറുകണക്കിനാളുകൾ റോഡരികിൽ തടിച്ചുകൂടും. റാലികളിൽ മദ്റസ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും യുവാക്കളും അണിനിരക്കും. നബിദിന ഘോഷയാത്രയ്ക്ക് വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വീകരണവും മധുരപലഹാരവും പാനീയങ്ങളും പായസവും ചീരണിയും വിതരണം ചെയ്തുവരുന്നു. റാലികളിൽ പാടുന്ന മദ്ഹ് ഗാനങ്ങളും ബുർദ ആലാപനങ്ങളും പ്രവാചകനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന തനത് കലാരൂപങ്ങളാണ്.
തളങ്കര മാലിക് ദീനാർ, തായലങ്ങാടി, തെരുവത്ത്, നായന്മാർമൂല, സന്തോഷ് നഗർ, പാണലം തുടങ്ങിയ ഭാഗങ്ങളിലും തൃക്കരിപ്പൂർ, ചെറുവത്തൂർ, പടന്ന ഭാഗങ്ങളിലും കാഞ്ഞങ്ങാട്, ചിത്താരി, അജാനൂർ, പള്ളിക്കര, ബേക്കൽ, കോട്ടിക്കുളം, ഉദുമ, കളനാട്, മേല്പറമ്പ്, ദേളി, ചട്ടഞ്ചാൽ, തെക്കിൽ, ചെർക്കള, ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലും തീരപ്രദേശങ്ങങ്ങളിലും മലയോരത്തുമെല്ലാം വലിയ രീതിയിൽ നബിദിന ഘോഷയാത്രകൾ നടന്നു.
മൊഗ്രാലിൽ നൂറുകണക്കിന് ആളുകൾ അണിനിരന്ന മീലാദ് റാലി
മൊഗ്രാലിൽ വിവിധ മദ്റസകളുടെ ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്രകൾ സംഘടിപ്പിച്ചു. സിറാജുൽ ഉലൂം മദ്റസ കൊപ്പളം, ഹയാത്തുൽ ഇസ്‌ലാം മദ്റസ കുന്നിൽ, നൂറുൽ ഹുദാ മദ്റസ, ബദ്റുൽ ഉലൂം മദ്റസ തുടങ്ങിയ മദ്റസകളുടെ നേതൃത്വത്തിൽ ആയിരത്തോളം വരുന്ന വിദ്യാർഥികൾ മൊഗ്രാൽ ടൗൺ കേന്ദ്രീകരിച്ച് നബിദിന ഘോഷയാത്രയിൽ അണിനിരന്നു.

മദ്റസകളിലും നബിദിനത്തിലും പിന്നീടുള്ള ദിവസങ്ങളിലും മദ്റസ വിദ്യാർഥികൾക്കായി ഇസ്‌ലാമിക കലാ മത്സരങ്ങൾ അരങ്ങേറും. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഗ്രാൻഡായിട്ടുള്ള സമ്മാനങ്ങളാണ് പള്ളി-മദ്റസ കമ്മിറ്റികൾ നൽകുന്നത്.

കാസർകോട് നഗരത്തെ പുളകമണിയിച്ച് നെല്ലിക്കുന്ന് ജമാഅത്ത്
അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം പള്ളികളിലും മദ്റസകളിലും കേന്ദ്രീകരിച്ച് ചൊവ്വാഴ്ച (ഓഗസ്റ്റ് 25) നടന്നു. രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മദ്റസ വിദ്യാർഥികളുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. പള്ളി പരിസരത്ത് പതാക ഉയർത്തിയ ശേഷം റാലി ബീച്ച് റോഡ്, പഴയ ബസ് സ്റ്റാൻഡ്, പള്ളം വഴി നെല്ലിക്കുന്നിൽ സമാപിച്ചു. റാലിക്ക് വഴിനീളെ ശീതള പാനീയങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
റാലിക്ക് ഖത്തീബ് ജി എസ് അബ്ദുൽ റഹ്‌മാൻ മൗലവി, മുൻ എംഎൽഎ എൻ എ നെല്ലിക്കുന്ന്, ഹനീഫ് നെല്ലിക്കുന്ന്, എൻ എ ഹമീദ് നെല്ലിക്കുന്ന്, കട്ടപ്പണി കുഞ്ഞാമു തുടങ്ങിയവരടക്കമുള്ള ഭാരവാഹികൾ നേതൃത്വം നൽകി. ബീച്ച് മുബാറക് പള്ളി പരിസരത്ത് റാലിയിൽ അണിനിരന്നവർക്ക് പ്രത്യേക കിറ്റ് നൽകി. ബങ്കരക്കുന്ന് നുബ്ദത്തുൽ ഉലൂം മദ്റസയിൽ കമ്മിറ്റി പ്രസിഡൻ്റ് ടി എ മഹ്‌മൂദ് ഹാജി കൽക്കണ്ടി പതാക ഉയർത്തി. കടപ്പുറം, പള്ളം, കണ്ടത്തിൽ, നെല്ലിക്കുന്ന് ജങ്ഷൻ മദ്റസകളിലും നബിദിനാഘോഷം നടത്തി.
കുരുന്നുകൾക്ക് മധുരമൊരുക്കി ആസ്ക് ആലംപാടി
നബിദിനാഘോഷത്തിൻ്റെ ഭാഗമായി ആലംപാടിയിൽ നിന്നും നാൽത്തടുക്കയിൽ നിന്നും ഘോഷയാത്രയായി വന്ന കുരുന്നുകൾക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി ആസ്ക് ആലംപാടി. ഘോഷയാത്രയിൽ പങ്കെടുത്ത കുരുന്നുകൾക്കും മുതിർന്നവർക്കും ആസ്ക് ആലംപാടിയുടെ നേതൃത്വത്തിൽ മധുരമടങ്ങിയ കിറ്റ് വിതരണം ചെയ്തു. പ്രവാചക സ്നേഹത്തിൻ്റെ പ്രതീകമായി ഒരുക്കിയ മധുരക്കിറ്റുകൾ കുട്ടികൾക്ക് ഏറെ കൗതുകമായി. ക്ലബ് പരിസരത്ത് വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ ആസ്ക് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി. നാടിൻ്റെ ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു ആസ്ക് ആലംപാടിയുടെ ഈ മാതൃകാ പ്രവർത്തനം.

ഭക്തിസാന്ദ്രമായി കളനാട് നബിദിന ഘോഷയാത്ര
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കളനാട് ഭക്തിസാന്ദ്രമായി നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി, യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി, ഖത്തർ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വർണ്ണാഭമായ ഘോഷയാത്ര നടന്നത്. മഹല്ല് നിവാസികളും പ്രവാസികളും സംയുക്തമായി നാടിന്റെ ഈ ആത്മീയ സംഗമത്തിൽ പങ്കാളികളായി. ഖത്വീബ് അബ്ദുൽ ഖാദർ മദനി പള്ളങ്കോട് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
കളനാട് ഇആനത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ, കളനാട് ഹദ്ദാദ് ബുസ്താനുൽ ഉലൂം സെക്കൻഡറി മദ്രസ തുടങ്ങിയ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഘോഷയാത്ര നടന്നത്. ഈ മദ്രസകളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ അണിനിരന്നു. പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ, സെക്രട്ടറി ഷെരീഫ് തോട്ടം, ട്രഷറർ അബ്ദുൽ ഹകീം ഹാജി കോഴിത്തിടിൽ തുടങ്ങിയ മഹല്ല് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും കൊടികളേന്തി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ദഫിൻ്റെയും സ്കൗട്ടിൻ്റെയും അകമ്പടിയോടെ നബികീർത്തനങ്ങളും സ്വലാത്തുകളും ചൊല്ലി നടന്ന ഘോഷയാത്ര നാടിന് വലിയ ആത്മീയ ഉണർവേകി. അയ്യങ്കോൽ, റഹ്‌മത്ത് നഗർ, ഹദ്ദാദ് നഗർ, ബിലാൽ നഗർ, കൊമ്പൻപാറ, കളനാട് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പള്ളികൾ കേന്ദ്രീകരിച്ച് സ്വീകരണം ഏർപ്പെടുത്തി.

നബിദിനാഘോഷങ്ങൾ: സംശയങ്ങളും മറുപടിയും
നബിദിനം ഏത് അറബി മാസത്തിലാണ് ആഘോഷിക്കുന്നത്?
ഉത്തരം: ഹിജ്റ കലണ്ടറിലെ റബീഉൽ അവ്വൽ മാസം 12-നാണ് നബിദിനം അഥവാ മീലാദുന്നബി ആഘോഷിക്കുന്നത്.
നബിദിന റാലികളുടെ പ്രധാന ആകർഷണങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: വെള്ള വസ്ത്രമണിഞ്ഞ കുട്ടികൾ അണിനിരക്കുന്ന ഘോഷയാത്രകളിൽ ദഫ് മുട്ട്, സ്കൗട്ട്, മദ്ഹ് ഗാനാലാപനങ്ങൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
റാലികൾക്ക് നൽകുന്ന സ്വീകരണങ്ങളുടെ പ്രത്യേകത എന്താണ്?
ഉത്തരം: ജാതിമത ഭേദമന്യേ വിവിധ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നബിദിന റാലികൾക്ക് സ്വീകരണം നൽകുകയും മധുരപലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്യുകയും ചെയ്യാറുണ്ട്. ഇത് നാടിൻ്റെ ഐക്യവും സാഹോദര്യവും വർധിപ്പിക്കുന്നു.
സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം പകരുന്ന ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. നിങ്ങളുടെ നാടുകളിലെ നബിദിന വിശേഷങ്ങളും ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക.
Article Summary: Elaborate Milad un Nabi celebrations, rallies, and Moulid gatherings were held across various places, spreading the message of love and unity.
#MiladUnNabi #ProphetMuhammad #EidMilad #KeralaMuslims #Mogral #Nellikkunnu #Alampady #KasaragodNews #AparnaNews






