തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങാൻ പറ്റുന്നില്ല; കർണാടകയും ഉത്തരേന്ത്യ പോലെ; നടപടി വേണമെന്ന് മാർ ജോസ് പാംപ്ലാനി
● മതപരിവർത്തന നിയമപരിഷ്‌കരണം വിശ്വാസികളെ ശ്വാസംമുട്ടിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
● അധ്യാപകരുടെ കാര്യത്തിൽ സഭയുടെ ആവശ്യം അംഗീകരിച്ചതിനും വന്യജീവി നിയമം പരിഷ്‌കരിച്ചതിനും അദ്ദേഹം പിണറായി സർക്കാരിനെ പ്രശംസിച്ചു.
● കർഷകരുടെയും മലയോര ജനതയുടെയും അവകാശ സംരക്ഷണത്തിനായി വേണ്ടി വന്നാൽ ജയിൽവാസത്തിന് വരെ തയ്യാറാണെന്നും പ്രഖ്യാപിച്ചു.
● മുനമ്പം വിഷയത്തിൽ ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
● കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയ ശക്തിയെന്ന നിലയിൽ മറുപടി പറയാൻ തങ്ങൾക്കറിയാമെന്ന് പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പൻ പറഞ്ഞു.
പാണത്തൂര്‍: (KasargodVartha) ഉത്തരേന്ത്യയിലെ സാഹചര്യത്തിന് സമാനമായി കർണാടകയിലും തിരുവസ്ത്രമണിഞ്ഞ് ക്രിസ്‌ത്യൻ പുരോഹിതർക്ക് പുറത്തിറങ്ങാനും സ്വതന്ത്രമായി യാത്ര ചെയ്യാനും സാധിക്കുന്നില്ലെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മതപരിവർത്തന നിയമപരിഷ്‌കരണം വിശ്വാസികളെ ശ്വാസംമുട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും ക്രിസ്‌ത്യൻ പുരോഹിതർക്ക് തിരുവസ്ത്രമണിഞ്ഞ് യാത്ര ചെയ്യാനും കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാനും സാധിക്കുന്നില്ലെന്നതാണ് നിലവിലെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക സർക്കാരിനെതിരെ വിമർശനം
ഇതിനെതിരെ കർണാടക സർക്കാർ നടപടിയെടുക്കുന്നില്ലെന്നും മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അവകാശ സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് അദ്ദേഹം കർണാടക സർക്കാരിൻ്റെ നിലപാടിനെ ചോദ്യം ചെയ്തത്. ക്രിസ്തുമത വിശ്വാസികളെ ശ്വാസം മുട്ടിക്കുന്ന സംഘപരിവാർ സമീപനം ഉത്തരേന്ത്യയിൽ നിന്ന് കർണാടകത്തിലേക്ക് വ്യാപിക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര കാസർകോട് പാണത്തൂരിലാണ് ആരംഭിച്ചത്.
പിണറായി സർക്കാരിന് പ്രശംസ
സംസ്ഥാനത്തെ ചില വിഷയങ്ങളിൽ പിണറായി സർക്കാരിനെ പ്രശംസിക്കാനും മാർ ജോസഫ് പാംപ്ലാനി മടിച്ചില്ല. അധ്യാപകരുടെ കാര്യത്തിൽ സഭയടക്കമുള്ളവരുടെ ആവശ്യം സർക്കാർ അംഗീകരിച്ചെന്നും വിഷയത്തിൽ പിണറായി സർക്കാരിനോട് നന്ദി പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലരും ബഹളം വെച്ചിട്ടും മന്ത്രിയടക്കം എതിർത്തിട്ടും മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നെന്ന് അദ്ദേഹം വിശദമാക്കി.
വന്യജീവി നിയമം പരിഷ്‌കരിച്ച വിഷയത്തിലും ആർച്ച് ബിഷപ് സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു. 'മുഖ്യമന്ത്രി ചെയ്‌തത് നല്ലകാര്യമാണ്' എന്നായിരുന്നു പ്രശംസ. കർഷകരുടെയും മലയോര ജനതയുടെയും സാധാരണക്കാരുടെയും അവകാശ സംരക്ഷണത്തിനായി വേണ്ടി വന്നാൽ ജയിൽവാസത്തിന് വരെ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണം
കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയല്ലെങ്കിലും രാഷ്ട്രീയ ശക്തിയെന്ന നിലയിൽ പലകാര്യങ്ങളിലും മറുപടി പറയാൻ തങ്ങൾക്കറിയാമെന്ന് കത്തോലിക്ക പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പൻ ചടങ്ങിൽ പറഞ്ഞു. മുനമ്പം വിഷയത്തിൽ ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്‌തുകൊണ്ട് ആവശ്യപ്പെട്ടു.
ഉത്തരേന്ത്യൻ സമീപനം കർണാടകയിലേക്ക് വ്യാപിക്കുകയാണോ? വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Archbishop Pamplany criticized Karnataka govt over restrictions on priests wearing vestments and praised Pinarayi's govt.
#MarJosephPamplany #KarnatakaGovt #VestmentIssue #PinarayiPraise #CatholicCongress #ReligiousFreedom






