Madinah | മദീന: പ്രണയത്തിന്റെ പുണ്യഭൂമി
ഫാത്വിമ റൈഫ ഇഫ്ഫത്ത്
(KasargodVartha) ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ പണ്ഡിതന്മാരിൽ ഒരാളായ ഇമാം മാലിക്, അസുഖം ബാധിച്ചിട്ടും മദീനയുടെ പരിധിയിൽ നിന്ന് ഒരു ചുവട് പോലും മാറി നിൽക്കാൻ തയ്യാറായില്ല. മദീനയിലെ ഓരോ മണൽത്തരിയിലും മുഹമ്മദ് നബിയുടെ സ്പർശം അനുഭവപ്പെട്ട അദ്ദേഹം, ഈ പവിത്രമായ മണ്ണിനോട് അഗാധമായ ബഹുമാനം കാണിച്ചു. ചെരുപ്പ് ധരിക്കാതെയും വാഹനം ഉപയോഗിക്കാതെയും മദീനയിൽ നഗ്നപാദനായി സഞ്ചരിച്ച അദ്ദേഹം, 'നബിയുടെ കാലടികള്‍ പതിഞ്ഞ മണല്‍തരികള്‍ക്ക് മുകളിലൂടെ, നബി തങ്ങള്‍ കിടക്കുന്ന ഈ മണ്ണിലൂടെ കുതിരയുടെ കുളമ്പടികള്‍ പതിപ്പിച്ചു യാത്ര ചെയ്യുന്നതു എത്ര മാത്രം ലജ്ജാകരമാണ്', എന്ന് പറഞ്ഞുകൊണ്ട് തന്റെ വികാരം വ്യക്തമാക്കി.
ഇമാം മാലികിന്റെ ഈ വാക്കുകൾ, മദീനയോടുള്ള മുസ്ലിംകളുടെ അഗാധമായ സ്നേഹം വ്യക്തമാക്കുന്നു. ഒരാളോടുള്ള അഗാധമായ വാത്സല്യത്തിൻ്റെയും ഇഷ്ടത്തിന്റെയും തീവ്രമായ വികാരമാണ് സ്നേഹം. മദീന, പ്രണയത്തിന്റെ, സ്നേഹത്തിന്റെ, ഐക്യത്തിന്റെ പുണ്യഭൂമിയാണ്. അവിടെയെത്തുന്ന ഓരോ മുസ്ലിമിന്റെയും ഹൃദയം നിറഞ്ഞൊഴുകും. ജീവിതത്തിൽ ഒരിക്കലെങ്കിലും ആ പുണ്യഭൂമിയിലെത്താൻ കൊതിക്കുന്നവരാണ് ഓരോ ഇസ്ലാം മത വിശ്വാസിയും. മദീനയിലെ ഓരോ കോണും പ്രണയത്തിന്റെ ചരിത്രം പറയുന്നു. പ്രവാചകനും സഹാബികളും പങ്കിട്ട സ്നേഹത്തിന്റെ കഥകൾ ഓരോ ഭിത്തിയിലും പതിഞ്ഞിരിക്കുന്നു.
സൗദി അറേബ്യയിലെ ഹിജാസ് പ്രദേശത്താണ് മദീന സ്ഥിതി ചെയ്യുന്നത്. അറബി ഭാഷയിൽ 'മദീന' എന്നാൽ 'നഗരം' എന്നാണ് അർഥം. പുരാതന കാലത്ത് യസ്രിബ് എന്നായിരുന്നു ഈ നഗരത്തിന്റെ പേര്. പ്രവാചകൻ മുഹമ്മദ് നബി ഈ നഗരത്തിലേക്ക് പലായനം ചെയ്തതിനുശേഷമാണ് ഇതിന് മദീന എന്ന പേര് ലഭിച്ചത്.
മദീനയുടെ ചരിത്രം വളരെ പുരാതനമാണ്. നൂഹ് നബിയുടെ നാലാം തലമുറയായ അമാലിയ വിഭാഗക്കാരാണ് മദീനയിലെ ആദിമ സമൂഹം എന്നും ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്. പിന്നീട് ജൂതന്മാരും ഇവിടെ കുടിയേറി. ഔസ്, ഖസ്റജ് എന്നീ അറബി ഗോത്രങ്ങളായിരുന്നു അക്കാലത്ത് മദീനയിലെ പ്രധാന ഗോത്രങ്ങൾ.
ഈ ഗോത്രക്കാർ തമ്മിൽ പലപ്പോഴും വലിയ തർക്കങ്ങളും യുദ്ധങ്ങളും ഉണ്ടാകാറുണ്ടായിരുന്നു. ഒരു കുടുംബത്തെപ്പോലെ ഒന്നിച്ചു നിൽക്കുന്നതിനു പകരം, ഓരോ ഗോത്രവും സ്വന്തം താൽപര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. യസ്‌രിബിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം കൃഷിയായിരുന്നു. പ്രത്യേകിച്ച് ഈന്തപ്പഴം കൃഷി അവിടെ വളരെ പ്രധാനമായിരുന്നു. ഈന്തപ്പഴം അവരുടെ പ്രധാന ആഹാരമായിരുന്നു, അതുപോലെ തന്നെ വ്യാപാരം ചെയ്യാനും ഉപയോഗിച്ചിരുന്നു. വ്യാപാരം വഴി മറ്റ് നാടുകളിൽ നിന്നുള്ള സാധനങ്ങൾ യസ്രിബിലേക്ക് എത്തിയിരുന്നു.
യസ്രിബിൽ ഒരു രാജാവോ അല്ലെങ്കിൽ എല്ലാവരും അനുസരിക്കുന്ന ഒരു നേതാവോ ഉണ്ടായിരുന്നില്ല. ഓരോ ഗോത്രവും സ്വന്തം തീരുമാനങ്ങൾ എടുക്കുകയും സ്വന്തം നിയമങ്ങൾ പാലിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഇത് പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമായി. ഇങ്ങനെ പല പ്രശ്‌നങ്ങളും നേരിട്ട് കൊണ്ടിരിക്കുന്ന സമയത്താണ് പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്ന് യസ്രിബിലേക്ക് വന്നത്. പ്രവാചകന്റെ വരവോടെ മദീന ഒരു പുതിയ അധ്യായത്തിലേക്ക് പ്രവേശിച്ചു.
മദീനക്കാരും (അൻസാരികളും), മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയവരും (മുഹാജിറുകൾ) തമ്മിലുണ്ടായ ബന്ധം ലോകത്തിന് മുന്നിൽ ഒരു മാതൃകയായി. അവരുടെ പരസ്പര സ്നേഹവും സഹായവും ഇസ്‌ലാമിന്റെ മൂല്യങ്ങളുടെ പ്രകടനമായിരുന്നു. മദീന എപ്പോഴും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായിരുന്നു. വിവിധ വംശീയ, സാംസ്കാരിക പശ്ചാത്തലങ്ങളുള്ള ആളുകൾ മദീനയിൽ സമാധാനത്തോടെ ജീവിച്ച് വരുന്നു. മദീനയിലെ ജീവിതം സ്നേഹത്തിന്റെയും കരുണയുടെയും പാഠങ്ങൾ പഠിപ്പിക്കുന്നു. പ്രവാചകന്റെ സ്വഭാവം, സഹാബികളുടെ പരസ്പര സ്നേഹം എന്നിവ ഇതിന് ഉദാഹരണമാണ്.
മദീന വിശ്വാസത്തിന്റെയും പരീക്ഷണശാലയായിരുന്നു. പ്രവാചകനും സഹാബികളും വിവിധ പ്രതിസന്ധികൾ നേരിട്ടെങ്കിലും അവർ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിന്നു. മദീന ലോകത്തിന് ഒരു വെളിച്ചമാണ്. ഇസ്‌ലാമിന്റെ സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിൽ ഈ പുണ്യനഗരി ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മദീനയിൽ നിന്ന് നമുക്ക് പഠിക്കാനുള്ള പാഠങ്ങൾ നിരവധിയാണ്. സ്നേഹം, സഹോദരത്വം, സമാധാനം, സഹിഷ്ണുത എന്നീ മൂല്യങ്ങൾ മദീന പകർന്നുതരുന്നു.
മനുഷ്യഹൃദയങ്ങളെ തൊട്ടുണർത്തുന്ന അനുഭൂതിയാണ് മുഹമ്മദ് നബിയുടെ പ്രണയലോകം. ഒരു കുഞ്ഞിനെ മാതാവ് സ്നേഹിക്കുന്നതിനേക്കാൾ അഗാധമായാണ് നബി സമുദായത്തെ സ്നേഹിച്ചത്. ഓരോ അനുയായിയുടെയും സന്തോഷവും ദുഃഖവും തന്റെതായി കരുതിയ നബി, അവരുടെ ഹൃദയങ്ങളിൽ നന്മയുടെ വിത്തുകൾ വിതറി. ആ സ്നേഹത്തിന്റെ തണലിൽ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പുതുക്കപ്പെട്ടു. അത്തരമൊരു അനന്തമായ സ്നേഹത്തിന് പകരമായി, ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ അനുരാഗത്തിന്റെ അഗ്നിജ്വാലകൾ പടർന്നുപന്തലിക്കുന്നു.
നബിയോടുള്ള സ്നേഹം, അനുസരണം, ആദരവ് എന്നിവയാണ് ഈ അഗ്നിയുടെ ഇന്ധനം. നബിയുടെ വചനങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുക, ജീവിതരീതി പിൻപറ്റുക, സ്മരിക്കുക എന്നിവയിലൂടെയാണ് ഈ സ്നേഹം പ്രകടിപ്പിക്കുന്നത്. നബിയോടുള്ള സ്നേഹം ഒരു വിശ്വാസിയുടെ ഹൃദയത്തിൽ നിന്നും ഉദ്ഭവിക്കുന്ന സ്വാഭാവികമായ ഒരു പ്രതികരണമാണ്. അത് ജീവിതത്തിന് അർത്ഥവും ദിശയും നൽകുന്നു. ഓരോ വിശ്വാസിയിലും നബിയുടെ സ്നേഹത്തിന്റെ അംശമുണ്ട്. മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുനിന്നും മദീനയിലേക്ക് സ്നേഹാർദ്രമായ പ്രകീർത്തനങ്ങൾ ഒഴുകിയെത്തുകയാണ്.
#Medina #Islam #ProphetMuhammad #SaudiArabia #IslamicHistory #Travel