Celebration | കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് സമാപനം

● നിരവധി ഭക്തജനങ്ങൾ പങ്കെടുത്തും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
● ഞായറാഴ്ച രാത്രിയിലെ മഹാപൂജയ്ക്കും, ശ്രീഭൂതബലിക്കും ശേഷം പരിപാടികൾക്ക് സമാപനമായി.
● കഴിഞ്ഞ ഒരാഴ്ചയായി കുമ്പള പോലീസ് വിശ്രമമില്ലാതെ ഡ്യൂട്ടിയിലായിരുന്നു.
കുമ്പള: (KasargodVartha) കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി നടന്നുവരുന്ന കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് സമാപനമായി. ഇപ്രാവശ്യത്തെ ആഘോഷ പരിപാടികൾക്ക് അനവധി ഭക്തജനങ്ങൾ കുമ്പളയിലേക്ക് ഒഴുകിയെത്തി. കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിലെ അടക്കം വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ആഘോഷ പരിപാടികളിൽ പങ്കെടുത്ത രാത്രിയോടെ മടങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വെടിക്കെട്ട് ഉത്സവത്തിന് കൊടിയേറിയത്. പിന്നീടങ്ങോട്ട് കുമ്പളയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. ശനിയാഴ്ചയായിരുന്നു വെടിക്കെട്ട്. ഞായറാഴ്ച രാത്രിയിലെ മഹാപൂജയ്ക്കും, ശ്രീഭൂതബലിക്കും ശേഷം പരിപാടികൾക്ക് സമാപനമായി. ആഘോഷ പരിപാടികൾക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
ആഘോഷത്തിന്റെ ഭാഗമായി നൂറുകണക്കിന് വളണ്ടിയർമാരുടെ സേവനവും ഉണ്ടായിരുന്നു. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ ഏഴുപേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തത് ഒഴിച്ചാൽ മറ്റു ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ ക്ഷേത്രോത്സവം വളരെ ഭക്തിയോടും, ചിട്ടയോടു കൂടിയും നടത്താനായത് സംഘാടകർക്കും, പൊലീസിനും ആശ്വാസമായി.
കഴിഞ്ഞ ഒരാഴ്ചയായി കുമ്പള പോലീസ് വിശ്രമമില്ലാതെ ഡ്യൂട്ടിയിലായിരുന്നു. ഭക്തജനങ്ങളെയും,കുമ്പള ടൗണിൽ എത്തുന്ന വാഹനങ്ങളെയും നിയന്ത്രിക്കാൻ നൂറോളം പോലീസിനെയാണ് ആഘോഷത്തിന്റെ ഭാഗമായി കുമ്പളയിൽ നിയമിച്ചിരുന്നത്.
ക്ഷേത്ര പരിസരത്തെ റോഡുകളിലെല്ലാം ഭക്ഷണശാലകളിലും, മധുര കടകളിലുമെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. ബദിയടുക്ക റോഡിന് സമീപത്തെ എക്സ്പോയിലും നല്ല തിരക്ക് അനുഭവപ്പെട്ടു. തെരുവോര കച്ചവടങ്ങൾ പൊടിപൊടിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം നല്ല കച്ചവടം ലഭിച്ചിട്ടുണ്ടെന്ന് തെരുവോരക്കച്ചവടക്കാർ പറയുന്നുമുണ്ട്.
#KumbalaFestival, #GopalakrishnaTemple, #Devotees, #Kumbala, #FestivalConclusion, #KumbalaCelebration