കേരള മുസ്ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന നഗരിയിൽ പതാക ഉയർന്നു
● തളങ്കരയിൽ നിന്നാരംഭിച്ച ആവേശകരമായ ഫ്ലാഗ് മാർച്ചിന് ശേഷമാണ് സമ്മേളന നഗരിയിൽ പതാക ഉയർത്തിയത്.
● സമസ്തയുടെ ഔദ്യോഗിക പതാക അംഗീകരിച്ചതിന്റെ 63-ാം വാർഷിക വേളയിലാണ് ഈ യാത്ര.
● ഒൻപത് സോണുകളിൽ നിന്നായി തിരഞ്ഞെടുത്ത 313 അംഗങ്ങളാണ് മാർച്ചിൽ അണിനിരന്നത്.
● ബുധനാഴ്ച വൈകിട്ട് 4:30ന് ചെർക്കളയിൽ യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.
● കർണാടക സ്പീക്കർ യു ടി ഖാദറിന്റെ നേതൃത്വത്തിൽ മംഗലാപുരത്ത് നേതാക്കൾക്ക് സ്വീകരണം നൽകും.
● ജനുവരി 16ന് തിരുവനന്തപുരത്താണ് കേരള യാത്ര സമാപിക്കുന്നത്.
കാസർകോട്: (KasargodVartha) കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളന നഗരിയായ ചെർക്കള നൂറുൽ ഉലമ എം എ ഉസ്താദ് നഗറിൽ പതാക ഉയർന്നു. നൂറുകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി സ്വാഗതസംഘം ചെയർമാൻ ഹക്കീം ഹാജി കളനാടാണ് പതാക ഉയർത്തിയത്.
തളങ്കര മാലിക് ദീനാർ മഖാം സിയാറത്തിനു ശേഷമാണ് സെന്റിനറി ഗാർഡ് ഫ്ലാഗ് മാർച്ച് നടത്തി പതാക നഗരിയിൽ എത്തിച്ചത്. തളങ്കര മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ നടന്ന മാർച്ച് ആവേശകരമായി. തളങ്കര മാലിക് ദീനാർ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് പതാക കൈമാറി.
സയ്യിദ് ഇബ്രാഹിം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പാഞ്ചിക്കൽ, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് അലവി തങ്ങൾ ചെട്ടുങ്കുഴി, സയ്യിദ് എസ് കെ കുഞ്ഞി കോയ തങ്ങൾ, സയ്യിദ് ജാഹ്ഫർ തങ്ങൾ മാണിക്കോത്ത്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എ ബി മൊയ്‌ദു സഅദി ചേരൂർ, മൂസൽ മദനി തലക്കി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുറഹ്മാൻ അഹ്സനി മൂഹിമ്മാത്ത്, സി എൽ ഹമീദ്, സിദ്ധീഖ് സഖാഫി ബായാർ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, റഹീസ് മുഈനി, ഹമീദ് മൗലവി ആലമ്പാടി, യുസുഫ് മദനി ചെറുവത്തൂർ, കെ എച്ച് അബ്ദുല്ല മാസ്റ്റർ, മുഹമ്മദ് അലി ബെണ്ടിച്ചാൽ, അബൂബക്കർ ഹാജി ബേവിഞ്ച, ചേരൂർ അബ്ദുൽ ഖാദർ ഹാജി, ഷാഫി ഹാജി ബേവിഞ്ച, ബാദുഷ സുറൈജി, ബഷീർ മങ്കയം, ഇല്യാസ് മൗലവി കൊറ്റുമ്പ, റസാഖ് സഖാഫി കോട്ടക്കുന്ന്, സി എം എ ചേരൂർ തുടങ്ങിയവർ സംബന്ധിച്ചു.
1963 ഡിസംബർ 29ന് തളങ്കര മാലിക് ദീനാറിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിലാണ് സംഘടനയുടെ ഔദ്യോഗിക പതാക അംഗീകരിച്ചത്. പതാകയ്ക്ക് 63 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് കേരള യാത്രയുടെ മുന്നോടിയായി തളങ്കരയിൽ നിന്ന് ഫ്ലാഗ് മാർച്ച് സംഘടിപ്പിച്ചത്. ജില്ലയിലെ ഒൻപത് സോണുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 313 അംഗങ്ങളാണ് ഫ്ലാഗ് മാർച്ചിൽ അണിനിരന്നത്.
കേരള യാത്രയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 4:30ന് ചെർക്കളയിൽ നടക്കും. ആയിരക്കണക്കിന് ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കും. യാത്രയ്ക്ക് നേതൃത്വം നൽകുന്ന മുസ്ലിം ജമാഅത്ത് നേതാക്കൾ രാവിലെ ഉള്ളാൾ സിയാറത്തിനായി മംഗലാപുരത്ത് എത്തിച്ചേരും.
അവിടെ കർണാടക സ്പീക്കർ യു ടി ഖാദറിന്റെയും ഉള്ളാൾ ദർഗാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും. സിയാറത്തിനു ശേഷം ജില്ലാ അതിർത്തിയായ തലപ്പാടിയിൽ വെച്ച് നേതാക്കളെ സ്വീകരിച്ച് ചെർക്കളയിലെ സമ്മേളന നഗരിയിലേക്ക് ആനയിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര ജനുവരി 16ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. ബുധനാഴ്ച രാത്രി വേദിയിൽ മുസ്തഫ സഖാഫി തെന്നലയുടെ പ്രഭാഷണം നടക്കും. ചൊവ്വാഴ്ച രാവിലെ കാസർകോട് നഗരത്തിൽ മിഷൻ റൈഡ് സംഘടിപ്പിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എത്തിക്കൂ.
Article Summary: Flag hoisting ceremony and flag march held in Kasargod ahead of Kanthapuram A P Aboobacker Musliyar's Kerala Yathra.
#KeralaYathra #Kanthapuram #MuslimJamaat #Kasargod #KeralaNews #GrandMufti






