city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Religious Harmony | ഉത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടന്മാര്‍ ഉറഞ്ഞുതുള്ളിയെത്തിയത് പള്ളിയങ്കണത്തില്‍; പള്ളി ഭാരവാഹികള്‍ നല്‍കിയത് സ്നോഹോഷ്മള സ്വീകരണം

Kasargod: Temple and Masjid as platform for religious harmony, Arasu Manjeeshnar Kshetra, Udyawar Juma Masjid, Manjeshwar, Kasargod News

*ഉപചാരപൂര്‍വം വരവേറ്റു.

*തുളു ഭാഷയില്‍ അഭ്യര്‍ഥന.

*ഒരു നാടിന്റെ ഉത്സവ- ഉറൂസ് ആഘോഷങ്ങള്‍ ഒരു കുടക്കീഴില്‍. 

കാസര്‍കോട്: (KasargodVartha) ക്ഷേത്രോത്സവം ക്ഷണിക്കാന്‍ വെളിച്ചപ്പാടന്മാര്‍ ഉറഞ്ഞുതുള്ളിയെത്തിയത് പള്ളിയങ്കണത്തില്‍. വെളിച്ചപ്പാടന്മാര്‍ക്കും കൂടെ ആര്‍പ്പുവിളിയുമായെത്തിയ മറ്റ് വിശ്വാസികള്‍ക്കും പള്ളികമിറ്റി ഭാരവാഹികള്‍ നല്‍കിയത് സ്നോഹോഷ്മള സ്വീകരണം. മത സൗഹാര്‍ദത്തിന് വേദിയായി മാറിയത് കാസര്‍കോട്ടെ പള്ളിയും ക്ഷേത്രവും. 

മഞ്ചേശ്വരം മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്രത്തിലെ ഉത്സവം ക്ഷണിക്കാനാണ് വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളിമുറ്റത്തെത്തിയത്. ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയിലാണ് മത സൗഹാര്‍ദത്തിന് വേദിയായ സന്ദേശമുയര്‍ത്തി വെളിച്ചപ്പാടുകളെത്തിയത്.

മഞ്ചേശ്വരം ഉദ്യാവര്‍ മാട അരസു മഞ്ചിഷ്ണാര്‍ ക്ഷേത്രത്തിലെ ഉത്സവം നാല് ദിവസങ്ങളിലായി നടക്കുകയാണ്. ഇത് ക്ഷണിക്കാനാണ് പള്ളിവാള്‍ ഇളക്കി മണി കിലുക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളിയിലെത്തിയത്. പള്ളി കമിറ്റിയുടെ നേതൃത്വത്തില്‍ വെളിച്ചപ്പാടുകളേയും പരിവാരങ്ങളേയും ഉപചാരപൂര്‍വം വരവേറ്റു. ഉത്സവ ചടങ്ങ് ചിട്ടയോടെ ഭംഗിയായി നടത്താന്‍ വരണമെന്ന് തുളു ഭാഷയില്‍ വെളിച്ചപ്പാടുമാര്‍ പള്ളികമിറ്റിയോട് അഭ്യര്‍ഥിച്ചതോടെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പള്ളികമിറ്റി ഭാരവാഹികളും വെളിച്ചപ്പാടനെ അറിയിച്ചു.  

ഉത്സവത്തിന് കൊടിയേറണമെങ്കില്‍ പള്ളിയില്‍ പോയി ക്ഷണിക്കണമെന്നത് ഉത്സവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിര്‍ബന്ധ ആചാരമാണ്. ഉദ്യാവറിലെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളത്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വകയാണ് അരി, എണ്ണ, നെയ്യ് എന്നിവയെല്ലാം എത്തിക്കുന്നത്. അതുപോലെ തന്നെ ക്ഷേത്ര ഉത്സവത്തിന് സാധനങ്ങള്‍ ഒരുക്കുന്നതില്‍ പള്ളി കമിറ്റിയും രംഗത്തുണ്ടാകും.

മറ്റ് വിശ്വാസികളുടെ അവകാശങ്ങളെ ധ്വംസിക്കുന്ന സമീപനം ചില പ്രദേശങ്ങളില്‍ കണ്ടുവരുമ്പോഴാണ് പരസ്പരം സാഹോദര്യത്തോടെയുള്ള ഒരു നാടിന്റെ ഉത്സവ- ഉറൂസ് ആഘോഷങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരന്ന് ഇവിടുത്തെ ജനങ്ങള്‍ കാട്ടിത്തരുന്നത്. 

പള്ളികമിറ്റി പ്രസിഡണ്ട് സെഫുല്ല അല്‍ ബുഖാരി, സെക്രടറി എസ് എം ബശീര്‍ കറോഡ, ക്ഷേത്രകമിറ്റി ചെയര്‍മാന്‍ കിരണ്‍ ഷെട്ടി മാട, ട്രസ്റ്റി സദാശിവ ഷെട്ടി, ഉത്സവ കമിറ്റി പ്രസിഡണ്ട് ഹരീഷ് ഷെട്ടി മാട, വൈസ് പ്രസിഡണ്ട് സഞ്ജീവ് ഷെട്ടി, സെക്രടറി അര്‍ഷിത് മാട എന്നിവരും ചടങ്ങിന് സാക്ഷികളായി.
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia