Prayer Season | ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലമാണ് കര്‍കിടകം; ദേഹരക്ഷയ്ക്ക് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം; ഈ കാലഘട്ടത്തിലെ രാമായണ പാരായണം മനസിനും സന്തോഷം നല്‍കുന്നു
Jul 8, 2022, 11:20 IST
തിരുവനന്തപുരം: (www.kasargodvartha) ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലമാണ് കര്‍കിടകം. ദേഹരക്ഷയ്ക്ക് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം. രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണമാസക്കാലം അടുക്കുമ്പോള്‍ കര്‍കടകത്തിനെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ പാരായണ മാസത്തിന് തുടക്കമാവുകയാണ്.
സൂര്യന്‍ കര്‍കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍കടകമാസം. നിനച്ചിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍കടകമെന്നും വിളിപേരുണ്ട്. ഇടവം മിഥുനം കഴിഞ്ഞാല്‍ വ്യസനം കഴിഞ്ഞു; കര്‍കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കര്‍കടകം ധാരമുറിയാത്ത മഴയായിരുന്നു മുമ്പ് കര്‍ക്കടകത്തിന്റെ സവിശേഷത. സൂര്യനെ ഈ മാസം കാണാനേ കഴിയില്ല.
മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കര്‍കടകവാവും പിതൃതര്‍പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമാണത്.... നമ്മുടെ സര്‍വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശിയാണ് കര്‍ക്കടകം. അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍കടക രാശിക്ക് കൈവരുന്നു.
മലയാള വര്‍ഷത്തിന്റെ അവസാന മാസമായ കര്‍കിടകത്തെ വൃത്തിയോടെയും, ശുദ്ധിയോടെയും കാത്തു സൂക്ഷിക്കണം എന്നാണ് പൊതുവില്‍ പറയാറുള്ളത്.അന്ധകാരം നീക്കി വിജ്ഞാനത്തിന്റെ വെളിച്ചം നല്‍കുന്നതിനായാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് വിശ്വാസം. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് ഈ മാസം. കര്‍കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയായാണ് രാമായണ പാരായണത്തെ വിശ്വാസികള്‍ കാണുന്നത്.
കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ 'പഞ്ഞമാസം' എന്നും വിളിക്കപ്പെടുന്നു. രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. സൂര്യകിരണങ്ങള്‍ക്കു ശക്തി കുറയുന്നതിനാല്‍ രോഗാണുക്കള്‍ പെരുകുന്നതാണതിനു കാരണം. രാമായണ മാസാചരണം ഈ അവസ്ഥകളില്‍ മനസ്സിന് ശക്തി പകരാനുള്ള വഴിയാണ് ആത്മീയത. വൃതശുദ്ധിയുടെ നാളുകള്‍ കൂടിയാണ് കര്‍കിടകം. മനസിന്റെ സമാധാനത്തിനും സ്വയം നവീകരണത്തിനും രാമായണ പാരായണത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ രാമായണമാസവും പുണ്യം നിറഞ്ഞതാവട്ടെ.
ഒരു മാസത്തെ തികഞ്ഞ ആത്മീയ ജീവിതചര്യ അടുത്ത ഒരു വര്‍ഷത്തേക്ക് ഗൃഹത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിലും പ്രതീക്ഷയോടെ നല്ലൊരു കാലത്തേയ്ക്കായുള്ള പ്രാര്‍ത്ഥനകൂടിയാകട്ടെ ഈ രാമായണമാസക്കാലം.
Keywords: Karkidakam and its traditions, Thiruvananthapuram, News, Religion, Festival, Top-Headlines, Kerala, Ramayanamasam.