Hajj Camp | കാർക്കശ്യവും ലാളനവും ചേർന്ന ‘മുഹമ്മദ് റാഫി മോഡൽ’; കണ്ണൂർ ഹജ്ജ് ക്യാമ്പ് വിജയിപ്പിച്ച നേതൃത്വം
ക്യാമ്പ് പിരിച്ചു വിടൽ യോഗത്തിൽ പി.പി മുഹമ്മദ് റാഫിയുടെ അധ്യക്ഷ സംസാരം വികാരപരമായിരുന്നു
മട്ടന്നൂർ: (KasaragodVartha) ചിലരുടെ മുഖംചുളിയുന്നതാണ് ഹജ്ജ് കമ്മിറ്റി മെമ്പർ പി പി മുഹമ്മദ് റാഫിയുടെ ചിലപ്പോഴുള്ള ശൈലി. പക്ഷെ, പ്രായോഗിക രംഗത്തെത്തുമ്പോൾ ആ കാർക്കശ്യമാണ് വിജയത്തിന്റെ നിദാനമെന്നാണ് അനുഭവം. പ്രത്യക്ഷത്തിൽ കാർക്കശ്യവും ഇടപഴകിയവർക്ക് ലാളനയും ഒരുപോലെ അനുഭവിപ്പിച്ച ഈ സംഘാടന ശൈലിയുടെ കൂടി പ്രതിഫലനമാണ് കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിലെ ഹജ്ജ് ക്യാമ്പിന്റെ വിജയമെന്ന് തിങ്കളാഴ്ച രാവിലെ ക്യാമ്പ് അസംബ്ലി ഹാളിൽ നടന്ന വിലയിരുത്തൽ യോഗത്തിൽ പങ്കെടുത്തവർ പങ്ക്വെച്ചു.
കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ കഴിഞ്ഞ തവണത്തെക്കാൾ രണ്ടായിരത്തിലേറെ ഹാജിമാർക്ക് സൗകര്യം ഒരുക്കിയത് കഴിഞ്ഞ തവണ ഉപയോഗിച്ച അതേ ഭൗതിക സന്നാഹങ്ങൾ ഉപയോഗിച്ചാണ്. എന്നാൽ അതിന്റെ ഘടനാപരമായ വിപുലീകരണത്തിന്റെ സൂത്രശാലികളിൽ ഒരാൾ ജനറൽ കൺവീനറായ റാഫിയാണ്. എന്തെല്ലാം എവിടെയൊക്കെ പ്രോയാഗികമാക്കണമെന്ന മികച്ച സംഘാടന വീക്ഷണം അദ്ദേഹത്തിനുണ്ട്. സാമ്പത്തികമായി സംസ്ഥാന സർക്കാറിൻ്റെ പിന്തുണ കൂടി ആയതോടെ സംവിധാനം മെച്ചപ്പെടുത്താൻ ഊർജ്ജമേറി.
ധാരാളിത്തമില്ലാതെ എന്നാൽ ആവശ്യമായതെല്ലാം ക്രമീകരിച്ചു. ഹാജിമാരുടെ ഭക്ഷണം സമൃദ്ധമായിരുന്നു. ഒന്നിനും ഒരു കുറവും വരരുതെന്ന് സബ് കമ്മിറ്റികളെ അദ്ദേഹം ഉണർത്തി. ഒരു സബ് കമ്മിറ്റി യോഗവും സാന്നിധ്യം നൽകാതെയും മാർഗ നിർദേശം കൊടുക്കാതെയും വിട്ടില്ല. ഹജ്ജ് കമ്മിറ്റിയുടെ മറ്റൊരു മെമ്പർ പി ടി അക്ബർ 10 ദിവസവും കൂടെ നിന്ന് റാഫിക്ക് ഊർജം നൽകി.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ സ്വാഗത സംഘം പാനൽ വായിച്ചത് മുതൽ പിരിമുറുക്കം നേരിട്ടാണ് മുന്നേറിയത്. പക്ഷെ, അന്നത്തെ പിരിമുറുക്കമാകെ മഞ്ഞുരുക്കമാക്കി മാറ്റി എല്ലാവരെയും കോർത്തിണക്കുന്ന വല്ലാത്ത സമവായ രീതിയാണ് ക്യാമ്പിനെ ഇത്രയേറെ വിജയകരമാക്കി മാറ്റിയത്. ക്യാമ്പ് പിരിയുമ്പോൾ അഭിപ്രായം പങ്ക്വെച്ചവർ തുറന്നു പറഞ്ഞത് നേതൃത്വമാവുമ്പോൾ ഇങ്ങനെ തന്നെയാവണം എന്നായിരുന്നു.
ക്യാമ്പ് നിശ്ചയിച്ചത് മുതൽ മുഹമ്മദ് റാഫി വിശ്രമിച്ചിട്ടില്ല. ചില ദിവസങ്ങളിൽ ഉറക്കം പോലും നാമമാത്രം. കഴിഞ്ഞ രണ്ട് ദിവസം വയറ്റിൽ അസ്വാസ്ഥ്യമായതിനാൽ നിരാഹാരത്തിലായിരുന്നു. അൽപ്പം വിശ്രമിച്ചു കൂടെ എന്ന് ചോദിച്ചവരോട് വഴുതി വീണ് കൈ ഒടിഞ്ഞിട്ടും ക്യാമ്പ് വിടാതെ സേവനം തുടർന്ന സി.കെ സുബൈർ ഹാജിയെ അദ്ദേഹം ചൂണ്ടികാട്ടും. പത്ത് ദിവസം വീട് വിട്ട് ഇറങ്ങി വന്ന സ്ത്രീ വളണ്ടിയർമാരെ അദ്ദേഹം ചൂണ്ടികാട്ടും.
കോളജ്പഠന കാലം 21-ാം വയസിൽ പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡൻറുമായി പൊതുരംഗത്ത് പാരമ്പര്യം തെളിയിച്ച ആളാണ് മുഹമ്മദ് റാഫി. ഇപ്പോൾ നീലേശ്വരം മുനിസിപ്പാലിറ്റിയുടെ ഉപാധ്യക്ഷൻ ആണ്. ഹജ്ജ് ക്യാമ്പ് തുടങ്ങിയതിൽ പിന്നെ മുനിസിപ്പാലിറ്റി കാര്യത്തിൽ തിരിഞ്ഞു നോക്കാനായില്ല. സി.പി.എമ്മിന്റെ രാഷ്ട്രീയ ഭൂമികയിൽ വളർന്ന സംഘാടന മികവ് മാത്രം കൊണ്ട് നിരവധി മതസംഘടനകളെ ഏകോപിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് സംഘാടനത്തിൽ തിളങ്ങാൻ കഴിയണമെന്നില്ല. ഇസ്ലാമികമായ വീക്ഷണം കൂടി വേണം. അക്കാര്യത്തിൽ മുഹമ്മദ് റാഫി നല്ല മെയ്വഴക്കം നടത്തിയാണ് ക്യാമ്പ് വിജയിപ്പിച്ചത്.
അടുത്ത വർഷത്തെ കണ്ണൂർ ക്യാമ്പ് വലിയ റിസ്കാവുമെന്ന് അദ്ദേഹം കരുതുന്നു. ഇപ്പോൾ ക്യാമ്പിന് ഉപയോഗിച്ച കണ്ടെയ്നർ കോംപ്ലക്സ് ഇനി കിട്ടാനിടയില്ല. പ്രഖ്യാപിക്കപ്പെട്ട കണ്ണൂർ ഹജ്ജ് ഹൗസ് യാഥാർഥ്യമാവണം. ബജറ്റിൽ ഉൾപ്പെടുത്തി നടപടി മുന്നോട്ട് പോകാൻ എല്ലാവരുടെ ശ്രദ്ധയുണ്ടാവണമെന്നാണ് മുഹമ്മദ് റാഫിയുടെ നിർദേശം. ക്യാമ്പ് പിരിച്ചു വിടൽ യോഗത്തിൽ പി.പി മുഹമ്മദ് റാഫിയുടെ അധ്യക്ഷ സംസാരം വികാരപരമായിരുന്നു. എല്ലാം തുറന്നു പറഞ്ഞ് അടുത്ത ക്യാമ്പിലേക്ക് അനുഭവത്തെ ഊർജമാക്കാനും ഈ ഐക്യം നിലനിർത്താനും അദ്ദേഹം അഭ്യർഥിച്ചു.