Medical Pavilion | കണ്ണൂർ ഹജ്ജ് ക്യാമ്പ്: എല്ലാം സജ്ജമാണ് മെഡിക്കൽ പവലിയനിൽ
മൂന്ന് ഷിഫ്റ്റുകളിലായി 12 ആരോഗ്യ പ്രവർത്തകരാണ് അലോപ്പതി വിഭാഗത്തിലുള്ളത്.
മട്ടന്നൂർ: (KasaragodVartha) 24 മണിക്കൂറും ആരോഗ്യ സേവകർ. അടിയന്തര ഇടപെടലിന് സെപഷ്യാലിറ്റി ആശുപത്രികളുമായി ബന്ധശൃഖല. അലോപ്പതി ആയുർവേദ ഹോമിയോ പവലിയനുകളിലായി മൂന്ന് ഷിഫ്റ്റ് ആരോഗ്യ പ്രവർത്തകരുടെ മുഴുസമയ സേവനം. കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റിലെ മെഡിക്കൽ പവലിയൻ തീർത്ഥാടകർക്ക് വലിയ ആശ്വാസമാവുകയാണ്.
നാല് വിമാനങ്ങളിലെ 1444 ഹാജിമാർ ഇതിനകം എമ്പാർകേഷൻ പോയിൻ്റിൽ എത്തിയപ്പോൾ മെഡിക്കൽ പവലിയനുകളിൽ ഇതിനകം 368 പേർ പ്രാഥമിക പരിശോധനക്ക് എത്തി. ഇതിൽ മൂന്നു പേരെ വിദഗ്ധ പരിശോധനക്ക് പുറത്ത് കൊണ്ട് പോയി മെഡിക്കൽ യാത്രക്കുള്ള ഫിറ്റ്നസ് ഉറപ്പ് വരുത്തി. മൂന്ന് ഡോക്ടർ, മൂന്ന് സ്റ്റാഫ് നഴ്സ്, മൂന്ന് ഫാർമസിസ്റ്റ്, മൂന്ന് നഴ്സിങ് അസിസ്റ്റൻ്റ് എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളിലായി 12 ആരോഗ്യ പ്രവർത്തകരാണ് അലോപ്പതി വിഭാഗത്തിലുള്ളത്.
അടിയന്തര ഘട്ടത്തിലേക്കുള്ള എല്ലാം ക്യാമ്പിലുണ്ട്. അലോപ്പതി കൗണ്ടറിൽ 204 പേർ ഇതിനകം പരിശോധനക്കെത്തി. മട്ടന്നൂർ ആശുപത്രി മെഡിക്കൽ ഓഫീസർ ആണ് അലോപ്പതി ക്യാമ്പിൻ്റെ മേൽനോട്ടം. അടിയന്തര ആവശ്യങ്ങൾക്കാവശ്യമായ എല്ലാ മരുന്നുകളും പവലിയനിൽ സർക്കാർ ഒരുക്കിയിട്ടുണ്ട്.
ആയുർവ്വേദ വിഭാഗത്തിൽ മൂന്ന് ഡോക്ടറും മൂന്ന് ഫാർമസിസ്റ്റും മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി ചെയ്യുന്നു. 82 പേർ ഇതിനകം പരിശോധനക്കെത്തി. മരുന്നുകൾക്ക് എമിഗ്രേഷൻ തടസ്സമില്ലാതിരിക്കാൻ മെഡിക്കൽ ഓഫീസറുടെ സീൽ വെച്ച സാക്ഷ്യ പത്രവും കൈമാറുന്നുണ്ട്.
ഹോമിയോ പവലിയനിൽ ജില്ലാ പഞ്ചായത്ത് നൽകുന്ന കിറ്റ് യാത്രയുമായി ബന്ധപ്പെട്ട ഒരു ഡസനിലേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധം പ്രത്യേകം ബോക്സിലാണ് നൽകുന്നത്. ഓരോ മരുന്നും എന്തെല്ലാം ആവശ്യത്തിന് ഉപയോഗിക്കാമെന്ന് സീരിയൽ നമ്പർ സഹിതമുള്ള മാർഗരേഖ സ്ലിപ്പും അതിലുണ്ട്. മരുഭൂവിലെത്തിയാലുളള ചർമ്മ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന ഓയിൽ ഉൾപ്പെടെ ഒരു ഡസനിലേറെ മരുന്നുകളാണ് ഇതിലുള്ളത്. ഹോമിയോ പവലിയനിൽ ഇതിനകം 82 പേർ ചികിൽസ തേടി എത്തി. മൂന്ന് ഡോക്ടറും മൂന്ന് ഫാർമസിസ്റ്റും മൂന്ന് ഷിഫ്റ്റിൽ സേവനം ചെയ്യുന്നു.