ത്വാഹിര്‍ തങ്ങള്‍ വടക്കന്‍ മലബാറിനു ലഭിച്ച സൗഭാഗ്യം: ജലാലുദ്ദീന്‍ തങ്ങള്‍
Apr 28, 2017, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2017) ഉത്തര കേരളത്തിലെ വൈജ്ഞാനിക മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ത്വാഹിര്‍ തങ്ങള്‍ വടക്കന്‍ മലബാറിനു ലഭിച്ച സൗഭാഗ്യമാണെന്ന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11-ാം ഉറൂസ് മുബാറക് ഭാഗമായി നടന്ന മൗലിദ് സദസില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്ന ഒരു മേഖലയെ ധാര്‍മികതയിലധിഷ്ടിതമായ മത ഭൗതിക വിദ്യാഭ്യാസം നല്‍കി പരിഷ്‌കരിച്ചെടുക്കുകയായിരുന്നു ത്വാഹിര്‍ തങ്ങള്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൗലീദ് സദസിന് സയ്യിദ് സൈനുല്‍ ആബിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. മഹ് മൂദ് മുസ്‌ലിയാര്‍ എടപ്പലം ഉദ്‌ബോധനം നടത്തി. ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ സ്വാഗതവും സ്വഫ് വാന്‍ ഹിമമി സഖാഫി ആദൂര്‍ നന്ദിയും പറഞ്ഞു.
അഹ്‌ലു ബൈത്തിനോടുള്ള സ്‌നേഹം ആദര്‍ശത്തിന്റെ അടിസ്ഥാന ശില: ഡോ. ഫാറൂഖ് നഈമി
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ് പ്രവാചകരോടും പ്രവാചക കുടുംബത്തോടുമുള്ള സ്‌നേഹമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11-ാം മുബാറക് ഭാഗമായി നടന്ന അഹ്‌ലുബൈത്ത് പഠനം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹ്‌ലു ബൈത്തിനെ അപമാനിക്കുന്ന തരത്തിലുള്ള സമീപനങ്ങള്‍ വിശ്വാസിയുടെ ഭാഗത്ത് നിന്നുണ്ടാവരുത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രഭ പരത്തുന്നതില്‍ പ്രവാചക കുടുംബാംഗങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ പാഴൂര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാലിന്റെ അധ്യക്ഷതയില്‍ സയ്യിദ് അത്വാവുള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മിസ്ബാഹി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം നന്ദിയും പറഞ്ഞു.
പ്രാസ്ഥാനിക സംഗമങ്ങള്‍ ശനിയാഴ്ച
ഗുണകാംക്ഷയാണ് മതം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെയും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 11-ാം ഉറൂസ് മുബാറക്കിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സെഷനുകളിലായുള്ള പ്രാസ്ഥാനിക സംഗമങ്ങള്‍ ശനിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ പ്രസ്ഥാനത്തിന്റെ നാള്‍ വഴി എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളിലായി കേരളത്തിലേക്ക് ഇസ്‌ലാം കടന്നു വന്നത് മുതല്‍ ഇന്ന് വരെയുള്ള പ്രാസ്ഥാനിക മുന്നേറ്റം ചര്‍ച്ച ചെയ്യും.
രാവിലെ 10ന് ആഗമനം സെഷനില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് പ്രാര്‍ത്ഥന നടത്തും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്റെ നേതൃത്വത്തില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തും. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഇബ്രാഹിം ഖലീല്‍ അഹ്‌സനി നന്ദിയും പറയും.
ഉച്ചക്ക് രണ്ട് മണിക്ക് പ്രതിരോധം സെഷന്‍ സയ്യിദ് സൈനുല്‍ ആബിദ് ജീലാനി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. മുഹ്‌യിസ്സുന്ന പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. മുഹമ്മദ് സഖാഫി പാത്തൂര്‍ സ്വാഗതവും അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ നന്ദിയും പറയും. വൈകിട്ട് മൂന്നിന് മുന്നേറ്റം സെഷന്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും. ബഷീര്‍ പുളിക്കൂര്‍ സ്വാഗതവും അഷ്‌റഫ് കരിപ്പൊടി നന്ദിയും പറയും.
വൈകിട്ട് ഏഴ് മണിക്ക് ആദര്‍ശം സെഷന്‍ സയ്യിദ് മുഹമ്മദ് അസ്സഖാഫി ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ് പ്രാര്‍ത്ഥന നടത്തും. സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രോസിയുടെ അധ്യക്ഷതയില്‍ ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി ഉദ്ഘാടനം ചെയ്യും. അലവി സഖാഫി കൊളത്തൂര്‍ പ്രഭാഷണം നടത്തും. അഷ്‌റഫ് സഅദി ആരിക്കാടി സ്വാഗതവും ഹസന്‍ ഹിമമി അറന്തോട് നന്ദിയും പറയും.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹിമമി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, രാവിലെ 11 മണിക്ക് പണ്ഡിത സമ്മേളനവും നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് ബിരുദദാരികള്‍ക്ക് സ്ഥാനവസ്ത്ര വിതരണം ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് സമാപന മഹാ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സനദ് ദാന പ്രഭാഷണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. ചിത്താരി ഹംസ മുസ്‌ലിയാര്‍, എം അലികുഞ്ഞി മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, അബ്ദുര്‍ റശീദ് സൈനി പ്രസംഗിക്കും. ടുണീഷ്യന്‍ അമ്പാസിഡര്‍ നജമുദ്ദീന്‍ അല്‍ഖാല്‍ മുഖ്യാതിഥിയായിരിക്കും.
Keywords: Kasaragod, Kerala, News, Muhimmath, Anniversary, Meet, Programme, Conference, Religion, Maqam Uroos.