Quran | ഖുർആൻ മനഃപാഠത്തിൽ വിസ്മയം തീർത്ത അശ്ഹദിനും അസീമിനും അനുമോദനം

● ഹാഫിസ് അശ്ഹദ് 11 റക്അത്ത് സുന്നത്ത് നിസ്‌കാരത്തിലാണ് ഖുർആൻ പൂർത്തിയാക്കിയത്.
● ഹാഫിസ് അസീം ഒറ്റ ഇരുത്തത്തിലാണ് ഖുർആൻ മന:പാഠ പാരായണം നടത്തിയത്.
● മജ്ലിസ് ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും.
കാസർകോട്: (KasargodVartha) ഒറ്റ രാത്രിയിലെ 11 റക്അത്ത് സുന്നത്ത് നിസ്‌കാരത്തിൽ വിശുദ്ധ ഖുർആൻ മുഴുവനും മനഃപാഠ പാരായണം നടത്തിയ ഹാഫിസ് അശ്ഹദിനും (15), ഒറ്റ ഇരുത്തത്തിൽ ഖുർആൻ മന:പാഠ പാരായണം നടത്തിയ ഹാഫിസ് അസീമിനും (16) അടുക്കത്ത്ബയിൽ മജ്ലിസ് എജ്യൂകേഷനൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി.
ട്രസ്റ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മജ്ലിസ് ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർഥികളാണ് ഇരുവരും. രാത്രി നിസ്കാരത്തിൽ നിന്നുകൊണ്ടാണ് മൊഗ്രാലിലെ അതീഖുർ റഹ്‌മാൻ - ഷാഹിന ദമ്പതികളുടെ മകൻ ഹാഫിള് അഷ്ഹദ് ഈ അത്ഭുത കർമം നിർവഹിച്ചത്. നെല്ലിക്കുന്നിലെ അലി നവാസ് - സുഫൈറ ദമ്പതികളുടെ മകനാണ് ഹാഫിസ് അസീം.
മജ്ലിസ് എജ്യുകേഷനൽ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ കരീം സിറ്റി ഗോൾഡിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അൽബയാൻ പ്രിൻസിപൽ ഹാഫിസ് ഹാഷിം ഹസനി ഉദ്ഘാടനം ചെയ്തു. പ്രവാചക കാലഘട്ടത്തിലും മറ്റുമുള്ള മഹത്തുക്കൾ നിർവഹിച്ചതും മുസ്ലിം സമൂഹം ഏറെ പുണ്യം കൽപ്പിക്കുന്നതുമായ ഈ കർമം ഖത്മുൽ ഖിയാം എന്ന പേരിൽ അറിയപ്പെടുന്നു. നിസ്കാരത്തിന് പുറത്ത് ഒറ്റ ഇരുത്തത്തിൽ ഓതുന്നതിന് ഖത്മു ഖഅദ എന്നും പറയുന്നു.

വിശുദ്ധ റമദാനിലെ തറാവീഹ് നിസ്കാരത്തിൽ വിശ്വാസികൾ ഖുർആനിൻ്റെ 30 അധ്യായങ്ങളിൽ ഒരു ഭാഗം മാത്രമാണ് ഒരു രാത്രിയിൽ പാരായണം ചെയ്യുന്നത്. നിരന്തരമായ പരിശീലനവും ആത്മീയ കരുത്തും കൊണ്ട് മാത്രമാണ് ഹാഫിസ് അശ്ഹദിനും ഹാഫിള് അസീമിനും ഈ അപൂർവ നേട്ടങ്ങൾ കൈവരിക്കാനായതെന്ന് ഹാഫിള് ഹാഷിം ഹസനി പറഞ്ഞു.
സഹോദര സ്ഥാപനമായ അൽ ബയാനിൽ സമാനമായി ഖത്മുൽ ഖിയാം നിർവഹിച്ച ഏഴ് വിദ്യാർത്ഥിനികൾക്കും ഖത്മുഖഅദ നിർവഹിച്ച നൂറിൽപരം വിദ്യാർത്ഥിനികൾക്കും മെയ് മാസം നടക്കാനിരിക്കുന്ന സനദ് ദാന മഹാസമ്മേളനത്തിൽ വെച്ച് ഉപഹാരങ്ങൾ സമ്മാനിക്കുമെന്ന് ട്രസ്റ്റ് അംഗങ്ങൾ അറിയിച്ചു.

അൽബയാൻ വിദ്യാർത്ഥിനി ഹാഫിസ ഫാത്വിമത് മുഫീദ തയാറാക്കുന്ന ഖുർആനിൻ്റെ കൈയെഴുത്തു പ്രതിയുടെ പ്രകാശനവും അന്ന് ഉണ്ടാകും. മജ്ലിസ് പ്രിൻസിപ്പാൾ ഹാഫിസ് അതീഖുർറഹ്മാൻ മൗലവി പ്രാർത്ഥന നടത്തി. എം.എം മുനീർ സ്വാഗതവും ടി. അബ്ദുൽഖാദിർ നന്ദിയും പറഞ്ഞു. സിഎം അബ്ദുല്ല, ജലീൽ കോയ, ടി കെ മുഹമ്മദ് കുഞ്ഞി ഹസൈനാർ, അഹമ്മദ് കുഞ്ഞി കോളിയാട്, ഉസ്മാൻ തെരുവത്തു, മാമു അടുക്കത്ത്ബയൽ, കബീർ ടി ആർ എന്നിവർ സംസാരിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Hafiz Ashhad and Hafiz Asim, students of Majlis Hifzul Quran College, were honored for their extraordinary Quran memorization achievements, including reciting the entire Quran in a single night prayer.
#Quran, #Memorization, #Honor, #Kasaragod, #Religion, #Students