Hajj | ഹാജിമാരുമായി രണ്ട് വിമാനങ്ങൾ കണ്ണൂരിൽ നിന്ന് തിങ്കളാഴ്ച പറന്നുയരും; ഹജ്ജ് ക്യാമ്പ് ഏറ്റവും വലിയ തീർഥാടകരുടെ സംഗമമായി
രണ്ട് വിമാനങ്ങളിലേക്കുള്ള 722 ഹാജിമാർ ഞായറാഴ്ച രാവിലെയും ഉച്ചക്കുമായിട്ടാണ് ക്യാമ്പിലെത്തിയത്
മട്ടന്നൂർ: (KasaragodVartha) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടകരുടെ ഒത്ത് ചേരൽ കൊണ്ട് ഹജ്ജ് ക്യാമ്പ് ഞായറാഴ്ച ആവേശകരമായി. തിങ്കളാഴ്ച പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 തീർത്ഥാടകരാണ് ഹജ്ജ് ക്യാമ്പിൽ സംഗമിച്ചത്.
ഇത്തവണ വനിതാ ഹജ്ജ് തീര്‍ഥാടകര്‍ക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) അനുവദിച്ച പ്രത്യേക വിമാനത്തിൽ പോകുന്ന സ്ത്രീകളെ യാത്രയയക്കാൻ എത്തിയ കുടുംബാംഗങ്ങളെ കൊണ്ട് വിമാനത്താവളവും പരിസരവും വീർപ്പ് മുട്ടി. തക്ബീറും ദുആ മന്ത്രങ്ങളും കൊണ്ട് പരിസരം ഭക്തി സാന്ദ്രമായി.
പുണ്യ ഭുമിയിലേക്കുള്ള യാത്രയിൽ സ്ത്രീ ഒറ്റക്കാവുകയല്ല ഒരോ സംഘമാണ് എന്ന് വിളിച്ചറിയിക്കുന്ന വിധം ചില പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾ പ്രത്യേക നിറങ്ങളിൽ മഫ്ത ധരിച്ച് വന്നത് വർണ്ണാഭവും വിശ്വാസിനികളുടെ ഒരുമയുടെ വർണ മുദ്രകളുമായി. തിങ്കളാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുള്ള 722 ഹാജിമാർ ഞായറാഴ്ച രാവിലെയും ഉച്ചക്കുമായിട്ടാണ് ക്യാമ്പിലെത്തിയത്. ജൂൺ മൂന്ന് പുലർച്ചെ 05.40ന് എസ്വി 5635 നമ്പർ വിമാനം പുറപ്പെടും. ഇതിൽ 361 യാത്രക്കാരിൽ 177 സ്ത്രീകളാണ്.
ഉച്ചക്ക് 1.10 ന് പുറപ്പെടുന്ന സ്ത്രീകൾക്ക് മാത്രമായുള്ള എസ്.വി 5695 നമ്പർ വിമാനത്തിൽ 361 പേരാണ്. രാവിലെയും ഉച്ചക്കുമായി തിങ്കളാഴ്ച പുറപ്പെടുന്നവരിൽ 538 സ്ത്രീകളാണ്. സ്ത്രീകളുടെ മാത്രം വിമാനത്തിൽ യാത്രയാവുന്നവർക്കുള്ള യാത്രാ രേഖകൾ വനിതാ വളണ്ടിയർമാരും വനിതാ സെൽ ഉദ്യോഗസ്ഥരുമാണ് വിതരണം ചെയ്തത്. സ്ത്രീകളുടെ ബാഹുല്യം പ്രാർത്ഥന ഹാളിനെ വീർപ്പ് മുട്ടിച്ചു. സ്ത്രീകൾക്ക് മഗ്രിബ് - ഇശാ നമസ്കാരം രണ്ട് ഘട്ടങ്ങളായി നിർവഹിച്ചു.
ഞായറാഴ്ച രാവിലെ 10 മണി മുതൽ തീർത്ഥാടകർ ക്യാമ്പിലെത്തിയിരുന്നു. ഏറ്റവും കൂടുതൽ ഹാജിമാരെ വരവേൽക്കുന്നതിന് ക്യാമ്പിൽ പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നു. 75 ഓളം സ്ത്രീ വളണ്ടിയർമാർ ഉൾപ്പെടെ 150 വളണ്ടിയർമാരും സ്വാഗത സംഘം സബ് കമ്മിറ്റികളും സജീവമായി സേവന നിരതരായി.
രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഅദുല്ല, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, പി.ടി അക്ബർ, ക്യാമ്പ് കൺവീനർമാരായ നാസർ അതിരകം, സി.കെ. സുബൈർ ഹാജി തുടങ്ങിയവർ അതിഥികളെ സ്വീകരിച്ചു.