Hajj Camp | ഹജ്ജ് ക്യാമ്പ്: കൈ ഒടിഞ്ഞിട്ടും സുബൈർ ഹാജി സേവനത്തിലാണ്; 28 വർഷമായി ഒപ്പമുണ്ട്
ഹജ്ജുമായി ബന്ധപ്പെട്ട് സുബൈർ ഹാജിയുടെ രണ്ടും മൂന്നും മണിക്കൂർ നീളുന്ന ക്ലാസ് ഓരോ വർഷത്തെയും നവീകരണം കൂടി ഉൾപ്പെടുന്ന വിജ്ഞാനപ്രദമായ വിരുന്ന് കൂടിയാണ്
മട്ടന്നൂർ: (KasaragodVartha) ക്യാമ്പിൽ വഴുതി വീണ് പരിക്കേറ്റിട്ടും ക്യാമ്പ് കൺവീനർ സി.കെ സുബൈർ ഹാജിയുടെ സേവന മനസ് വിശ്രമത്തിന് സമ്മതിക്കുന്നില്ല. വീട്ടിൽ വിശ്രമിക്കാനെത്തുന്ന ഭർത്താവിനെ സ്വീകരിക്കേണ്ട പത്നി ആബിദയും ഹജ്ജ് ക്യാമ്പ് വളണ്ടിയർ ആയതിൻ്റെ സന്തോഷവും സന്താപവും ചേരുന്നതാണ് സുബൈർ ഹാജിയുടെ സാഹചര്യം. സുബൈർ ഹാജി ഇപ്പോൾ ക്യാമ്പിൻ്റെ പ്രാർത്ഥനയിലെ അംഗമാവുകയാണ്.
ഞായറാഴ്ച രാവിലെയാണ് ക്യാമ്പ് കൺവീനറായ സുബൈർ ഹാജി വഴുതി വീണ് പരിക്കേറ്റത്. ഇടത് കൈക്ക് ക്ഷതമുണ്ട്. അൽപകാലം വിശ്രമം വേണ്ടി വരും. പക്ഷെ വിശ്രമം ഹജ്ജ് ക്യാമ്പിൽ തന്നെ ആവട്ടെ എന്ന നിശ്ചയത്തിലാണ് സുബൈർ ഹാജി. വിശ്വാസികളുടെ പ്രാർത്ഥന തനിക്കുണ്ടാവും എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. സുബൈർ ഹാജി സേവനത്തിൻ്റെ പ്രതീകമാണ്. കഴിഞ്ഞ 28 വർഷമായി അദ്ദേഹം ഹാജിമാരുടെ സേവകനാണ്.
മദ്രാസ് വഴി ഹജ്ജിന് പോകുന്ന കാലം തീർഥാടനം നിർവഹിച്ച് തിരിച്ചെത്തിയതിൽ പിന്നെ ഹജ്ജ് ക്യാമ്പുകളിൽ മുഴുസമയ സേവകനാകുകയായിരുന്നു. എല്ലാ എമ്പാർക്കേഷൻ പോയിൻറുകളിലും സുബൈർ ഹാജി സേവനത്തിനെത്തിയിട്ടുണ്ട്. ആദ്യം വളണ്ടിയറായാണ് കാൽനൂറ്റാണ്ട് മുമ്പ് സേവനം തുടങ്ങിയത്. ഇന്നിപ്പോൾ ക്യാമ്പ് കൺവീനർ എന്നതിലുപരി എല്ലാ വർഷവും ഹജ്ജ് സാങ്കേതിക ക്ലാസുകളുടെ മുഖ്യ കാർമികനാണ് സുബൈർ ഹാജി.
ഹജ്ജുമായി ബന്ധപ്പെട്ട് സുബൈർ ഹാജിയുടെ രണ്ടും മൂന്നും മണിക്കൂർ നീളുന്ന ക്ലാസ് ഓരോ വർഷത്തെയും നവീകരണം കൂടി ഉൾപ്പെടുന്ന വിജ്ഞാനപ്രദമായ വിരുന്ന് കൂടിയാണ്. കഴിഞ്ഞ ആറ് വർഷമായി മാസ്റ്റർ ട്രെയിനിയാണ് സുബൈർ ഹാജി. ഹജ്ജ് വേളയിൽ മാത്രമല്ല, അല്ലാത്തപ്പോഴും ഹജ്ജും ഉംറയും സംബന്ധിച്ച് എല്ലാ സേവനവും സൗജന്യമായി നൽകുന്ന ജീവനക്കാരുൾപ്പെടുന്ന സംവിധാനം തന്നെ സുബൈർ ഹാജിക്കുണ്ട്.
കണ്ണൂർ ഹജ്ജ് ക്യാമ്പിൽ സൗജന്യ സ്റ്റേഷനറി സ്റ്റാളിൻ്റെ മേൽ നോട്ടക്കാരനുമാണ് അദ്ദേഹം. ചക്കരക്കൽ സ്വദേശിയായ ഈ വ്യാപാര പ്രമുഖന് ജീവിത മാർഗമായ ബിസിനസ് രംഗം രണ്ടാം സ്ഥാനത്തും സേവനം ഒന്നാം സ്ഥാനത്തുമാണ്. ഭാര്യ ആബിദയും കഴിഞ്ഞ രണ്ടു വർഷമായി ഹജ്ജ് വളണ്ടിയറായി രംഗത്തുണ്ട്.