Hajj camp | കണ്ണൂർ ഹജ്ജ് ക്യാമ്പിന് ഭക്തിസാന്ദ്രമായ തുടക്കം
കണ്ണൂരിൽ നിന്ന് 3164 പേരാണ് പരിശുദ്ധ ഹജ്ജിന് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്
മട്ടന്നൂർ: (KasaragodVartha) പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മനസ് കഴുകി യാത്രയാവുന്ന തീർത്ഥാടകർക്ക് മുഴു സജ്ജീകരണങ്ങളോടെ ഒരുക്കപ്പെട്ട കണ്ണൂർ ഹജ്ജ് ക്യാമ്പിന് ഭക്തിനിർഭരമായ തുടക്കം. കണ്ണൂർ വിമാനത്താവളത്തിൻ്റെ എയർ കാർഗോ കോംപ്ലക്സിൽ പണിത ക്യാമ്പിൻ്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് സംസ്ഥാന ഹജ്ജ്, വഖഫ്, കായിക മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ആദ്യഹജ് സംഘവും കുടുംബാംഗങ്ങളും ബഹുജനങ്ങളും സാക്ഷിയായ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റായതിൻ്റെ രണ്ടാം വർഷം കൂടുതൽ ഹാജിമാരെ വരവേൽക്കുന്ന കണ്ണുർ വിമാനത്താവളത്തിൽ പുണ്യഭൂമിയിലേക്ക് യാത്രയാവാൻ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ഹാജിമാർ എത്തിയിരുന്നു.വിമാനതാവളത്തിൽ ആദ്യമെത്തിയ കണ്ണൂർ സിറ്റി സ്വദേശി മുസ്തഫയുടെ ഹെൽത്ത് രേഖയും ലഗ്ഗേജും സ്വീകരിച്ചു കൊണ്ട് വിമാനത്താവള എം ഡി സി ദിനേശ് കുമാർ തീർത്ഥാടകരെ ഔദ്യാഗികമായി സ്വീകരിച്ചു.
എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് മാനേജർ സുരേഷ് കുമാർ, എഞ്ചിനീയറിങ്ങ് ചീഫ് അബ്ദുസ്സലാം, സൗദി എയർലൈൻസ് ഉദ്യോഗസ്ഥരായ മുഹമ്മദ് വാഹിദ് അലി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, പി.ടി അക്ബർ, ക്യാമ്പ് കൺവീനർമാരായ സി കെ സുബൈർ ഹാജി, നിസാർ അതിരകം, ക്യാമ്പ് സ്പെഷ്യൽ ഓഫീസർ യു അബ്ദുൽ കരീം എന്നിവർ സന്നിഹിതരായിരുന്നു.
വിമാനത്താവളത്തിൽ ലഗേജ് കൈമാറിയ ഹാജിമാർ പ്രത്യേകം ബസിലാണ് ക്യാമ്പിലേക്ക് പുറപ്പെട്ടത്. ക്യാമ്പ് കവാടത്തിൽ വെച്ച് തക്ബീർ ധ്വനികളോടെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഖാദിമുതൽ ഹജ്ജാജുമാരും, സംഘാടക സമിതി ഭാരവാഹികളും സ്വീകരിച്ചു. ക്യാമ്പിൽ ജുമുഅ നമസ്കാരത്തിന് ജുനൈദ് സഅദി കടവത്തൂർ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ 5.55ന് പുറപ്പെടുന്ന സൗദിഎയർലൈൻസ് വിമാനത്തിലെ കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ശനിയാഴ്ച രാവിലെ 8.50ന് ജിദ്ദയിലെത്തും.
കണ്ണൂരിൽ നിന്ന് 3164 പേരാണ് പരിശുദ്ധ ഹജ്ജിന് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാർ കണ്ണൂർ വഴി പോകുന്നുണ്ട്. ഇതിൽ 37 പേർ കർണ്ണാടകയിൽ നിന്നും, 14 പേർ പോണ്ടിച്ചേരിയിലെ മാഹി മേഖലയിൽ നിന്നും മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്. ജൂൺ മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാവും. രാവിലെ 8.35നും ഉച്ചക്ക് 1.10നും. ഉച്ചക്കുള്ള വിമാനം കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ നിന്നുള്ള സ്ത്രീകളുടെ ഏക സർവീസായിരിക്കും.
361 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്. കണ്ണൂരിലേക്കുള്ള മടക്ക യാത്ര മദീനയിൽ നിന്നാണ്. ജൂലൈ പത്തിന് മദീനയിൽ നിന്നാണ് കണ്ണൂരിലേക്കുള്ള മടക്ക വിമാനം പുറപ്പെടുക. ഹജ്ജാജികളുടെ ആദ്യ മടക്കവിമാനം ജൂലൈ പത്തിന് പലർച്ചെ 03.50 ന് പുറപ്പെട്ട് ഉച്ചക്ക് 12 മണിക്ക് കണ്ണൂരിലെത്തും. അവസാനത്തെ മടക്കവിമാനം ജൂലൈ 19ന് വൈകുന്നേരം 03.10 ന് പുറപ്പെട്ട് രാത്രി 11.20ന് കണ്ണൂരെത്തും.