Hajj Camp | ഹജ്ജിൻ്റെ പരിശുദ്ധിയുടെ പ്രതീകമായി ശിശു തീർത്ഥാടകനും
വെള്ളിയാഴ്ച പുലർച്ചെ പുറപ്പെടുന്ന വിമാനത്തിലാണ് മുഹമ്മദ് ഷാഫിയെയും കൊണ്ട് കുടുംബം പുണ്യഭൂമിയിലേക്ക് പോകുന്നത്
മട്ടന്നൂർ: (KasargodVartha) ജനിച്ചു വീഴുന്ന ശിശുവിൻ്റെ പരിശുദ്ധിയോടെ തിരിച്ചു വരാൻ മക്കത്തേക്ക് പുറപ്പെടുന്ന വിശ്വാസികളോടൊപ്പം പരിശുദ്ധിയുടെ പ്രതീകമായി ഒമ്പത് മാസം പ്രായമായ മുഹമ്മദ് ഷാഫിയും. കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റിൽ നിന്ന് തീർത്ഥാടകരോടൊപ്പം ഈ വർഷം പോകുന്ന ആദ്യത്തെ ശിശുവാണ് മുഹമ്മദ് ഷാഫി. വെള്ളിയാഴ്ച പുലർച്ചെ പുറപ്പെടുന്ന വിമാനത്തിലാണ് മുഹമ്മദ് ഷാഫിയെയും കൊണ്ട് കുടുംബം പുണ്യഭൂമിയിലേക്ക് പോകുന്നത്.
കണ്ണൂർ കടവത്തൂർ സ്വദേശി കെ. അബ്ദുൽ റഷീദ് ഷാമിയ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് ഷാഫി. ആദ്യത്തെ രണ്ട് മക്കളായ ആയിശ അബ്ദുറഷീദും (12), ഫാത്വിമ അബ്ദുറഷീദും (10) പെൺകുട്ടികളാണ്. സ്വപ്നത്തിലെ ആൺ തരിയെ വിശുദ്ധ ഭൂമിയിലേക്കുള്ള യാത്രയിൽ ഒപ്പം കിട്ടിയതിൻ്റെ പ്രാർത്ഥനാ മനസ്സുമായാണ് കുടുംബത്തിൻ്റെ യാത്ര.
റഷീദ് - ഷാമിയ ദമ്പതികളോടൊപ്പം ഷാമിയയുടെ ജേഷ്ട സഹോദരിമാരായ ഷമീമ, ഷർമിന എന്നിവരും തീർത്ഥാടന സംഘത്തിലുണ്ട്. രണ്ട് വയസ്സിന് താഴെയുള്ളവർക്ക് ഹജ്ജ് ചിലവിൻ്റെ 25 ശതമാനം നൽകിയാൽ മതി എന്നാണ് നിബന്ധന.