Uroos | എരുമാട് ഉറൂസിന് വെള്ളിയാഴ്ച പതാക ഉയരും; സമാപനം 28ന്

● സൂഫി ശഹീദ്, സയ്യിദ് ഹസൻ സഖാഫ് എന്നിവരുടെ പേരിലാണ് ഉറൂസ്
● വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
● 28ന് സമാപന കൂട്ടു പ്രാർത്ഥന നടക്കും
കാസർകോട്: (KasargodVartha) കുടക് ജില്ലയിലെ എരുമാടിൽ അന്ത്യവിശ്രമം കൊള്ളുന്ന സൂഫി ശഹീദ്, സയ്യിദ് ഹസൻ സഖാഫ് എന്നീ മഹാന്മാരുടെ ഉറൂസ് മുബാറക്ക് ഈ മാസം 21 മുതൽ 28 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ ഈജിപ്തിൽ നിന്ന് മതപ്രബോധനത്തിനായി ഇന്ത്യയിലെത്തിയ സൂഫി ശഹീദിന്റെയും, യെമനിലെ ഹളറ മൗത്തിൽ നിന്ന് വന്ന സയ്യിദ് ഹസൻ സഖാഫ് അൽ ഹള്റമിയുടെയും സ്മരണ പുതുക്കിയാണ് ഉറൂസ് പരിപാടികൾ നടക്കുന്നത്.
ഉറൂസിന്റെ ഭാഗമായി മഖാം സിയാറത്ത്, മതപ്രഭാഷണം, സാംസ്കാരിക സമ്മേളനം, ദഫ് മുട്ട്, സമൂഹ വിവാഹം, പ്രവാചക പ്രകീർത്തന സദസ്, സ്വലാത്ത് മജ്‌ലിസ്, കൂട്ടപ്രാർത്ഥന, അന്നദാനം തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ഉറൂസിനായി താജുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 21ന് ജുമുഅ നിസ്കാരത്തിന് ശേഷം ഉറൂസിന് തുടക്കം കുറിക്കും. താജുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ സഖാഫി പതാക ഉയർത്തും. ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
24ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ, മന്ത്രി സമീർ അഹമ്മദ്, ഷാഫി സഅദി ബാംഗ്ലൂർ, സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. അന്നേദിവസം നാലുമണിക്ക് പതിനായിരങ്ങൾക്ക് അന്നദാനം ഉണ്ടായിരിക്കും. എല്ലാ ദിവസവും പണ്ഡിതന്മാർ പ്രഭാഷണം നടത്തും. 28ന് ഉച്ചയ്ക്ക് സയ്യിദ് അബ്‌ദുർ റഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ സമാപന കൂട്ടു പ്രാർത്ഥനക്ക് നേതൃത്വം നൽകും.
വാർത്താസമ്മേളനത്തിൽ അഷ്റഫ് ജൗഹരി എരുമാട്, അബ്ദുനാസർ ഹാജി മളിയിൽ, അബ്ദുറസാഖ് ആലംപാടി, മുഹമ്മദ് അസ്അദ് എരുമാട് എന്നിവർ പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!
The Erumad Uroos, honoring Sufi saints Syed Hasan Sakhaf, will be held from 21st to 28th of this month. Various religious and cultural programs including makhama ziarath, religious discourses, cultural conference and annadanam will be held.
#ErumadUroos #SufiSaints #KeralaFestival #ReligiousHarmony #CulturalEvent #Annadanam