city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈദ് നമസ്‌ക്കാരം

കാസര്‍കോട്: (www.kasargodvartha.com 31.07.2020) ത്യാഗസ്മരണകളിൽ വിശ്വാസികളുടെ ബലിപെരുന്നാള്‍ ആഘോഷം. കോവിഡ് കാരണം ചെറിയ പെരുന്നാളിന് പള്ളികള്‍ അടച്ചിടേണ്ടി വന്നിരുന്നത് കൊണ്ട് വീടുകളില്‍ തന്നെയായിരുന്നു വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരം നടത്തിയിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചതോടെ പള്ളികള്‍ നമസ്‌ക്കാരത്തിനായി തുറന്ന് കൊടുത്തതിനാല്‍ ബലിപെരുന്നാളിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്‌ക്കാരം നടത്തി.

പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം പതിവ് പോലെ നടത്താറുണ്ടായിരുന്ന ആലിംഗനം ചെയ്തും ഹസ്തദാനം നടത്തിയുമുള്ള ആശംസകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ഹജ്ജ് കര്‍മം പോലും പരിമിതപ്പെടുത്തേണ്ടി വന്ന സാഹചര്യം പെരുന്നാള്‍ സന്ദേശത്തില്‍ പണ്ഡിതര്‍ ഊന്നി പറഞ്ഞു. കോവിഡ് മഹാമാരിയെ തുരത്തുന്നതിനുള്ള ഉദ്‌ബോധന പ്രസംഗമായിരുന്നു പള്ളികളിലെങ്ങും പണ്ഡിതര്‍ നടത്തിയത്.

സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കണം ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടു പോകേണ്ടതെന്നും, പ്രാര്‍ത്ഥന കൈവിടാതെ നീങ്ങിയാല്‍ ഏത് മഹാമാരിയെയും ചെറുക്കാന്‍ കഴിയുമെന്നും ഖത്തീബുമാര്‍ ഓര്‍മിപ്പിച്ചു. ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം ഒതുക്കാന്‍ മഹല്ല് കമ്മറ്റികളും ഖത്തീബുമാരും ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് ഞാണിക്കടവ് മുഹ്യുദ്ദീൻ ജുമാ മസ്ജിദില്‍ ഖത്തീബ് ഇസ്മായീല്‍ ദാരിമി പെരുന്നാള്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.

പരീക്ഷണങ്ങളെ അതിജീവിക്കാൻ വിശ്വാസികൾക്കാകണം - ഹാഫിഥ് ബാസിത് ബിൻ ബഷീർ

പട് ള:  മനുഷ്യൻ്റെ നിഖില മേഖലകളിലും പരീക്ഷണങ്ങൾ അഭിമുഖങ്ങളായി വരും. അവ അതിജീവിക്കുവാനുള്ള മാനസിക മുന്നൊരുക്കങ്ങളാണ് ഒരു വിശ്വാസിയിൽ നിന്നുമുണ്ടാകേണ്ടതെന്ന് ഹാഫിഥ് ബാസിം ബിൻ ബഷീർ പറഞ്ഞു.


പട്ലയിലെ കുഞ്ഞിപ്പള്ളിയിൽ പെരുന്നാൾ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇബ്രാഹിമീ ജീവിതവും സന്ദേശവും വായിച്ചും കേട്ടും കടന്നു പോകാനുള്ളതല്ല, മറിച്ച് പ്രതികൂല സാഹചര്യങ്ങളിൽ മാമല പോലെ പ്രതിരോധം തീർക്കുവാനുള്ള വിശ്വാസദൃഢത നിരന്തരം ഉറപ്പുവരുത്തുവാനും ജിവിതത്തിൽ പകർത്താനുമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. 

ധനം, സന്താനങ്ങൾ, രോഗം തുടങ്ങിയവ കൊണ്ടും വിശ്വാസികൾ നിരന്തരം പരീക്ഷിക്കപ്പെടാമെന്നും അവ ക്ഷമ കൊണ്ടും സഹനം കൊണ്ടും നേരിടുവാനുള്ള കരുത്താർജിക്കണമെന്ന് പിന്നീട് നടന്ന ജുമുഅ: ഖുതുബയിലും അദ്ദേഹം ഉപദേശിച്ചു.

കുഞ്ഞിപ്പള്ളി ഉൾപ്പടെ പട്ലയിലെ നിരവധി പള്ളികളിൽ ബലി പെരുന്നാൾ നമസ്ക്കാരവും പ്രാർഥനയും നടന്നു. സാമൂഹിക അകലം കൃത്യമായി പാലിച്ചു കൊണ്ടാണ് എല്ലാ പള്ളികളിലും ആരാധനാകർമ്മങ്ങൾ പൂർത്തീകരിച്ചത്.


വിശ്വാസികൾ സ്വഭവനങ്ങളിൽ നിന്നു വുദു എടുത്തും പ്രാർഥനാപ്പായകൾ (മുസല്ല) കൊണ്ടു വന്നും മാസ്കുകൾ ധരിച്ചുമാണ് പള്ളികളിൽ പ്രവേശിച്ചത്. സാനിറ്റൈസർ ഉൾപ്പടെ എല്ലാ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും മുഴുവൻ പള്ളികളിലും അതത് പള്ളി നേതൃത്വങ്ങൾ ഒരുക്കിയിരുന്നു.

കോവിഡ് 19 നിയന്ത്രണം: പുതുവസ്ത്രങ്ങളണിഞ്ഞും, വീട്ടില്‍ വിഭവങ്ങളൊരുക്കിയും പെരുന്നാള്‍ ആഘോഷിച്ചു

മൊഗ്രാല്‍: കോവിഡ് 19 നിയന്ത്രണങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ പൊലിമ കുറച്ചുവെങ്കിലും  കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരുന്നുള്ള ആഘോഷം കെങ്കേമമാക്കി വിശ്വാസി സമൂഹം. പതിവുപോലെ രാവിലെ തന്നെ പുതുവസ്ത്രങ്ങളണിഞ്ഞ് വീട്ടില്‍ തന്നെ കുടുംബ നാഥന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ നിസ്‌കാരം. പിന്നീട് പരസ്പരം ഈദ് ആശംസകള്‍ നേര്‍ന്നു. ഗ്രൂപ്പ് ഫോട്ടോകള്‍ എടുത്ത് കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുത്തും ഈദ് ആശംസകള്‍ കൈമാറി. വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ആഘോഷത്തിന് കുറവൊന്നും വരുത്തിയില്ല. എല്ലാം കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ.

മൊഗ്രാല്‍ ടൗണ്‍ വെള്ളിയാഴ്ച ശൂന്യമായിരുന്നു. മൊഗ്രാലിലെ 17.18.19 വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് ഫോണുകളായി നിലനില്‍ക്കുന്നതിനാല്‍ പള്ളികളിലെവിടെയും ഈദ്, ജുമാ നമസ്‌കാരങ്ങള്‍ ഉണ്ടായിരുന്നില്ല. സമ്പര്‍ക്ക വ്യാപന ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് വിശ്വാസികള്‍ വീട്ടില്‍ തന്നെ പെരുന്നാള്‍ ആഘോഷിച്ചത്. ഓരോ വീടുകളിലും പെരുന്നാള്‍ സ്‌പെഷ്യല്‍ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയിരുന്നു.

ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈദ് നമസ്‌ക്കാരം

Keywords: Kasaragod, news, Kerala, Eid, COVID-19, Religion, COVID protocol, Prayer, Eid prayers following the COVID protocol

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia