Observance | കർക്കിടക വാവ്: പിതൃസ്‌മരണയിൽ ബലിതര്‍പ്പണം നടത്തി വിശ്വാസികൾ; തൃക്കണ്ണാട് അടക്കം വിവിധയിടങ്ങളിൽ ഭക്തരുടെ വലിയ തിരക്ക്
നദികളിലും കടലിലും പിതൃക്കളെ ആവാഹിച്ച് പിണ്ഡം വെച്ച് പ്രാർത്ഥിക്കുന്ന ചടങ്ങുകൾക്ക് പുറമേ, വീടുകളിലും പിതൃകളെ സ്മരിക്കുന്ന ചടങ്ങുകൾ നടന്നു
കാസർകോട്: (KasargodVartha) കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് പിതൃപുണ്യമായി ബലിതര്‍ണപ്പണം നടത്തി വിശ്വാസികൾ. ക്ഷേത്രങ്ങളിലും പ്രധാന സ്‌നാന ഘട്ടങ്ങളിലും ഭക്തരുടെ വലിയ തിരക്കാണ്. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിൽ വിപുലമായ രീതിയിലാണ് കർക്കടക വാവ് ആചരിക്കുന്നത്. ബലിതർപ്പണ ചടങ്ങുകൾ നടത്തുന്ന പ്രധാന ക്ഷേത്രമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ അനവധി ഭക്തജനങ്ങൾ എത്തിയിരുന്നു. ജില്ലയ്ക്കു പുറത്തു നിന്നുള്ളവർ പോലും തർപ്പണത്തിനെത്തുന്ന ക്ഷേത്രമാണിത്.
നേരത്തെ തന്നെ ഇവിടെ ടോകൺ കൊടുത്തു തുടങ്ങിയിരുന്നു. ക്ഷേത്ര മേൽശാന്തി നവീൻചന്ദ്ര കായർത്തായയുടെ നേതൃത്വത്തിൽ ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കാർമികത്വത്തിൽ ക്ഷേത്ര മുൻവശത്തുള്ള കടൽതീരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരേ സമയത്ത് ഇരുപതോളം കർമികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്.
നീലേശ്വരം മരക്കാപ്പ് കടപ്പുറം മൂകാംബികാ ദേവി ക്ഷേത്രം, അട്ടേങ്ങാനം ബേളൂർ ശിവക്ഷേത്രം, ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രം, വെള്ളരിക്കുണ്ട് അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും ഏറെപ്പേരെത്തിയിരുന്നു. കർക്കടക വാവ് ദിനത്തിൽ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം. ഈ ദിവസം പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും വിശ്വാസികൾ കരുതുന്നു.
നദികളിലും കടലിലും പിതൃക്കളെ ആവാഹിച്ച് പിണ്ഡം വെച്ച് പ്രാർത്ഥിക്കുന്ന ചടങ്ങുകൾക്ക് പുറമേ, വീടുകളിലും പിതൃകളെ സ്മരിക്കുന്ന ചടങ്ങുകൾ നടന്നു. പിതൃക്കളുടെ അനുഗ്രഹം ലഭിക്കാൻ വ്രതമെടുക്കുന്നവരും ധാരാളമുണ്ട്.