'ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ട മുതല' ക്ഷേത്രനടയിൽ; ബബിയയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Oct 21, 2020, 17:17 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2020) ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു എന്ന് വിശ്വസിക്കുന്ന മുതല ക്ഷേത്രനടയിൽ. ബബിയയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കുമ്പള അനന്തപുരം തടാക ക്ഷേത്രത്തിലെ മുതലയായ ബബിയ ആണ് കഴിഞ്ഞ ദിവസം ക്ഷേത്ര നടയില്‍ എത്തിയത്. അമ്പലത്തിന് ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറിയാണ് ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഈ അപൂര്‍വ കാഴ്ചയുണ്ടായത്. ഇതിനകം തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. ദൈവീകമായി നടന്ന സംഭവമായാണ് ചിലർ ഇതിനെ കാണുന്നത്.
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. ഇവിടുത്തെ 73 വയസുള്ള ബബിയ എന്ന മുതല ഒരല്‍ഭുതമാണ്. മാംസാഹാരം കഴിക്കാത്ത മുതല എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് പട്ടാളക്കാര്‍ ക്ഷേത്രം നശിപ്പിച്ച കൂട്ടത്തില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടിരുന്നു.
ഒരു ദിവസം വെയില്‍ കായാന്‍ കിടന്ന മുതലയെ തടാകത്തിന്റെ കിഴക്കുവശത്തുളള ആലിന്റെ ചുവട്ടില്‍ വച്ച് ഒരു പട്ടാളക്കാരന്‍ വെടി വച്ചു. അതേ സമയത്തു തന്നെ ആലില്‍ നിന്ന് വിഷജന്തു ഇറങ്ങിവന്ന് പട്ടാളക്കാരനെ കടിച്ചു. അപ്പോള്‍ തന്നെ അയാള്‍ മരിച്ചു പോയി. പക്ഷേ, പിറ്റേദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടെന്നും ആ മുതലയാണ് ഇന്നുളളതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.
ക്ഷേത്രത്തിൽ ദേവന് നിവേദിക്കുന്ന ചോറാണ് മുതലയ്ക്ക് ഭക്ഷണമായി പൂജാരി നൽകുന്നത്. നിവേദി ചോറുമായി തടാക കരയിൽ വന്ന് ബബിയെ നീട്ടി വിളിച്ചാൽ കുളത്തിൽ നിന്നും പൊങ്ങി വന്ന് പൂജാരിയുടെ കൈയ്യിൽ നിന്നു തന്നെ ഭക്ഷണം കഴിക്കും. ഇന്നേ വരെ ബബിയ ആരെയും ഉപദ്രവിച്ചതായി ആർക്കും അറിയില്ല.
Keywords: Kerala, News, Kasaragod, Temple, Religion, Social-Media, Photo, Top-Headlines, Viral, Crocodile, Babia, Crocodile ordered to be shot dead by British soldiers; Babia's picture viral on social media.