Milad un Nabi | പ്രവാചകപ്പിറവിയുടെ ഹർഷാരവത്തിൽ വിശ്വാസികൾ; നാടെങ്ങും വർണാഭവമായ നബിദിനാഘോഷം; മിഴിവേകി റാലികൾ
റാലികളും കലാപരിപാടികളും ഈ ദിവസത്തെ മാറ്റ് കൂട്ടി.
മസ്ജിദുകളിലും മറ്റും മൗലീദ് പാരായണം നടന്നു.
ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു.
കാസർകോട്: (KasargodVartha) പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനത്തിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും സന്ദേശവുമായി ഇസ്ലാം മത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും നബിദിന റാലികള്‍ സംഘടിപ്പിച്ചു.
അറബന, ദഫ് മുട്ട്, സ്കൗട് തുടങ്ങിയവ റാലിക്ക് മിഴിവേകി. ഭക്ഷണം, മധുര പാനീയങ്ങൾ എന്നിവയും വിതരണം ചെയ്തു. മസ്ജിദുകളിലും മദ്രസകളിലും വീടുകളിലും മറ്റും പ്രവാചക പ്രകീർത്തനങ്ങളുമായി മൗലീദ് പാരായണം നടന്നുവരികയാണ്. പലയിടത്തും റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ വിപുലമായ പരിപാടികള്‍ നടന്നുവരുന്നുണ്ട്.
തെരുവോരങ്ങളും പള്ളി- മദ്‌റസാ സ്ഥാപനങ്ങളും വീടുകളുമടക്കം അലങ്കാര തോരണങ്ങളാൽ നിറഞ്ഞു കഴിഞ്ഞിട്ടുണ്ട്. മദ്റസകളിൽ വിദ്യാർഥികളുടെ കലാപരിപാടികളും ഈ സുദിനത്തിന് മാറ്റ് കൂട്ടുന്നു. ചിലയിടങ്ങളിൽ തിങ്കളാഴ്ചയും മറ്റിടങ്ങളിൽ തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് പരിപാടികള്‍ നടക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ന്റെ സ്മരണയിലാണ് നബിദിനാഘോഷം. പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങളും ജീവിതത്തിൽ പ്രയോഗിക്കാനുള്ള പ്രതിജ്ഞയോടെയാണ് വിശ്വാസികൾ ഈ ദിവസം കൊണ്ടാടുന്നത്.
#ProphetMuhammad #Islam #Kasaragod #India #celebration #religion #unity #peace