Festival | പെരുങ്കളിയാട്ടം: ആദൂർ ഭഗവതി ക്ഷേത്രത്തിൽ മൂന്ന് ഭഗവതിമാരുടെയും തിരുമുടി ഉയർന്നു

● വൈവിധ്യമാർന്ന തെയ്യങ്ങളുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്
● സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു
● അനവധി ഭക്തർ പങ്കെടുത്തു
മുള്ളേരിയ: (KasargodVartha) ആദൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിൽ ഭക്തർക്ക് ദർശനപുണ്യം നൽകി മൂന്ന് ഭഗവതിമാരുടെയും തിരുമുടി ഉയർന്നു. രാവിലെ 10 മണിക്ക് ശേഷമുള്ള ശുഭമുഹൂർത്തത്തിൽ, മംഗല്യ കുഞ്ഞുങ്ങളുടെയും സ്ഥാനിക ആചാര അവകാശികളുടെയും അകമ്പടിയോടെയാണ് ഒരേ പീഠത്തിൽ കുടികൊള്ളുന്ന നിത്യ കന്യകമാരായ ശ്രീ പുന്നക്കാൽ ഭഗവതി, ശ്രീ ഉച്ചുളിക്കടവത്ത് ഭഗവതി, ശ്രീ ആയിറ്റി ഭഗവതി എന്നിവരുടെ തിരുമുടി ഉയർന്നത്.
വൈരാപുരത്ത് വടക്കൻ കോടി, അസുരാളൻ, കല്ലങ്കര ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി, വിഷ്ണു മൂർത്തി, മലങ്കര ചാമുണ്ഡി, കുണ്ടാർ ചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങളുടെ അകമ്പടിയോടെയാണ് ഭഗവതിമാർ തിരുമുടി ഉയർത്തിയത്. പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഈ അപൂർവ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. രാത്രി വരെ ഭഗവതിമാർ ഭക്തർക്ക് അനുഗ്രഹം നൽകി. ഉച്ചപൂജയും തുടർന്ന് ക്ഷേത്ര അവകാശികളായ കാസർകോട് നെല്ലിക്കുന്ന് കണ്ണീരത്ത് തറവാട്, കരയപ്പൻ-കിരിയം ഭണ്ഡാരവീട് തറവാട്, മുത്തില്ലം തറവാട് എന്നിവിടങ്ങളിൽ നിന്ന് മീനമൃതിനുള്ള മീൻകോവ എഴുന്നള്ളത്തും നടന്നു. തുടർന്ന് തിരുമുൽ പ്രസാദ വിതരണവും നടന്നു.
ഉച്ചയ്ക്ക് മുതൽ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. ബ്രഹ്മശ്രീ രവിശ് തന്ത്രി ദീപ പ്രജ്വലനം നടത്തി. ആദൂർ ശ്രീ ഭഗവതി ക്ഷേത്രം ജനറൽ സെക്രട്ടറി മാധവൻ ഭണ്ഡാരവീട് സ്വാഗതം ആശംസിച്ചു. പെരുങ്കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി അധ്യക്ഷൻ ബിപിൻദാസ് റൈ ആദർ ഗുത്തു അധ്യക്ഷത വഹിച്ചു. ഹേ റംബ ഇൻഡസ്ട്രി മുംബൈ എം.ഡി. സദാശിവ ഷെട്ടി കന്യാന ഉദ്ഘാടനം നിർവഹിച്ചു. പ്രശാന്ത് കുമാർ ഡിജിറ്റൽ സുവനീർ പ്രകാശനം ചെയ്തു.
വൈകുന്നേരം കൈകൊട്ടിക്കളി, ഭരതനാട്യം എന്നിവ അരങ്ങേറി. രാത്രി 11.50ന് പെരുങ്കളിയാട്ട മഹോത്സവത്തിന്റെ കൊടിയിറക്കവും നടക്കും. വ്യാഴാഴ്ച രാവിലെ വിവിധ തെയ്യങ്ങളുടെ പുറപ്പാടും ഉച്ചയ്ക്ക് മൂന്ന് ഭഗവതിമാരുടെയും ഉച്ചതോറ്റവും നടന്നു. വൈകുന്നേരം വിവിധ തെയ്യങ്ങളുടെ ഉറഞ്ഞാടലും തുടർന്ന് അന്തിത്തോറ്റവും നടന്നു. സാംസ്കാരിക പരിപാടികളുടെ ഭാഗമായി മാതൃ സംഗമം, സർവൈശ്വര്യ വിളക്ക് പൂജ, യക്ഷഗാന ബയലാട്ടം, തുളു പുരാണ നാടകം എന്നിവയും അരങ്ങേറി.
ഈ വാർത്ത പങ്കുവെക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
After 351 years, the sacred headgear of three goddesses was raised at the Adur Bhagavathi Temple Perunkaliyattam. Thousands of devotees witnessed this rare event, which included various cultural programs and rituals.
#AdurBhagavathiTemple #Perunkaliyattam #KeralaCulture #TempleFestival #Tradition #Devotion