Historical Significance | '351 വർഷം പഴക്കമുള്ള കലശപാത്രം ആദൂർ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ചരിത്രത്തിൻ്റെ ചൈതന്യം പകരും'; ജൈന കാലഘട്ടത്തിൽ ബല്ലാൾ രാജ വംശത്തിൻ്റെ തിരുശേഷിപ്പായി ദുപ്പെയും

● ജൈന കാലഘട്ടത്തിലാണ് കലശപാത്രം ഉണ്ടാക്കിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
● ക്ഷേത്രത്തിന് അര കിലോമീറ്ററോളം വടക്കു മാറി വയലിൽ ഇപ്പോഴും ദുപ്പെകൾ സ്ഥിതി ചെയ്യുന്നുണ്ട്.
● കാലപ്പഴക്കത്താൽ ഇത്തരം നിർമിതികർ പലതും നശിച്ചുപോയി.
● ഇപ്പോൾ മൂന്ന് ദൂപ്പെകളാണ് ഇവിടെ ബാക്കിയുള്ളത്.
കുഞ്ഞിക്കണ്ണൻ മുട്ടത്ത്
ആദൂർ: (KasargodVartha) മൂന്നര നൂറ്റാണ്ട് മുമ്പ് പെരുങ്കളിയാട്ടം നടന്നുവെന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്ന 351 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന കലശപാത്രം ആദൂർ ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ചരിത്രത്തിൻ്റെ ചൈതന്യം പകരും. ക്ഷേത്രത്തിലെ ഈ കലശപാത്രമാണ് മുമ്പ് ഇവിടെ പെരുങ്കളിയാട്ടം നടന്നുവെന്നതിനുള്ള തെളിവായുള്ളത്. കലശപാത്രം ചരിത്രകാരൻമാരും ആർകിയോളജി വിദഗ്ധരും പരിശോധിച്ചാണ് ഇതിൻ്റെ കാലപഴക്കം നിർണയിച്ചത്.
ജൈന കാലഘട്ടത്തിലാണ് കലശപാത്രം ഉണ്ടാക്കിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജൈന കാലഘട്ടത്തിൽ ഈ പ്രദേശം ബല്ലാൾ രാജവംശത്തിൻ്റെ അധീനതയിലായിരുന്നു. സോമേശ്വരം മുതലുള്ള പ്രദേശങ്ങൾ ബല്ലാൾ രാജവംശത്തിൻ്റെ കീഴിലായിരുന്നുവെന്നതിന് തെളിവുകൾ ഉണ്ടെന്ന് ചരിത്ര ഗവേഷകനായ പ്രൊഫ. സി ബാലൻ കാസർകോട് വാർത്തയോട് പറഞ്ഞു. ആദൂരിലും രാജാക്കൻമാർ ജീവിച്ചിരുന്നുവെന്നതിന് തെളിവാണ് ആ കാലഘട്ടത്തിൻ്റെ തിരുശേഷിപ്പായ ദുപ്പെ (മുനിയറയുടെ മറ്റൊരു രൂപം) യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിന് അര കിലോമീറ്ററോളം വടക്കു മാറി വയലിൽ ഇപ്പോഴും ദുപ്പെകൾ സ്ഥിതി ചെയ്യുന്നുണ്ട്.
ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ബല്ലാൾ രാജവംശത്തിലെ പ്രധാനപ്പെട്ടവർ മരിച്ചാലാണ് പിരമിഡ് രൂപത്തിൽ കല്ല് കെട്ടി അതിനുള്ളിൽ അവരെ അടക്കം ചെയ്തു വന്നിരുന്നത്, ദുപ്പെ എന്നാണ് ഇതിനെ നാട്ടുകാർ വിളിച്ചു വരുന്നത്. ഇത്തരത്തിൽ 25 ഓളം ദുപ്പെകൾ പ്രദേശത്ത് ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. കാലപ്പഴക്കത്താൽ ഇത്തരം നിർമിതികർ പലതും നശിച്ചുപോയി.
ഇപ്പോൾ മൂന്ന് ദൂപ്പെകളാണ് ഇവിടെ ബാക്കിയുള്ളത്.
ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിനെത്തുന്നവർക്ക് കലശപാത്രവും പ്രദേശത്തെ ദൂപ്പെകളും കൗതുകം നിറയ്ക്കുമെന്ന് ഉറപ്പാണ്. പെരുങ്കളിയാട്ടത്തിന് പഴയ കാലഘട്ടത്തിലെ കലശപാത്രം ഉപയോഗിക്കാൻ കഴിയുമോ എന്ന സംശയത്താൽ ക്ഷേത്ര അധികാരികൾ അതേ മാതൃകയിൽ പുതിയ കലശപാത്രം കൂടി ഉണ്ടാക്കിയിട്ടുണ്ട്.
ഇവിടെ ഉണ്ടായിരുന്നുവെന്ന് പറയുന്ന ബല്ലാൾ രാജാക്കൻമാരുടെ കൊട്ടാരത്തിലെ പ്രധാന കാര്യസ്ഥൻമാരും പല്ലക്ക് ചുമലിലേറ്റുന്നവരും ക്ഷേത്രത്തിൻ്റെ അവകാശികളായ സമുദായ വിഭാഗക്കാരായിരുന്നുവെന്നാണ് പഴയ കാലത്തുള്ള ആളുകൾ പറഞ്ഞുവന്നിരുന്നത്. തലമുറകൾ കൈമാറി വന്ന അറിവുകളാണ് ഇവയൊക്കയും. 351 വർഷത്തിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടം ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടത്തം കുടിയായി മാറും.
കലവറ ഘോഷയാത്ര എത്തി
മുള്ളേരിയ: ആദൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ 351 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കാനക്കോട് കാപ്യ മണിയാണി തറവാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച കലവറ ഘോഷയാത്ര നടന്നു. മുള്ളേരിയ ഗണേശ മന്ദിരത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ആഡംബരപൂർവ്വം ആദൂർ ഭഗവതി ക്ഷേത്രത്തിലേക്ക് നീങ്ങി.
ഗണേശ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ രവീഷ് തന്ത്രി കുണ്ടാർ കലവറ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കാനക്കോട് കാപ്യ മണിയാണി തറവാട് കമ്മിറ്റി ഭാരവാഹികളും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രസാദ വിതരണവും പ്രഭാത ഭക്ഷണ വിതരണവും നടന്നു. കാനക്കോട് തറവാട് കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
ആചാര്യ സംഗമം നടന്നു
ആദൂർ: പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആചാര്യ സംഗമം നടന്നു. പെരുങ്കളിയാട്ട ചെയർമാൻ വിപിൻദാസ് റായിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കാറഡുക്ക പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബി. ഗോപാലകൃഷ്ണ ഭട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ധീരസഭ സംസ്ഥാന അധ്യക്ഷൻ അഡ്വ. യുഎസ് ബാലൻ മുഖ്യാതിഥിയായി പങ്കെടുത്തു.
മുകയാ-ബോവി സമുദായത്തിന്റെ 11 ക്ഷേത്രങ്ങളിലെ സ്ഥാനിക പ്രമുഖരും ആചാര്യ സംഗമത്തിൽ പങ്കാളികളായി. ഡോ. വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. വെങ്കിട്ടരമണ ഹോള സംസാരിച്ചു. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി കൺവീനർ പ്രശാന്ത് കൃഷ്ണൻ സ്വാഗതവും മീഡിയ കമ്മിറ്റി കൺവീനർ നിഖിൽ നാരായണൻ നന്ദിയും രേഖപ്പെടുത്തി.
#AdurBhagavathiTemple #Perunkaliyattam #AncientKalash #HistoricalRevival #BallanRoyalFamily #AdurHeritage