കാസര്‍കോട്ടെ പോലീസിന്റെ ഇരട്ടനീതി അവസാനിപ്പിക്കണം: യൂത്ത് ലീഗ്
Apr 9, 2017, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2017) കാസര്‍കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന എല്ലാ സംഭവങ്ങളിലും പോലീസ് സ്വീകരിക്കുന്ന നിലപാടുകളില്‍ ജനങ്ങര്‍ക്ക് ആശങ്കയുണ്ടെന്നും, ആര്‍ എസ് എസ് - സംഘ് പരിവാര്‍ സംഘങ്ങളുടെ കുഴലൂത്തുകാരെ പോലെ പ്രവര്‍ത്തിക്കുന്ന പോലീസ് ഇരട്ടനീതിയാണ് നടപ്പിലാക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു.
എം എസ് എഫ് ജില്ലാ നേതാക്കളെയും, കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ പഠിക്കുന്ന പ്രവര്‍ത്തകരെയും ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് ലോക്കപ്പിലടച്ച സംഭവത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുന്നതിനും, വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്നതിനും അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് പറഞ്ഞ ജില്ലാ പോലീസ് ചീഫിന് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍ മദ്യപിക്കുന്നതിനിടെ പോലീസ് പിടികൂടിയ ബി.എം.എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഒരു റിപ്പോര്‍ട്ടിനെയും കാത്ത് നില്‍ക്കേണ്ടി വന്നിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് സംഘ് പരിവാരങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന കാസര്‍കോട്ടെ പോലീസ് സംവിധാനത്തെയാണ്.
ചൂരി പഴയ ജുമാ മസ്ജിദില്‍ കയറി പള്ളി മുഅദ്ദിന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്നതിന് വേണ്ടി പ്രകടനം നടത്താന്‍ എത്തിയ മുസ്ലിം പണ്ഡിതന്മാരെ അടിച്ച് ഓടിക്കാന്‍ കാട്ടിയ ഉത്സാഹം കഴിഞ്ഞ ദിവസം നടന്ന ബിജെപി ഹര്‍ത്താലില്‍ അക്രമണം കാണിച്ചവര്‍ക്കെതിരെയും, പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്കെതിരെയും കാണുന്നില്ല, ഇങ്ങനെയാണ് കാസര്‍കോട്ടെ പോലീസിന്റെ നിലപാടുകളെങ്കില്‍ ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ യൂത്ത് ലീഗ് നിര്‍ബന്ധിതമാകും. ഹര്‍ത്താല്‍ ദിവസം പോലീസിനെയടക്കം അക്രമിച്ച മുഴുവന്‍ ആളുകളുടെ പേരിലും ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണം.
കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനം ഉണ്ടായ സമയത്തും, റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സമയത്തും ഇവിടെ ഒരു വിഭാഗം ആളുകള്‍ സംയമനം പാലിച്ചത് കാസര്‍കോട് സമാധാനം നിലനില്‍ക്കണമെന്നത് കൊണ്ടാണ്. എല്ലാ സമയത്തും പോലീസ് ഇത് പ്രതീക്ഷിക്കേണ്ടന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Keywords: Kerala, kasaragod, Police, MYL, news, Politics, Political party, RSS, BJP, Town station, Police Chief, MYL against police