യൂത്ത് ലീഗ് നേതാവിന്റെ അഴിമതി ആരോപണം ആയുധമാക്കി സി പി എം കുമ്പള പഞ്ചായത്ത് ഓഫീസ് മാർച്ച് ചൊവ്വാഴ്ച
● സി പി എം കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നത്.
● പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെയാണ് സി പി എം പ്രക്ഷോഭം.
● ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, 'ടേക്ക് എ ബ്രേക്ക്' വിശ്രമ കേന്ദ്രം, മിനി ഹൈമാസ്റ്റ് വിളക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണങ്ങൾ.
● അഴിമതി ആരോപണത്തിൽ മുസ്ലിം ലീഗ് പ്രാദേശിക-ജില്ലാ നേതൃത്വങ്ങൾ പ്രതികരിച്ചിട്ടില്ല.
കുമ്പള: (KasrgodVartha) മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ എം അബ്ബാസ് കുമ്പള, കുമ്പള ഗ്രാമപഞ്ചായത്തിൽ നടന്നതായി ആക്ഷേപമുയർത്തിയ വൻ അഴിമതിക്കഥകൾ ചാനൽ വഴി തുറന്നു കാട്ടിയ സാഹചര്യത്തിൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ സി പി എം കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് ചൊവ്വാഴ്ച, (നവംബർ 4) ബഹുജന മാർച്ച് നടത്തും.
ഭരണസമിതിക്കെതിരെയുള്ള അഴിമതിയും ഭരണകെടുകാര്യസ്ഥതയും ആരോപിച്ചാണ് സി പി എം കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കുമ്പള ഗ്രാമപഞ്ചായത്തിലെ അഴിമതി വിഷയത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വവും യൂത്ത് ലീഗ് നേതൃത്വവും രണ്ട് തട്ടിലാണ്.
ഇത് തുറന്നു കാട്ടിക്കൊണ്ടാണ് കഴിഞ്ഞ ആഴ്ച യൂത്ത് ലീഗ് നേതാവ് പഞ്ചായത്ത് ഭരണസമിതിയുടെ വൻ അഴിമതിക്കഥകൾ തുറന്നടിച്ചത്. ഈ വെളിപ്പെടുത്തൽ കുമ്പളയിൽ സി പി എമ്മിനും ബി ജെ പിക്കും ആയുധമാവുകയും ചെയ്തു. ഇതോടെയാണ് പ്രക്ഷോഭ പരിപാടികൾക്ക് സി പി എം രൂപം നൽകിയത്.
കുമ്പള ടൗണിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, 'ടേക്ക് എ ബ്രേക്ക്' വിശ്രമ കേന്ദ്രം, മിനി ഹൈമാസ്റ്റ് വിളക്കുകൾ, ആരിക്കാടി ഷിറിയ മണൽക്കടവ് എന്നിവയുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവിന്റെ പ്രധാന അഴിമതി ആരോപണങ്ങൾ.
ഇതിനോട് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വമോ ജില്ലാ നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് അഴിമതി ശരിവെക്കുന്നതിന് തുല്യമാണെന്നാണ് സി പി എമ്മിന്റെയും ബി ജെ പിയുടെയും ആരോപണം.
ചൊവ്വാഴ്ച നടക്കുന്ന കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചിന് മുന്നോടിയായി സി പി എം പ്രചാരണാർത്ഥം വാഹന പ്രചാരണ ജാഥകളും സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബഹുജന മാർച്ച് വിജയിപ്പിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് കുമ്പളയിൽ നടന്നുവരുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. ഷെയർ ചെയ്യുക.
Article Summary: CPM's Kumbala Panchayat office march on Tuesday over Youth League leader's corruption allegations.
#Kumbala #CPM #YouthLeague #CorruptionAllegation #PanchayatElection #KeralaPolitics






