ഡി സി സി പ്രസിഡന്റിനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് യൂത് കോൺഗ്രസ് ജില്ലാ സെക്രടറിയെ സസ്പെൻഡ് ചെയ്തു; നടപടി വഴിവിട്ട രാഷ്ട്രീയത്തിന് കൂട്ടു നിൽക്കാൻ വിസമ്മതിച്ചതിനെന്ന് മാർടിൻ ജോർജിന്റെ വിശദീകരണം
Apr 29, 2021, 22:06 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 29.04.2021) ഡി സി സി പ്രസിഡന്റ് ഹകീം കുന്നിലിനെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതിന് യൂത് കോൺഗ്രസ് ജില്ലാ സെക്രടറിയെ സസ്പെൻഡ് ചെയ്തു. യൂത് കോൺഗ്രസ് ജില്ലാ സെക്രടറി വെള്ളരിക്കുണ്ട് മാലോം സ്വദേശി മാർടിൻ ജോർജിനെയാണ് തൽസ്ഥാനത്തു നിന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഹകീം കുന്നിൽ സസ്പെൻറ് ചെയ്തത്.
ഇത് സംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം തപാൽ മാർഗം മാർടിന് ലഭിച്ചു. ഹകീം കുന്നിൽ നേരും നെറിയും ഉള്ള കോൺഗ്രസ് പ്രവർത്തകരോട് പക പോക്കൽ രാഷ്ട്രീയം കളിക്കുകയാണെന്നും മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെ പ്രവർത്തിക്കാൻ വേണ്ടി പറഞ്ഞപ്പോൾ അത് ചെയ്യാത്തതിനാണ് തന്നെ യൂത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കാൻ കാരണം. മരണം വരെയും കോൺഗ്രസ് പാർടിക്കൊപ്പം നില കൊള്ളുമെന്നും മാർടിൻ ജോർജ് കാസർകോട് വാർത്തയോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്താണ് കാസർകോട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ഹകീം കുന്നിലിനെതിരെ സോഷ്യൽ മീഡിയയിൽ യൂത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറിയും ബളാൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമായ രാജു കട്ടക്കയത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാതെ വരികയും ഇതിനിടയിൽ കെ പി സി സി ജനറൽ സെക്രടറി സ്ഥാനം കിട്ടുകയും രണ്ടു ദിവസം കൊണ്ട് അത് റദ്ദ് ചെയ്യുകയും ചെയ്‌തതോടെയാണ് രാജു കട്ടക്കയത്തെ പിന്തുണക്കുന്ന മലയോരത്തെ യൂത് കോൺഗ്രസ് പ്രവർത്തകർ ഹകീം കുന്നിലിനെതിരെ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നത്.
രാജു കട്ടക്കയത്തിന് സീറ്റ് നിഷേധിച്ചതിനു പിന്നിലും കെ പി സി സി ജനറൽ സെക്രടറി സ്ഥാനം റദ്ദ് ചെയ്തതും ഹകീം കുന്നിലിന്റെ ഇടപെടൽ മൂലം ആണെന്നതിനാലാണ് യൂത് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. മലയോരത്തു ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പോലും ബഹിഷ്‌കരിക്കാൻ ഇരിക്കുന്നതിനിടെ രാജ് മോഹൻ ഉണ്ണിത്താൻ എം പി അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെടുകയും രാജു കട്ടക്കയം ഉൾപ്പെടെയുള്ളവരെ അനുനയിപ്പിക്കുകയുമായിരുന്നു. ഇതിനിടയിൽ സോഷ്യൽ മീഡിയ വഴി തന്നെ അപമാനിച്ചു എന്ന് കാണിച്ചു ഇപ്പോൾ പുറത്താക്കിയ മാർടിൻ ജോർജ് ഉൾപ്പെടെയുള്ള ആറു യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഹകീം കുന്നിൽ കാസർകോട് ഡിവൈഎസ്പിക്ക് പരാതിയും നൽകിയിരിന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ യൂത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന് മുൻപാകെ ഹാജരാവുകയും മൊഴി നല്‍കുകയും ചെയ്തിരുന്നു. അന്ന് ആ പ്രശ്‌നം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഇപ്പോൾ വീണ്ടും ഡി സി സി പ്രസിഡന്റ് യൂത് കോൺഗ്രസ് ജില്ലാ സെക്രടറി മാർടിൻ ജോർജിനെ സസ്പെൻറ് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ മലയോരത്തെ ശക്തനായ യൂത് കോൺഗ്രസ് നേതാവിനെതിരെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സ്വീകരിച്ച നടപടി വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
Keywords: Kerala, News, Kasaragod, Vellarikundu, Political party, Politics, Youth-congress, DCC, Hakeem Kunnil, Top-Headlines, Suspension, Youth Congress suspends district secretary for insulting DCC president via social media.
< !- START disable copy paste -->