Protest Clash | പ്രശാന്തനെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഗവ: മെഡിക്കൽ കോളജിലെക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ സംഘർഷം
● ഉദ്ഘാടനം കഴിഞ്ഞ ഉടനെ ഒരു വിഭാഗം പ്രവർത്തകർ പോലീസിനെ വലം വച്ച് കോളേജ് കവാടത്തിലേക്ക് കടക്കാൻ ശ്രമിച്ചു.
● റിയ നാരായണനും എസ്.ഐ.യുമായുള്ള പിടിവലി സംഭവിച്ചു.
തളിപ്പറമ്പ്: (KasargodVartha) എ.ഡി.എമ്മിന്റെ മരണത്തിൽ ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ജീവനക്കാരൻ ടി.വി. പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.
മെഡിക്കൽ കോളേജ് കവാടത്തിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടും, ഒരു വിഭാഗം പ്രവർത്തകർ മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ഉദ്ഘാടനം കഴിഞ്ഞ ഉടനെ ഒരു വിഭാഗം പ്രവർത്തകർ പോലീസിനെ വലം വച്ച് കോളേജ് കവാടത്തിലേക്ക് കടക്കാൻ ശ്രമിച്ചു.
ഈ സമയം, യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ കോൺഗ്രസ് പതാകയുമായി കവാടത്തിലേക്ക് ഓടിക്കയറിയപ്പോൾ, പിന്നാലെ ഓടിയ ചെറുപുഴ എസ്.ഐ രൂപ മധുസൂതനൻ റിയയെ പിടികൂടി.
ഇരുവരും തമ്മിൽ പിടിവലി നടന്നു. തുടർന്ന് റിയ എസ്.ഐയുടെ പിടിവിട്ട് ഓടി കോളേജ് കവാടത്തിൽ എത്തി. പിന്നാലെ എത്തിയ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ. ബ്രിജേഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് വി. രാജൻ എന്നിവരാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. മാർച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
#Protest #YouthCongress #Prashanth #Politics #Kerala #Clash