എന്റെ അമ്മ മരിച്ചിട്ടില്ല, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കിയതിന് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പരാതി
● തൃക്കരിപ്പൂർ നിയോജകമണ്ഡലം സെക്രട്ടറി കെ.ജെ. രാജേഷാണ് പരാതിക്കാരൻ.
● മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അന്നമ്മ മാത്യുവിനെതിരെയാണ് പരാതി.
● കോൺഗ്രസ് ഭരിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിലാണ് സംഭവം.
● പാർട്ടി നേതൃത്വം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) യൂത്ത് കോൺഗ്രസ് നേതാവിൻ്റെ അമ്മ മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തി വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത മഹിളാ കോൺഗ്രസ് ജില്ലാ നേതാവിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം സെക്രട്ടറി കെ.ജെ. രാജേഷിൻ്റെ അമ്മ മേരി ജോസാണ് ജീവിച്ചിരിക്കെ മരിച്ചതായി രേഖപ്പെടുത്തിയത്.
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അന്നമ്മ മാത്യുവിനെതിരെയാണ് യൂത്ത് കോൺഗ്രസ് നേതാവായ രാജേഷ്, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ പി.കെ. ഫൈസലിന് രേഖാമൂലം പരാതി നൽകിയത്. കോൺഗ്രസ് ഭരിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിൽ പറമ്പ എന്ന സ്ഥലത്ത് സ്ഥിരതാമസക്കാരിയാണ് കെ.ജെ. രാജേഷിൻ്റെ അമ്മ മേരി ജോസ്. ഇവരെ മരിച്ചു എന്ന് അന്നമ്മ മാത്യു അന്തിമ വോട്ടർപട്ടിക നിർണ്ണയത്തിൽ സാക്ഷ്യപ്പെടുത്തുകയായിരുന്നു.
പരാതിയുടെ പൂർണ്ണരൂപം
പരാതിയുടെ പകർപ്പ് കാസർകോട് വാർത്തയ്ക്ക് ലഭിച്ചു. അതിന്റെ പൂർണ്ണരൂപം ഇങ്ങനെ:
'വെസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡ് പറമ്പ എന്ന സ്ഥലത്ത് സ്ഥിരതാമസക്കാരാണ് ഞാനും എന്റെ അമ്മയും അടങ്ങുന്ന കുടുംബം. 2025 സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പരിശോധിച്ചപ്പോൾ എന്റെ അമ്മയുടെ പേര് (മേരി ജോസ്) പട്ടികയിൽ കാണാൻ സാധിച്ചില്ല. പട്ടികയിൽ മരണപ്പെട്ട് നീക്കം ചെയ്തവരുടെ ലിസ്റ്റിൽ അമ്മയുടെ പേര് കണ്ടതിന്റെ അടിസ്ഥാനത്തിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരെ കണ്ട് പരാതിപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത് മേരി ജോസ് (വോട്ടർപട്ടിക ക്രമനമ്പർ 348) എന്നയാൾ മരണപ്പെട്ടു എന്ന കാരണം കാണിച്ച് അന്നമ്മ മാത്യു പഞ്ചായത്തിൽ സമർപ്പിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പേര് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചതെന്നാണ്.
അന്നമ്മ മാത്യുവും ഞങ്ങളും ഉൾപ്പെടുന്നത് ഒരേ വാർഡിലാണ്. കഴിഞ്ഞ മൂന്നു തവണയായി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് മെമ്പറായി പ്രവർത്തിച്ചുവരുന്ന ഇവർ ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ ചെയ്ത ഈ പ്രവൃത്തി ഞങ്ങൾക്ക് വലിയ ദുഃഖവും പ്രയാസവുമാണുണ്ടാക്കിയത്. ഈ വിഷയത്തിൽ നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇത് മെമ്പറുടെ ധിക്കാരപരമായ രീതിയാണെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. ഞാൻ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനും കഴിഞ്ഞ ഒരു വർഷത്തോളം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായിരുന്നു. കേരളാ കോൺഗ്രസിൻ്റെ ടിക്കറ്റിൽ വന്ന് മത്സരിച്ച് മെമ്പറായി പിന്നീട് പാർട്ടിയിൽ ചേർന്ന ഇവർക്ക് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാകാത്തതുകൊണ്ടാണ് ഇത്തരം പ്രവർത്തികൾക്ക് നേതൃത്വം കൊടുക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ അന്നമ്മ മാത്യുവിന് നേരിട്ടറിയാവുന്ന എന്റെ ജീവിച്ചിരിക്കുന്ന അമ്മ മരണപ്പെട്ടു എന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തതിനെതിരെ പാർട്ടി നേതൃത്വം അന്വേഷിച്ച് നടപടി ഉണ്ടാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.'
പരാതി നൽകിയ ദിവസം: 09/09/2025
വിശ്വസ്തതയോടെ, രാജേഷ് കെ.ജെ., പറമ്പ
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തുക.
Article Summary: Youth Congress leader complains after mother's name is removed from the voter list.
#KeralaPolitics #YouthCongress #MahilaCongress #VoterList #PoliticalNews #KeralaNews






