Allegation | യൂത് കോൺഗ്രസ് നേതാവ് വിസ തട്ടിപ്പ് നടത്തിയെന്ന് പരാതി; പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റിന് നേതാക്കൾ കത്തയച്ചു
യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞു 2.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്
കാസർകോട്: (KasargodVartha) യൂത് കോൺഗ്രസ് കാസർകോട് മണ്ഡലം പ്രസിഡന്റ് ദിലീപ് ദിലീഷ് വിസ തട്ടിപ്പ് കേസിൽ പ്രതിയതോടെ അദ്ദേത്തെ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റിന് നേതാക്കൾ കത്തയച്ചു. മായിപ്പാടിയിലെ കെ നാഗവേണിയുടെ പരാതിയിൽ ദിലീപ് ദിലീഷ്, കെ വി ദിനേശ് കുമാർ എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇരുവരും ചേർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നാഗവേണിയുടെ മകന് ജോലി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞു 2.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. 2022 മെയ് മാസമാണ് വിസക്കായി പണം നൽകിയതെന്നും യൂത് കോൺഗ്രസ് നേതാവിന്റെ അകൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമാണ് പണം നൽകിയിരുന്നതെന്നും പരാതിയിൽ പറയുന്നു.
സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ദിലീപ് ദിലീഷിനെ സ്ഥാനത്ത് നിലനിർത്തുന്നത് പ്രസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹത്തിനെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലോക് ജെനറൽ സെക്രടറി കെ ഉദ്ദേശ് കുമാർ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിലിന് കത്ത് നൽകിയിരിക്കുന്നത്.