Criticism | സിപിഎം ഭരണം അവസാനിപ്പിക്കാൻ സ്ത്രീകൾ ഒരുങ്ങിയിരിക്കുകയാണെന്ന് ജെബി മേത്തർ എംപി
● സിപിഎം ഭരണത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് ജെബി മേത്തർ.
● ക്രിമിനൽ പ്രവർത്തനങ്ങളിൽ സിപിഎം പ്രവർത്തകർ പ്രതികളാണെന്ന് ആരോപണം.
● 'പിണറായി വിജയൻ കേരളത്തെ ഗുണ്ടകൾക്ക് തീറെഴുതി കൊടുത്തു'
കാസർകോട്: (KasargodVartha) കൊലപാതകം മുഖ്യ അജണ്ടയാക്കിയ സിപിഎം ഭരണം അവസാനിപ്പിക്കാൻ സ്ത്രീകളും അമ്മമാരും ഒരുങ്ങിയിരിക്കുകയാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി. മഹിള സാഹസ് കേരള യാത്രയുടെ സ്വീകരണ ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അവർ. പിണറായി വിജയൻ കേരളത്തെ ഗുണ്ടകൾക്കും ക്രിമിനലുകൾക്കും തീറെഴുതി കൊടുത്തിരിക്കുകയാണെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നടക്കുന്ന ക്രിമിനൽ, മാഫിയ പ്രവർത്തനങ്ങളുടെ പ്രതി സ്ഥാനത്ത് സിപിഎം പ്രവർത്തകരാണ്. കൃപേഷ്, ശരത് ലാൽ കേസിൽ മുൻ എംഎൽഎ അടക്കം 15 സിപിഎം നേതാക്കളെ കോടതി ശിക്ഷിച്ചിട്ടും പാർട്ടിയിൽ നിന്ന് അവരെ പുറത്താക്കാത്തത് എന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ക്രിമിനൽ പാർട്ടിയാണ് സിപിഎം എന്ന് അവർ തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നുവെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
മംഗൽപാടി, മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ, കുമ്പള എന്നീ മണ്ഡലങ്ങളിൽ സ്വീകരണം നൽകി. എകെഎം അഷ്റഫ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി ഐ കെ രാജു, ധന്യ സുരേഷ്, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, വി കെ മിനിമോൾ, ആർ ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, പി സിന്ധു, നസീമ ഖാദർ, അത്തായി പത്മിനി, കെ എസ് യു ജില്ലാ പ്രസിഡണ്ട് ജവാദ് എന്നിവർ സംസാരിച്ചു.
#KeralaPolitics #CPMCrime #WomensRights #JebiMather #Congress #KeralaNews