city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Anniversary | മൂന്നാമതും പിണറായി തന്നെ നയിക്കും? മന്ത്രിസഭയുടെ നാലാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ; എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തും; ആദ്യ പര്യടനം ഏപ്രിൽ 21ന് കാസർകോട്ട്

 Pinarayi Vijayan celebrating the fourth anniversary of his cabinet in Kerala
Image Credit: Facebook/ Pinarayi Vijayan

● മെയ് 21-ന് തിരുവനന്തപുരത്ത് അവസാനിക്കും.
● സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെ സംഗമവും നടക്കും 
● ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശനങ്ങളും വിപണന മേളകളും സംഘടിപ്പിക്കും.

തിരുവനന്തപുരം: (KasargodVartha) രണ്ടാം പിണറായി മന്ത്രിസഭയുടെ നാലാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ഒരുങ്ങുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതൽ സംസ്ഥാനതലം വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തും. ഏപ്രിൽ 21 ന് കാസർകോട് നിന്ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പര്യടനം മെയ് 21 ന് തിരുവനന്തപുരത്ത് സമാപിക്കും.

വാർഷികാഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും അതത് മേഖലകളിലെ പ്രമുഖ വ്യക്തികളുടെയും സംഗമമാണ്. ഇതിനു പുറമെ, സർക്കാരിന്റെ സുപ്രധാന പദ്ധതികളും വികസന മുന്നേറ്റങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശനങ്ങളും വിപണന മേളകളും സംഘടിപ്പിക്കും. 

ജില്ലാതല യോഗങ്ങൾ 

ഏപ്രിൽ 21 - കാസർകോട് 
ഏപ്രിൽ 22 - വയനാട്
ഏപ്രിൽ 24 - പത്തനംതിട്ട
ഏപ്രിൽ 28 - ഇടുക്കി
ഏപ്രിൽ 29 - കോട്ടയം
മെയ് 5 - പാലക്കാട്
മെയ് 6 - കൊല്ലം
മെയ് 7 - എറണാകുളം
മെയ് 12 - മലപ്പുറം
മെയ് 13 - കോഴിക്കോട്
മെയ് 14 - കണ്ണൂർ
മെയ് 19 - ആലപ്പുഴ
മെയ് 20 - തൃശ്ശൂർ
മെയ് 21 - തിരുവനന്തപുരം

ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് & ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും. 

സംസ്ഥാനതല യോഗങ്ങൾ

മെയ് 3 - യുവജനക്ഷേമം - കോഴിക്കോട്
മെയ് 4 - വനിതാവികസനം - എറണാകുളം
മെയ് 10 - സാംസ്കാരികം - തൃശൂർ
മെയ് 11 - ഉന്നതവിദ്യാഭ്യാസരംഗം - കോട്ടയം 
മെയ് 17 - പ്രൊഫഷണലുകളുമായി ചർച്ച - തിരുവനന്തപുരം
മെയ് 18 - പട്ടികജാതി - പട്ടികവർഗ്ഗം - പാലക്കാട്

പ്രദർശനങ്ങൾക്ക് പുറമെ ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദ്ദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഭരണ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്തും. മെയ് മാസത്തിൽ നാല് മേഖലകളിലാണ് യോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷൻമാരും ചേർന്ന് ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങൾ നേരിടുന്നുണ്ടങ്കിൽ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടർച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂർ ജില്ലയിലും, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.

2023 ലെ അവലോകന യോഗത്തിൽ പരിഗണിച്ചവയിൽ ഇനിയും പൂർണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എം.എൽ.എ. മാരുമായി നടത്തിയ യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവർത്തനങ്ങൾ, നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തിൽ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തിൽപ്പെടുന്ന വിഷയങ്ങൾ മേഖലാ അവലോകന യോഗങ്ങളിൽ പരിഗണിക്കും. 

സർക്കാർ മുൻഗണന നൽകുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജനം, നവകേരള മിഷൻ (ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷൻ), മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.

മേഖലാ അവലോകന യോഗങ്ങൾ 

08/05/2025 - പാലക്കാട് ( പാലക്കാട്, മലപ്പുറം തൃശ്ശൂർ ജില്ലകൾ)
15/05/2025 - തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട)
26/05/2025 - കണ്ണൂർ (കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്)
29/05/2025 - കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം)

മേഖലാ അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നൽകി. മേഖലാ അവലോകന യോഗങ്ങൾ നടക്കുന്ന ജില്ലയിലെ ജില്ലാ കളക്ടർമാർക്ക് യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകൾ നൽകും. യോഗത്തിനായുള്ള സോഫ്റ്റ്വെയർ തയ്യാറാക്കുന്നതിന് ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെയായിരിക്കുമോ മുന്നണിക്ക് നേതൃത്വം നൽകുക എന്ന ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇത്രയും വിപുലമായ പരിപാടികളോടെയുള്ള നാലാം വാർഷികാഘോഷം രാഷ്ട്രീയപരമായും ഏറെ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ സൂചന കൂടിയായി ഇതിനെ വിലയിരുത്തുന്നവരുണ്ട്.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The Kerala Government is celebrating the fourth anniversary of the second Pinarayi Cabinet with a series of events across all districts starting on April 21 in Kasaragod.


#Pinarayi #FourthAnniversary #KeralaGovernment #DistrictPrograms #Kasaragod #PoliticalCelebration

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia