മന്ത്രി ഇ ചന്ദ്രശേഖരന് കാഞ്ഞങ്ങാട്ട് വെല്ലുവിളി നേരിടേണ്ടി വരുമോ?
പ്രതിഭാരാജന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.03.2021) കയ്പ്പു നിറഞ്ഞ ജീവിതത്തിനെതിരെ തുഴഞ്ഞ് ഒഴുക്കിനെതിരെ നീന്തിയെത്തിയ പോരാളിയാണ് ഇന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. അഗ്നിജ്വാലയില്‍ നിന്നും കിളിര്‍ത്തു വന്ന നേതാവ്. പെരുമ്പളക്കുന്നിലെ ചെങ്കുത്തായ ചെരുവില്‍, ഓടവഴിവക്കില്‍ ഓടിളകുന്ന വീട്ടില്‍ കഴിയുമ്പോഴും മന്ത്രിമന്ദിരമെന്ന സ്വപ്‌നമുണ്ടായിരുന്നില്ല.
ഒടുവില്‍ വീടു തീര്‍ത്തു കൊടുത്തത് സിപിഐയുടെ സംസ്ഥാന നേതൃത്വമാണ്. യാതനയുടേയും പ്രതിസന്ധികളുടേയും രാഷ്ട്രീയത്തില്‍ നിന്നും നാമ്പു പൊട്ടിയ ഈ കമ്യൂണിസ്റ്റുകാരന് നിയമസഭയിലേക്കെത്താന്‍, റവന്യൂ മന്ത്രിയാവാന്‍ ഒരിക്കല്‍ കൂടി അവസരം കൈവന്നിരിക്കുന്നു. ജനവിധിക്കായി മന്ത്രി വീണ്ടും ഗോദയിലേക്ക്.
കന്നി അങ്കം 2011ലായിരുന്നു. കോണ്‍ഗ്രസിലെ എം സി ജോസിന്റെ രാഷ്ട്രീയ ഭാവി തന്നെ കുഴപ്പത്തിലായ മത്സരം. ബിജെപിക്കും അതിലേറെ സ്വാധീനമുള്ള മടിക്കൈ കമ്മാരനും അന്ന് പിടിച്ചു നില്‍ക്കാനായില്ല.
വീണ്ടും മത്സരിച്ചത് 2016 ല്‍. കോണ്‍ഗ്രസിലെ ധന്യ സുരേഷായിരുന്നു മുഖ്യ എതിരാളി. ബിജെഡി സിലെ എം പി രാഘവന്‍ ബിജെപിക്കു സമ്മാനിച്ചതും നാണം കെടുത്തുന്നന്ന തോല്‍വി. 2016ലെ ജയം ചന്ദ്രശേഖരനെ മന്ത്രിപദത്തിലെത്തിച്ചു. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ അടൂര്‍ പ്രകാശിന്റെ പിന്‍ഗാമി ആയെന്നു മാത്രമല്ല, യുഡിഎഫ് പടച്ചു വിട്ട 42ല്‍പ്പരം ഉത്തരവുകള്‍ ചവറ്റുക്കുട്ടയിലിടാനുള്ള ആര്‍ജ്ജവം കാണിച്ചു. പെരുമ്പളയെന്ന കൊച്ചു ഗ്രാമത്തിനു മാത്രമല്ല, ജില്ലയിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ രാത്രി പകലാക്കിയ ദിനമായിരുന്നു 2016 മെയ്യ് 25. അന്നായിരുന്നു സത്യപ്രതിജ്ഞ.
അധികാരത്തിലേറിയ ഉടന്‍ നാട്ടിലെത്തി. സര്‍കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കോടോം-ബേളൂര്‍ പഞ്ചായത്തിലെ അട്ടേങ്കാനമെന്ന കൊച്ചു ഗ്രാമത്തില്‍ മാവേലി സൂപർ മാര്‍കെറ്റ് ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം.
പട്ടണ പ്രദേശങ്ങളില്‍ ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍, പതിനാറോളം ഇനങ്ങള്‍ക്കുള്ള സബ്സിഡി നിരക്കിലുള്ള സാധനത്തിന്റെ ഗുണം കോടോത്തെ കുഗ്രാമങ്ങലിലേക്ക് വരെ എത്തിത്തുടങ്ങി. ഉദ്ഘാടന പ്രസംഗത്തില്‍ റവന്യൂ മന്ത്രി പറഞ്ഞു. 'പാവപ്പെട്ടവരുടെ ഭൂമിയിടപാടുകള്‍ വെച്ചുതാമസിപ്പിക്കരുത്. സ്വന്തം കര്‍ത്തവ്യം ഉദ്യോഗസ്ഥര്‍ തിരിച്ചറിയണം. ഇതു തൊഴിലാളി വര്‍ഗത്തിന്റെ കൂടി സര്‍കാരാണ്.
ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടാത്തതിനാല്‍ ഏത്രയോ പേര്‍ നരകം അനുഭവിക്കുന്നു. സര്‍കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ന്യായീകരിക്കാന്‍ കഴിയാത്ത തൊടുന്യായങ്ങള്‍ കൂടി വരുന്നു. അര്‍ഹരായ മുഴുവന്‍പേര്‍ക്കും ഭൂമിയുടെ ഉടമസ്ഥാവകാശരേഖ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍കാരെന്നും മന്ത്രി പറഞ്ഞു.
മറുപക്ഷത്തല്‍ നിന്നു മാത്രമല്ല, സ്വന്തം പക്ഷത്തില്‍ നിന്നു വരെ എതിര്‍പുകള്‍ ഉണ്ടായിട്ടുണ്ട്. അവയൊക്കെ തരണം ചെയ്യാന്‍ സാധിച്ചു. മന്ത്രിയെ സ്വന്തം മുന്നണിയില്‍ നിന്നുവരെ ബഹിഷ്‌ക്കരണ സമരമുണ്ടായി. മന്ത്രിയെ ബോധപൂര്‍വം പല പരിപാടിയിലും ക്ഷണിക്കാതിരുന്നിട്ടുണ്ട്. മന്ത്രി തയ്യാറാക്കിയ പരിപാടിയില്‍ മറ്റുള്ളവര്‍ വിട്ടു നിന്നിട്ടുണ്ട്.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ കടുത്ത നിലപാടു സ്വീകരിച്ചപ്പോള്‍ ആര് ഒറ്റപ്പെടുത്തിയാലും നാടിനു വേണ്ടി കഴിയുന്നത് ചെയ്യുമെന്ന ഉറച്ച നിലപാടിലായിരുന്നു മന്ത്രി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താഴേക്കിടയിലുള്ള പ്രവര്‍ത്തകനായിരിക്കുമ്പോള്‍ ചട്ടഞ്ചാല്‍ ലോബിക്കെതിരെ സുപ്രീം കോടതിയില്‍ ചെന്ന് സര്‍കാര്‍ ഭൂമി തിരിച്ചു പിടിച്ച പോരാട്ട വീര്യം മന്ത്രിയായപ്പോഴും ഒട്ടും ചോര്‍ന്നു പോയിരുന്നില്ല.
ജില്ലയിലെ ആദ്യത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനമായിരുന്നു ഇ ചന്ദ്രശേഖരന്റേത്. മണ്ഡലത്തിലെ ജനകീയ പ്രവര്‍ത്തകര്‍ ഏറെ സന്തോഷത്തോടെയായിരുന്നു അതിനെ വരവേറ്റത്.
ഇടതിന്റെ കോട്ടയാണ് കാഞ്ഞങ്ങാട് മണ്ഡലം. സിപിഐക്ക് പതിച്ചു കിട്ടിയ സീറ്റ്.
പ്രവര്‍ത്തകരുടെ കൂടെയും, എന്നാല്‍ അവര്‍ക്ക് ഒരു ചുവട് മുന്നിലും മന്ത്രി നടന്നു. നാട്ടില്‍ വികസനങ്ങളുടെ തേരോട്ടമുണ്ടായി. അതില്‍ ഭൂരിഭാഗവും കിഫ്ബി വഴിയായിരുന്നു. ചിലവഴിച്ചതും, പണിതുടരുന്നതും, ടെന്റിനരികിലെത്തി നില്‍ക്കുന്നതുമായ 973 കോടി രൂപയുടെ പദ്ധതികള്‍. മിക്കതും, ഗതാഗതത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടി.
എം എല്‍ എ ഫണ്ടും മറ്റുമെല്ലാം ചേര്‍ത്ത് 2,593 കോടി രൂപയുടെ പദ്ധതികളുണ്ട് നടപ്പിലാക്കാനെന്ന് മന്ത്രി പറയുന്നു. തുടര്‍ഭരണം ആരുടെ കൈകളിലായാലും തുടങ്ങി വെച്ചവ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ വികസന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനമായിരുന്നു നടന്നതെന്ന് ഇടതുപക്ഷപ്രവര്‍ത്തകര്‍ വിശദീരിക്കുന്നു. ഗവണ്മെന്റ് തലത്തില്‍ ആരംഭിച്ച മടികൈയിലെ ഐടിഐ സ്ഥാപനം മികവിന്റെ നിറവിലായി.
കക്കാട് ബങ്കളത്തെ സ്‌കൂളിന് ആസ്തി വികസന ഫണ്ടില്‍ നിന്നും 5 കോടി ലഭിച്ചു. ഇതു തികയാതെ വന്നപ്പോള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി വേറെയും. കിനാനൂര്‍ കരിന്തളത്തില്‍ സ്ഥാപിക്കപ്പെട്ട സര്‍കാര്‍ കോളേജുകളുടെ വികസനത്തിന് ശ്രദ്ധ ചെലുത്തി.
കോളിച്ചാല്‍-ചെറുപുഴ റോഡ് നന്നാക്കാന്‍ 85 കോടി. ഹൊസ്ദൂര്‍ഗ്-പാണത്തൂര്‍ പാതക്ക് 59 കോടി. 100 ഏകെർ ഭൂമിയില്‍ വ്യവസായ പാര്‍കിനുള്ള പദ്ധതി.
ചെമ്മട്ടം വയലിലെ ജില്ലാ ആശുപത്രിയുടെ വികസനത്തിന് ചിലവഴിച്ച പണത്തിനും, പദ്ധതിക്കും കൈയ്യും കണക്കുമില്ല. പുതിയ കെട്ടിടങ്ങള്‍, ലാബുകള്‍, ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള നിരവധി സംരംഭങ്ങള്‍.
പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന പൂടങ്കല്ലിലെ ആശുപത്രി താലൂക് ആശുപത്രിയായി ഉയര്‍ത്തപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ജില്ലയില്‍ പുതുതായി രൂപപ്പെട്ട താലൂക് ആസ്ഥാനത്തിനു സ്വന്തം കാലില്‍ നില്‍ക്കാനായി.
നബാഡിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തി വന്നിരുന്ന വിവിധ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ മന്ത്രിക്കായി. ടൂറിസം മേഖലയില്‍ ഒട്ടേറെ വികസനവുമായി റാണിപുരം പൊന്‍മുടി ചൂടി നില്‍ക്കുന്നു. കേബിള്‍ കാര്‍ അടക്കം പദ്ധതിയിലുണ്ടെങ്കിലും പൂര്‍ത്തികരിക്കാന്‍ ഇനിയും ഒരു ടേമിന്റെ സാവകാശം വേണ്ടി വരുമെന്ന് സാക്ഷ്യപ്പെടുത്തുന്നു മന്ത്രി.
ഇങ്ങനെ വന്നാല്‍ കോട്ടഞ്ചേരി മുതലുള്ള മലയോര ഗ്രാമങ്ങളില്‍ വന്‍ മുന്നേറ്റമായിരിക്കും കടന്നു വരിക. 80 കോടി രൂപയുടെ പദ്ധതിയാണ് റാണിപുരത്തെ വരവേല്‍ക്കുന്നത്. കാഞ്ഞങ്ങാട് കടപ്പുറത്തെ കൈറ്റ് (പട്ടംപറത്തല്‍) അടക്കം ഇനി വരാനിരിക്കുന്നത് വിനോദരംഗത്തെ വികസനങ്ങളാണ്. മഞ്ഞമ്പൊതി കുന്നിനു വേണ്ടിയും 5 കോടി നീക്കി വെച്ചതായി മന്ത്രി അവകാശപ്പെടുന്നു.
കിനാനുര്‍ പഞ്ചായത്തില്‍ ജലനിധി വഴി കുടിവെള്ളം എത്തിത്തുടങ്ങിയെങ്കിലും, മണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ ഇനിയും കുടിവെള്ള ദൗര്‍ബല്യമുണ്ട്. ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ ഭാഗമായി ആറു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മന്ത്രി മുന്നിട്ടിറങ്ങി.
ചെമ്മട്ടം വയല്‍ വഴി കാലിച്ചാനടുക്കത്തേക്കുള്ള പാതക്ക് 25.85 കോടി രൂപയാണ് നീക്കിയിരിപ്പ്. നിലേശ്വരം-ഇടത്തോട് റോഡിനുമുണ്ട് 52.10 കോടി രൂപ. ഒടയഞ്ചാല്‍ വഴി ഇടത്തോട് ചെന്നെത്തുന്ന റോഡിന്റെ വികസനവും പൂര്‍ണതയിലേക്കെത്തി നില്‍ക്കുന്നു. പുതിയ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടില്‍ നിന്നും ഭീമനടിയിലേക്കുള്ള പാതയ്ക്ക് വേണ്ടിയും 21 കോടി ചിലവിട്ടു. ഇങ്ങനെ എഴുതിയാല്‍ തീരാത്ത വികസനപ്രവര്‍ത്തനങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെത്തിയത്.
കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ജില്ലക്കു പുറത്തും തികഞ്ഞ കമ്യൂണിസ്റ്റായി, തൊഴിലാളികളുടേയും പാവപ്പെട്ടവന്റെയും ആശയും ആശ്രയവുമായി മാറാന്‍ മന്ത്രിക്കു സാധിച്ചു. കൈവശമുള്ള ഭൂമി എവിടെയൊക്കെയായാലും ഒറ്റ തണ്ടപ്പേരില്‍ അറിയപ്പെടാനുള്ള ഭരണമാറ്റം ഭൂമിയില്ലാതെ കഷ്ടപ്പെടുന്നര്‍ക്കു വേണ്ടിയും, ഭൂമി വാങ്ങിക്കൂട്ടി കൃത്രിമ ക്ഷാമമുണ്ടാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുമായിരുന്നു.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍കാര്‍ പടച്ചു വിട്ട 47 വിവാദ ഉത്തരവുകളാണ് സത്യപ്രതിഞ്ജയ്ക്ക് ശേഷം മന്ത്രി ചവറ്റു കൊട്ടയിലെറിഞ്ഞത്. പല അനധികൃത പട്ടയങ്ങളും റദ്ദ് ചെയ്തു. ഏറ്റവും കൂടുതല്‍ പട്ടയ വിതരണം ചെയ്യാന്‍ സാധിച്ചതും പിണറായി സര്‍കാറിനു തന്നെ.
മണ്ഡലത്തില്‍ നടന്നു വരുന്ന മേലെ സൂചിപ്പിച്ച വികസന മികവുകള്‍ക്കിടയിലൂടെയാണ് ജില്ലയെ ആകമാനം പ്രകാശമാക്കും വിധമുള്ള കേരള നിര്‍മിതിയുടെ കാസര്‍കോടന്‍ പതിപ്പിനു തുടക്കമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനായി പ്രഖ്യാപിച്ചത് 1050 കോടിയാണ്. നന്ദാരപ്പടവില്‍ നിന്നും തുടങ്ങി പാറശാലവരെ എത്തി നില്‍ക്കുന്ന മലയോര വികസന പാതയില്‍ ജില്ലയ്ക്ക് മാത്രം 115 കി.മീറ്റര്‍ നീളമുണ്ടെന്ന് നാം ഓര്‍ക്കണം.
കിഴക്കന്‍ മേഖലകളിലെ വൈദ്യൂതി ക്ഷാമവും, കോലത്തു നാട് ഹൈവോള്‍ട് പദ്ധതിയും കേരള നിര്‍മിതിയുടെ തിലകക്കുറികളാണ്. സെമീ ഹൈസ്സ്പീഡ് റെയില്‍വേ സില്‍വര്‍ ലൈനിന്റെ ആകാശ സര്‍വേ പൂര്‍ത്തിയാക്കി പദ്ധതിയിലേക്ക് നീങ്ങുകയാണ്. ഇടതിനു തുടര്‍ഭരണമുണ്ടായാല്‍ ഇനിവരുന്ന ടേമില്‍ കുറേക്കുടി പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞേക്കുമെന്ന് മന്ത്രിക്ക് ഉറപ്പുണ്ട്. സാധാരണ ഗതിയില്‍ 12 മണിക്കൂറെടുത്ത് സഞ്ചരിക്കേണ്ടുന്ന ദൂരം ഇതോടെ 4 മണിക്കൂര്‍ കൊണ്ട് ഓടിയെത്താനാകും.
തികച്ചും ജനകീയനായിരുന്നു മന്ത്രി. കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലപാതകം നടന്ന കൃപേഷിന്റെയും, ശരത്‌ലാലിന്റേയും വീടു സന്ദര്‍ശിക്കാന്‍ മന്ത്രി ആരുടെ വിലക്കും കൂട്ടാക്കിയില്ല. കൊല ചെയ്യപ്പെട്ട കണ്ണൂര്‍ പേരാവുരിലെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ വീടു സന്ദര്‍ശിക്കാനും മന്ത്രി മടിച്ചില്ല.
സ്വന്തം മണ്ഡലത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ 3 വയസുകാരി സനാഫാത്തിമയുടെ നിശ്ചലമായി കിടക്കുന്ന ജഡം കാണാനും തിരിക്കിനിടയിലും മന്ത്രി ഓടിയെത്തിയിരുന്നു. ഓണാഘോഷത്തിനൊരുങ്ങുന്നതിനിടയിലാണ് 2018ലെ പ്രളയം. ആഘോഷം വരെ മാറ്റിവെച്ച് മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരേയും കൂട്ടി അഭയാര്‍ഥികളുടെ അരികിലെത്താന്‍ മന്ത്രി കാണിച്ച മിടുക്ക് വോടെര്‍മാരുടെ മുന്നിലുണ്ട്.
Keywords: Kasaragod, Kerala, Kanhangad, News, E.Chandrashekhar, Minister, Politics, CPI, Revenue Minister, Congress, BJP, Oommen Chandy, Court, MLA, Pinarayi-Vijayan, Will Minister E Chandrasekharan has to face challenges in Kanhangad?
< !- START disable copy paste -->