Leadership Transition | എം രാജഗോപാൽ സിപിഎം കാസർകോട് ജില്ലാ സെക്രടറിയാകും? ജില്ലാ കമിറ്റിയിലേക്ക് പുതുമുഖങ്ങൾ കൂട്ടത്തോടെ എത്തും

● എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രായപരിധി കാരണം സ്ഥാനമൊഴിയും.
● ജില്ലാ കമിറ്റിയിൽ പത്തോളം പേർ പുറത്താകും.
● നിരവധി പുതുമുഖങ്ങൾ കമിറ്റിയിലേക്ക് വരും.
കാസർകോട്: (KasargodVartha) സിപിഎം ജില്ലാ സമ്മേളനം ബുധനാഴ്ച കാഞ്ഞങ്ങാട്ട് തുടങ്ങാനിരിക്കെ ജില്ലാ സെക്രടറി ആരാകും എന്ന കാര്യത്തിൽ പ്രവർത്തകരിൽ ആകാംക്ഷ ഉയരുന്നു. പുതുമുഖമായിരിക്കും പാർടിയെ ജില്ലയിൽ നയിക്കാനെത്തുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലിനാണ് സെക്രടറിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
ഇപ്പോഴത്തെ ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ പ്രായപരിധിയുടെ തടസ്സം കാരണം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ബാലകൃഷ്ണൻ മാസ്റ്ററെ കൺസ്യൂമർ ഫെഡ് ചെയർമാനാക്കാനും സാധ്യതയുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രടറിയായി തെരെഞ്ഞടുക്കപ്പെട്ട എം മെഹ്ബൂബ് ആണ് ഇപ്പോൾ കൺസ്യൂമർ ഫെഡ് ചെയർമാൻ. അദ്ദേഹം ആ പദവി ഒഴിയുന്ന മുറയ്ക്ക് ബാലകൃഷ്ണൻ മാസ്റ്റർ ചെയർമാനാകുമെന്നാണ് സൂചന.
അതേസമയം ജില്ലാ സെക്രടറിയാകാൻ മറ്റൊരു സാധ്യതയുള്ള മലയോരമേഖയിൽ നിന്നുള്ള ജില്ലാ സെക്രടറിയേറ്റ് അംഗം സാബു അബ്രഹാമിനെ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ഉദുമ എംഎൽഎ അഡ്വ. സിഎച് കുഞ്ഞമ്പു ജില്ലാ സെക്രടറിയാകാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കാനിടയില്ല. ജില്ലാ സെക്രടീറിയേറ്റ് അംഗം പി ജനാർധനൻ്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.
പാർടി മാനദണ്ഡം പാലിച്ചാൽ ഇപ്പോഴത്തെ 36 അംഗ ജില്ലാ കമിറ്റിയിൽ നിന്നും 10 ഓളം പേർ പുറത്താകും.
ബ്രാഞ്ച് തലം മുതൽ ഏരിയ കമിറ്റി വരെയുള്ള സമ്മേളനങ്ങളിൽ നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചാലാണ് പത്തുപേർക്ക് പുറത്തു പോകേണ്ടി വരിക. അഡ്വ. പി അപ്പുക്കുട്ടൻ, പി ആർ ചാക്കോ, എം വി കൃഷ്ണൻ, എം ലക്ഷ്മി, രഘുദേവൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ ഉദുമ തുടങ്ങിയവർ കമിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കും. മരണപ്പെട്ട കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ പി വത്സലൻ, അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയ ടി കെ രവി എന്നിവരുടെ ഒഴിവുകളും ജില്ലാ കമിറ്റിയിലുണ്ട്.
ഡിവൈഎഫ്ഐ നേതാക്കളായ രജീഷ് വെള്ളാട്ട്, ഷാലു മാത്യു, നീലേശ്വരത്തെ പി പി മുഹമ്മദ് റാഫി, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി സി സുബൈദ, കുമ്പള ഏരിയാ സെക്രടറി സി കെ സുബൈർ, കാറഡുക്ക ഏരിയാ സെക്രടറി മാധവൻ, ഉദുമ ഏരിയാ സെക്രടറി മധു മുതിയക്കാൽ, സിഐടിയു ജില്ലാ പ്രസിഡന്റ് മണിമോഹൻ തുടങ്ങിയവർ പുതുതായി ജില്ലാ കമിറ്റിയിലെത്താൻ സാധ്യതയുള്ളവരാണ്. ഇ പത്മാവതിയാണ് ജില്ലാ സെക്രടറിയേറ്റിൽ വരുന്ന ഒഴിവിൽ എത്താൻ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഒരാൾ.
നിലവിലെ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഇവരാണ്: എം വി ബാലകൃഷ്ണൻ, പി. ജനാർദനൻ, എം. രാജഗോപാലൻ, കെ.വി കുഞ്ഞിരാമൻ, വി.പി.പി മുസ്തഫ, വി.കെ രാജൻ, സാബു അബ്രഹാം, കെ.ആർ ജയാനന്ദ, പി. രഘു ദേവൻ, ടി.കെ. രാജൻ, സിജി മാത്യ, കെ. മണികണ്ഠൻ, കെ. കുഞ്ഞിരാമൻ (ഉദുമ), പി. പത്മാവതി, എം.വി കൃഷ്ണൻ, പി. അപ്പുക്കുട്ടൻ, വി.വി. രമേശൻ, പി.ആർ. ചാക്കോ, സി. പ്രഭാകരൻ, എം. ലക്ഷ്മി, ഇ. കുഞ്ഞിരാമൻ, സി. ബാലൻ, എം. സുമതി, പി. ബേബി, സി. ജെ. സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ.എ മുഹമ്മദ് ഹനീഫ, കെ. സുധാകരൻ, എം. രാജൻ, കെ. രാജ്മോഹൻ, ടി.എം.എ കരിം, കെ.വി ജനാർദ്ദനൻ, സുബ്ബണ്ണ ആൾവ, പി.കെ നിശാന്ത് എന്നിവരാണ്
ജില്ലാ സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയായിരിക്കും നടക്കുക. ഭരണത്തിലെ പാളിച്ചകൾ മുതൽ നേതാക്കളുടെ ധാർഷ്ഠ്യം വരെ ചർച്ചകൾക്ക് ചൂട് പകരും. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ നിന്ന് ആരും പാർടി വിട്ടുപോയിട്ടില്ലെന്ന് സിപിഎം ജില്ലാസെക്രടറി അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട് പോയിട്ടുണ്ടെന്ന് റിവ്യൂ കമിറ്റി തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ സെക്രടറി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയ കാര്യമാണ്.
സമ്മേളനത്തിൽ വോട് ചോർച്ച ചർച്ച പ്രതിനിധികൾ ചെയ്യും. പെരിയ കേസ് വിധി പാർടിക്ക് തിരിച്ചടിയായിരുന്നുവെങ്കിലും ഫലപ്രദമായി പാർടിക്കെതിരെയുള്ള വിമർശനങ്ങളെ തടയാൻ കഴിഞ്ഞിട്ടുണ്ടെന്ന് സംഘടനാ രേഖയിൽ വ്യക്തമാക്കും.
A leadership change in CPM Kasargod, with M. Rajagopal as a front-runner for the district secretary position, is being discussed amidst expectations of new faces joining the district committee.
#KasargodNews, #CPMKasargod, #DistrictSecretary, #LeadershipChanges, #Rajagopal, #NewFaces