Demand | കാസര്‍കോടിന്റെ വികസനത്തിന് സമഗ്ര പദ്ധതി ആവശ്യമെന്ന് വെല്‍ഫെയര്‍ പാര്‍ടി
● കോവിഡ് കാലത്ത് നിരവധി പേര്‍ ചികിത്സയില്ലാതെ മരിച്ച ജില്ല.
● പ്രഖ്യാപിച്ച മെഡികല്‍ കോളജ് ആശുപത്രി പൂര്‍ത്തിയാക്കിയില്ല.
● അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം ജനജീവിതത്തെ ബാധിക്കുന്നു.
തൃക്കരിപ്പൂര്‍: (KasargodVartha) കാസര്‍കോട് ജില്ലയുടെ സമഗ്രമായ വികസനത്തിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ടി സംസ്ഥാന ജനറല്‍ സെക്രടറി ജബീന ഇര്‍ശാദ് ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കോവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തി അടച്ചപ്പോള്‍ നിരവധി പേര്‍ ചികിത്സയില്ലാതെ മരിച്ച ജില്ലയാണ് കാസര്‍കോട്. ഇവിടെ പ്രഖ്യാപിച്ച മെഡികല്‍ കോളജ് ആശുപത്രി പൂര്‍ത്തിയാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം ജില്ലയിലെ ജനജീവിതത്തെ ബാധിക്കുന്നു. ജില്ലയ്ക്കായി പ്രഖ്യാപിച്ച പാകേജുകളും ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ലെന്ന് ജബീന ഇര്‍ശാദ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ഇപ്പോഴും തുടരുന്നത് ദയനീയമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ ശക്തികള്‍ ജില്ലയെ വംശീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള പരീക്ഷണശാലയായി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. സാമൂഹിക സഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി സംഘപരിവാര്‍ ശ്രമങ്ങളെ പാര്‍ടി ചെറുക്കുമെന്നും അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രടറി ടി കെ അശ്‌റഫ് റിപോര്‍ട് അവതരിപ്പിച്ചു. സംസ്ഥാന കമിറ്റി അംഗം അസ് ലം ചെറുവാടി ചര്‍ച്ച നിയന്ത്രിച്ചു. കെ വി പി കുഞ്ഞഹമ്മദ്, പി കെ രവി, റാശിദ് മുഹ് യുദ്ദീന്‍, കെ സി ജാബിര്‍, ടി എം എ ബശീര്‍ അഹമദ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രടറി ശംസീര്‍ ഇബ്രാഹിം തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജില്ലാ സെക്രടറി സി എച് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
#KasaragodDevelopment #WelfareParty #KeralaPolitics #Endosulfan #SanghParivar