Wayanad | വീണ്ടും തിരഞ്ഞെടുപ്പ് ആവേശവുമായി വയനാട്; രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ്
ഇടത് സ്ഥാനാര്‍ഥിയും ഉണ്ടാകുമെന്നുറപ്പ്.
ആനിരാജ തന്നെ വരുമോ?
തൃശ്ശൂരിലെ തോല്‍വിയുടെ ക്ഷീണം വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിലൂടെ അകറ്റുമെന്ന് പാര്‍ടി പ്രവര്‍ത്തകര്‍.
കല്‍പ്പറ്റ: (KasargodVartha) പ്രിയങ്ക ഗാന്ധി വാദ്ര കന്നി മത്സരത്തിനായി കേരളത്തിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ടി. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോള്‍ വിഐപി മണ്ഡലമെന്ന മേല്‍വിലാസത്തില്‍ തന്നെയാണ് വീണ്ടും വയനാട്. ഇപ്രാവശ്യം ഭൂരിപക്ഷം എത്ര ഉയരുമെന്ന് തന്നെയാണ് പ്രധാന ചര്‍ച്ച.
വയനാട്ടിലെ വോടര്‍മാരും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിച്ചിരുന്നു. രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉള്‍പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് സ്ഥാനാര്‍ഥിയുടെ സാന്നിധ്യം കുറവായിരുന്നു. എന്നാല്‍, ഇത്തവണ ആ പ്രശ്‌നമുണ്ടാകില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥിയായി ആനിരാജ തന്നെ വരുമോയെന്ന് കാത്തിരുന്ന് കാണണം. മണ്ഡലത്തില്‍ ബിജെപി വോട് വിഹിതം കൂട്ടിയ തിരഞ്ഞെടുപ്പായിരുന്നതിനാല്‍ അതാവര്‍ത്തിക്കാന്‍ ആരെ നിയോഗിക്കുമെന്നതും ഇനി അറിയാനുണ്ട്. ബിജെപിക്കായി വനിതാ സ്ഥാനാര്‍ഥി രംഗത്തിറങ്ങുമോയെന്ന ചര്‍ച്ചയും കാര്യമായി പുരോഗമിക്കുന്നു.
വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 ല്‍ അധികം വോടിന്റെ റെകോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോടുകളുടെ ഭൂരിപക്ഷവും നേടാനായി. രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്‌ക്കെത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്‍കൂട്ടം തന്നെയാണ് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 3,64,422 വോടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. രാഹുല്‍ വയനാട് ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ പ്രതികരിക്കുകയുമുണ്ടായി. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്.
ഉത്തരത്തില്‍ രാഹുലും ദക്ഷിണത്തില്‍ പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ഇന്‍ഡ്യാമുന്നണിയെ സംബന്ധിച്ചയിടത്തോളം ആവേശം കൊള്ളിക്കുന്നതാണ്. തൃശ്ശൂരിലെ തോല്‍വിയുടെ ക്ഷീണം വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിലൂടെ അകറ്റുമെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ പ്രതീക്ഷ. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പ്രവചനം. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.