Allegation | തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തിയത് സിപിഎമ്മിൻ്റെ ഓഫീസിൽ നിന്നും നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് യുഡിഎഫ് നേതാക്കൾ

● തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജന പ്രക്രിയയിൽ ജില്ലയിൽ വ്യാപകമായി ജനാധിപത്യ കശാപ്പാണ് നടത്തുന്നത്.
● വാർഡ് പുനർനിർണയുമായി ബന്ധപ്പെട്ട കൃത്യമായ മാർഗരേഖ ഡിലിമിറ്റേഷൻ കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
● സിപിഎം പാർട്ടി ഓഫീസിൽ നിന്നും തയ്യാറാക്കിയ റിപ്പോർട്ട് സെക്രട്ടറിമാരിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ് ചെയ്തത്.
കാസർകോട്: (KasargodVartha) തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തിയത് സിപിഎമ്മിൻ്റെ ഓഫീസിൽ നിന്നും നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലെന്ന് യുഡിഎഫ് നേതാക്കൾ കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജന പ്രക്രിയയിൽ ജില്ലയിൽ വ്യാപകമായി ജനാധിപത്യ കശാപ്പാണ് നടത്തുന്നത്. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ വ്യാപകമായ ക്രമക്കേടുകൾ ആണുള്ളതെന്നും നേതാക്കൾ പറഞ്ഞു.
വാർഡ് പുനർനിർണയുമായി ബന്ധപ്പെട്ട കൃത്യമായ മാർഗരേഖ ഡിലിമിറ്റേഷൻ കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള കരട് വിഭജന റിപ്പോർട്ടാണ് മിക്കയിടത്തും തയ്യാറാക്കപ്പെട്ടത്. സിപിഎം പാർട്ടി ഓഫീസിൽ നിന്നും തയ്യാറാക്കിയ റിപ്പോർട്ട് സെക്രട്ടറിമാരിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ് ചെയ്തത്. ഇതുകൊണ്ടു തന്നെ കരട് വിജ്ഞാനപ്രകാരമുള്ള അതിരുകളുടെ വ്യക്തത അന്വേഷിക്കുന്നവർക്ക് മുമ്പിൽ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും കൈമലർത്തുകയാണ്.
രാഷ്ട്രീയ താൽപര്യത്തോടെ അതിരുകൾ വിചിത്രമായ രീതിയിൽ വളച്ചൊടിച്ചും അതിർത്തിക്കപ്പുറമുള്ള കെട്ടിടങ്ങളെ കൂട്ടിച്ചേർത്തും, രണ്ടായി കിടക്കുന്ന ദേശീയപാതയുടെ ഇരുവശങ്ങളുമുള്ള വീടുകൾ കൂട്ടിച്ചേർത്ത് ഒറ്റ വാർഡാക്കിയും ജനങ്ങൾക്ക് ഒരുമിച്ചു കൂടുന്നതിന് പോലും പ്രയാസമുണ്ടാക്കുന്ന രീതിയിൽ ദൈർഘ്യമേറിയ നിലയിലുമാണ് വാർഡുകളുടെ പുനർനിർണയം നടത്തിയത്. പുത്തിഗെ, വോർക്കാടി, പടന്ന, ഉദുമ, വെസ്റ്റ് എളേരി, കോടോം ബേളൂർ, അജാനൂർ, ദേലമ്പാടി, ബേഡഡുക്ക തുടങ്ങിയ പഞ്ചായത്തുകളിൽ വൻ അട്ടിമറിയാണ് നടത്തിയിരിക്കുന്നത്.
ഡിജിറ്റൽ മാപ്പിൽ പോലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്. അനുബന്ധം രണ്ടിൽ പറയുന്ന അതിരുകൾ അല്ല മാപ്പിൽ കാണുന്നത്. പല സ്ഥലത്തും തദ്ദേശസ്ഥാപനത്തിലെ ആകെ വീടുകളുടെ എണ്ണത്തിനും വാർഡുകളിൽ ഉൾപ്പെടുത്തിയ വീടുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. കരട് വിജ്ഞാപനത്തിനെതിരെ പരാതി നൽകുന്നതിന് ഡിസംബർ നാല് വരെ അവസരം ഉണ്ടെങ്കിലും ഈ നടപടിയും അട്ടിമറിക്കുന്നതിന് സർക്കാർ ഇടപെടുന്ന സ്ഥിതിയാണുള്ളത്. പരാതികൾ അന്വേഷിക്കാനായി പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സിപിഎമ്മിന്റെ അറിയപ്പെടുന്ന ആളുകളും എൻജിഒ യൂണിയൻ നേതാക്കളുമാണ്.
അതുകൊണ്ട് ആ ലിസ്റ്റ് പൂർണമായും റദ്ദ് ചെയ്യണമെന്നാവശ്യപ്പെടുകയാണ്. ഡീ ലിമിറ്റേഷൻ പ്രക്രിയയുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്, പരാതികളിൽ കൃത്യമായ അന്വേഷണവും തിരുത്തലും വരുത്തിയില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ തീരാകളങ്കം ഉണ്ടാക്കുന്ന നടപടിയായി ഇതു മാറും. അതിനാൽ ജില്ലാ കലക്ടർ ഇക്കാര്യത്തിൽ ഇടപെടണമെന്നും കുറ്റമറ്റതായ രീതിയിൽ വാർഡ് വിഭജനം നടത്തി നീതിപൂർവമായ തിരഞ്ഞെടുപ്പിന് കളമൊരുക്കണമെന്നും കലക്ടറെ കണ്ട് നൽകിയ നിവേദനത്തിൽ അഭ്യർഥിച്ചിട്ടുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായ കല്ലട്ര മാഹിൻ ഹാജി, കൺവീനർ എ ഗോവിന്ദൻ നായർ, സെക്രട്ടറി അഡ്വ. എ ഗോവിന്ദൻ നായർ എന്നിവർ സംബന്ധിച്ചു.
#Kasargod #WardDivision #CPM #UDF #LocalBodyElections #KeralaPolitics